“പറയാം….എല്ലാരും എത്തിയ സ്ഥിതിക്ക് ഇനി വച്ച് നീട്ടുന്നില്ല…..എല്ലാവരുടെയും സാനിദ്ധ്യത്തിൽ നടക്കേണ്ട ഒരു ചടങ്ങാണേ…..”
“എന്താ മുത്തശ്ശീ…..” മുത്തശ്ശീടെ വയ്യായ്കയും സംസാരിക്കാനുള്ള ബുദ്ധിമുട്ടും കണ്ടിട്ടാവണം ദുർഗ്ഗ അവരുടെ കൈകൾ മെല്ലെ തടവി ചോദിച്ചു….
“മംഗലത്തിന് മുന്നേ തന്നെ കാവ് വൃത്തിയാക്കി വിളക്ക് തെളിയിക്കണം …..”
ഒഹ് ഇതാണോ വല്യ കാര്യം ….എന്തോ വല്യ ആന കാര്യം കേൾക്കാൻ പോകുന്ന പോലെ ശ്രദ്ധിച്ചിരുന്ന ഞാൻ അത് കേട്ട് കസേരയിൽ പുറകോട്ട് ചാരി… ഞാൻ കരുതി വല്ല സ്വത്ത് ഭാഗം വയ്ക്കലും ആവുമെന്ന് .അപ്പഴാ അവരുടെ ഒരു കാവ്…… വേദവാക്യം കേൾക്കും പോലെ എന്റെ കയ്യിൽ തൂങ്ങി അവരുടെ വായിൽ കണ്ണും നട്ടിരിക്കുന്ന ഗീതൂനെ കണ്ടാണ് എനിക്ക് ചൊറിഞ്ഞ് കേറിയത്…..
“പി … ന്നെ… കാ….. കാലപാണ്ഡ്യന്റെ …… തേക്കേടത്തെ മുറി ഒഴിപ്പിക്കണം … പൂജ…..”
അത് കേട്ടതും അമ്മ അമ്മാവൻമാർ ഒരു വിളിയായിരുന്നു. ഞെട്ടിയ പോലെ . ഇതൊക്കെ കണ്ട് നമ്മൾ ചെറുപ്പക്കാര്യമൊന്ന് ഞെട്ടി.
“അച്ഛമ്മ ഇതിനാണോ ഇത്രേം ദൂരം ഞങ്ങളെ വിളിച്ച് വരുത്തിയത്. ഇത്രേം നേരം കൂസാതിരുന്ന ലക്ഷമി അമ്മായി പൊട്ടിത്തെറിച്ചത് കണ്ട് ഞാൻ അതിശയിച്ചു. ”
“അമ്മമ്മ ഇതെന്തിനുള്ള പുറപ്പാടാണ്. അത് ചോദിച്ചത് എന്റെ സ്വന്തം അമ്മ തന്നെയാണ്. ”
“അച്ഛമ്മയ്ക്ക് മതിയായില്ലെ …. പഴയതൊക്കെ മറന്നോ….?” ശാരദമ്മായി…
“ഞാൻ പറഞ്ഞ് കഴിഞ്ഞില്ല്യല്ലൊ…. ഞാൻ പറയട്ടെ…… കഴിഞ്ഞതൊന്നും എനിക്ക് മറക്കാനാവില്ല്യാ ഒരിക്കലും. അത് കൊണ്ട് തന്നെയാണ് ഞാനീ തീരുമാനം എടുത്തത്. അവിടുത്തെ വാഴ്ച അവസാനിപ്പിക്കണം , പൂജ വേണം, ആ ചടങ്ങുകളും ….”
“അതോ … അതോ….. ” കുട്ടമ്മാമ്മ ആകെ മാറിയിരുന്നു. “അപ്പൊ ഇതിനാരുന്നല്ലേ അമ്മമ്മ മോളുടെ ചടങ്ങ് ഗംഭീരാക്കണമെന്നൊക്കെ പറഞ്ഞ് ഈ തറവാട് വൃത്തിയാക്കിച്ചതും നമ്മളെയൊക്കെ ഇവിടെ എത്തിച്ചതും. കൊള്ളാം അമ്മമ്മേ ……”
“എന്നിട്ട് നമ്മുടെ കുട്ട്യോളെ കൊണ്ട് അതൊക്കെ ചെയ്യിക്കണമെന്നാണോ അച്ഛമ്മ പറയണത്. ഭ്രാന്ത് പറയ്യാ…….” ശേഖരാമ്മാവൻ പിന്താങ്ങി.
“കുട്ട്യോൾക്ക് വേണ്ടി തന്നെയാ ഞാൻ… ”
അതൂടെ കേട്ടതും അമ്മയും അമ്മാവൻമാരുമൊക്കെ മൂട്ടിൽ തീ പിടിച്ച പോലെ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് എന്തൊക്കെയോ പുലമ്പാൻ തുടങ്ങി. ഒന്നും മനസിലാകാതെ നമ്മൾ ഇളം തലമുറക്കാരും … അതിനിടയിൽ ഗീതു എന്നെ തോണ്ടുന്നുണ്ട് എന്താണിവിടെ നടക്കുന്നതെന്നറിയാൻ. പെണ്ണിനെല്ലാമൊരു കൗതുകമാണ്.
തമ്പുരാനറിയാമെന്ന് ഞാനാഗ്യം കാണിച്ചു….
“ഗോപൂ… ഇനി വിടെ നിന്നാൽ നിന്റെ മുത്തശ്ശി നമ്മളെ കൊലയ്ക്ക് കൊടുക്കും, വാ നമ്മുക്ക് പോവാം … എന്റെ കൊച്ചിനെ ( ആവണി ) ഓർത്താണ് ഞാനിത്രേടം വരെ വന്നതും നിന്നതും. ഇതൊന്നും സ്വപ്നത്തിൻ പോലും നിരീശ്ചിരുന്നില്ല. ”
സത്യം പറഞ്ഞാൽ എനിക്കൊന്നും മനസിലായില്ല.
“ഹേയ് … എന്താ പ്രശ്നം…. മുത്തശ്ശി കുറച്ച് ചടങ്ങ് നടത്തണമെന്നല്ലെ പറഞ്ഞോളു. അതിനിവിടെ ഇത്രേം വഴക്കിന്റെ കാര്യന്താ…. ?” എല്ലാവരുടെയും അങ്കലാപ്പ് കണ്ട് എനിക്കത് ചോദിക്കാതിരിക്കാനായില്ല.
“നിനക്കതൊന്നും പറഞ്ഞാൽ മനസിലാവില്ല ഗോപുവേ…” ശേഖരമ്മാവൻ വിമ്മിഷ്ടത്തോടെ പറഞ്ഞു.
“ഹാ… പറഞ്ഞാലല്ലേ മനസിലാവൂ…” ഇത്തവണ ചങ്കരനും സംസാരിച്ചു
“അതിന് നീയൊക്കെ ഈ തറവാടിന്റെ ചരിത്രാറിയണം. ” കുട്ടന്മാമയുടെ വായിന്ന് വീണ പോലെ ആയിരുന്നു അത്. ബാക്കി എല്ലാവരും ഞെട്ടി. നമ്മൾ ചെറുപ്പക്കാർ മാത്രം ഒന്നും അറിയാതെ പരസ്പരം മിഴിച്ച് നോക്കി. ഗീതു മറ്റേതോ ഗ്രഹത്തിലെത്തിയ പോലെ അമ്പരപ്പാൽ എല്ലാവരെയും നോക്കുവാണ്. എന്തോ വലുത് നടക്കാൻ പോകുന്ന മട്ടിലാണ് പെണ്ണ്. എന്തെങ്കിലും സംഭവിച്ചാൽ എന്നേം കൂട്ടി ഇറങ്ങി ഓടാൻ എന്ന വണ്ണം എന്റെ കൈ മുറുക്കി പിടിച്ചിട്ടുണ്ട്. അവളെ പറഞ്ഞിട്ടും കാര്യമില്ല ആ മുറിയ്ക്കുള്ളിലെ അന്തരീക്ഷം അത്രയും ഭയാനകമായിരുന്നു.
“ഇത്രയും നാള് പൂട്ടി കിടന്ന ഈ പ്രേതാലയം വൃത്തിയാക്കി തുറക്കണമെന്ന് പറഞ്ഞപ്പൊഴെ ചിന്തിക്കണമായിരുന്നു. വയസ്സായവരുടെ ആഗ്രഹമല്ലേ എന്ന് വച്ച് കണ്ണടച്ചതാണ്. ഇപ്പൊ …..” കുട്ടന്മാമ അസ്വസ്തയോടെ വിറച്ച് വിറച്ച് മാറുന്നുണ്ടായിരുന്നു.
