ചുരുക്കത്തിൽ പറഞ്ഞാൽ അവൻ ഇവിടെ എത്തി കഴിഞ്ഞാൽ അവൻ ശ്വാസം വിടുന്നത് പോലും നമ്മൾ അറിയണം അത്ര തന്നെ.
എല്ലാവർക്കും ഹരിയുടെ ആ പ്ലാൻ കൊള്ളാം എന്ന് തോന്നി. പിന്നെ ഉള്ള രണ്ട് ദിവസങ്ങൾ അവർ ആ പ്ലാൻ പല തരത്തിൽ തിരുത്തി. മഹീന്തറിന്റെയും സുഹൃത്തുക്കളുടെയും കോൺടാക്ട് വെച്ച് ആ ഏരിയയിൽ ഉള്ള ഒരുപാട് ആളുകൾ ഈ പ്ലാനുമായി സഹകരിക്കാൻ മുന്നോട്ട് വന്നു.
അത് തന്നെ ആയിരുന്നു ഹരി ആഗ്രഹിച്ചതും. എല്ലാവർക്കും അസ്ലന്റെയും അവന്റെ കൂടെ ഉള്ള കുറച്ച് പേരുടെയും ഫോട്ടോസ് നൽകി. ആ വർക്ഷോപ്പിലും ചുറ്റും ഉള്ള മിക്ക കടകൾ, ധാബകൾ, ഹോട്ടലുകൾ എന്ന് വേണ്ട സകലതിലും ഒരാൾ എങ്കിലും ഈ പ്ലാനുമായി സഹകരണം ഉള്ളൊരാൾ ആയിരുന്നു.
ഈ സമയം ഒക്കെയും പൂനെയിലേക്ക് പോയ ടീമിന്റെ അപ്ഡേറ്റ് വന്നുകൊണ്ടേ ഇരുന്നു.
ഒടുവിൽ ആ ദിനം വന്നെത്തി. അസ്ലൻ ട്രക്ക് നാസിക്കിലേക്ക് ആണ് പോയത് എന്ന് കണ്ടുപിടിച്ച ആ ദിനം. അവർ നാസിക്കിലേക്ക് തിരിച്ചു എന്നറിഞ്ഞ നിമിഷം മുതൽ എല്ലാവരും കാത്തിരിക്കുകയായിരുന്നു അവന്റെ വരവിനായി.
നീ വന്നു… ഞങ്ങൾ വിചാരിച്ച പോലെ തന്നെ നീ ട്രക്കും കണ്ടുപിടിച്ചു അതിന്റെ ഡ്രൈവറിലേക്കും നിന്റെ കൈ എത്തി. പക്ഷേ അത് കഴിഞ്ഞ് ഈ പ്ലാനിൽ ഒരു ട്വിസ്റ്റ് ഉണ്ടായി, നീ പ്ലാൻ ഉണ്ടാക്കാൻ എടുത്ത ഹോട്ടൽ റൂം. അവിടെയും ഞങ്ങളുടെ ആളുകൾ ആണ് നിന്നെ വരവേറ്റത്. നിനക്ക് തന്ന റൂമിൽ അവർ ചെറിയൊരു ഫോൺ ഓൺ ആക്കി വെച്ചിരുന്നു. അതിൽ നിന്ന് ഇങ്ങോട്ട് കാൾ ചെയ്ത് അത് ആ റൂമിൽ മറച്ചുവെച്ചതിനു ശേഷം ആണ് നിനക്ക് റൂം തന്നത്. അത്കൊണ്ട് തന്നെ നിന്റെ പ്ലാൻ ഞങ്ങൾ ഇവിടിരുന്നു കേട്ടു.
പക്ഷേ സത്യം പറയാല്ലോ…അങ്ങനെ ഒരു സംഭവം ഉണ്ടാവും എന്ന് ഞങ്ങൾ തന്നെ കരുതിയില്ല. കാശ് കൊടുക്കുമ്പോ നിന്റെ കൂടെ എന്ത് തന്തയില്ലാഴികയ്ക്കും നിൽക്കുന്ന ദേ ബോധം ഇല്ലാതെ ഈ കിടക്കണവന്മാരെ പോലെ അല്ലടാ ഇവിടുള്ളവർ…. കശുകൊടുത്തു വാങ്ങാൻ പറ്റാത്ത പലതും ഉണ്ട് ഈ ഭൂമിയിൽ. അതാണ് നിന്നെപ്പോലെ ഉള്ളവർ ആദ്യം മനസ്സിലാക്കേണ്ടത്.
ആദ്യം മുകളിലെ ഗ്രിൽ തുറന്ന് അകത്ത് കയറിയവനെ ഞങ്ങൾ കയ്യോടെ തൂക്കി ഇൻജെക്ഷൻ കൊടുത്തു. പിന്നെ ഞങ്ങൾ തന്നെ ആണ് പോയി മുന്നിലെ ഡോർ തുറന്ന് കൊടുത്തത്. പാവം ഇരുട്ടിൽ ആരാണ് തുറന്ന് തന്നത് എന്ന് പോലും അറിയാതെ ഓടി ഉള്ളിലേക്ക് വന്നവന്മാരെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾ പൂട്ടി.
ബാക്കി ഇനി പറയണ്ടല്ലോ അല്ലേ… എല്ലാം നിനക്ക് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു. ബുദ്ധിരാക്ഷസൻ അല്ലേ നീ.
അങ്ങനെ ഒരു നാട് മുഴുവൻ നിന്റെ വരവ് കാത്തിരുന്നു ഇവിടെ. അതിനിടയിലേക്ക് ആണ് നീ വന്ന് പെട്ടത്. ഇനി നീ പറ നീ ഇവിടെ നിന്ന് തിരിച്ചു പോകും എന്ന് നിനക്ക് ഇപ്പോഴും തോന്നുന്നുണ്ടോ അസ്ലൻ? ” കിഷോർ ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തി. *****************************
കിഷോർ പറഞ്ഞതെല്ലാം കേട്ട് തലക്ക് അടികിട്ടിയ പോലെ ഇരുന്നുപോയി അസ്ലൻ. തന്റെ ജീവിതത്തിൽ ഇങ്ങനൊരു തിരിച്ചടി അവൻ നേരിട്ടിരുന്നില്ല. മാത്രമല്ല ഈ പീറ പെണ്ണുങ്ങൾ വിചാരിച്ചാൽ തന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്നൊരു അഹങ്കാരം ആയിരുന്നു അവന്. താൻ വിചാരിച്ചതിനേക്കാൾ മുകളിൽ ആയിരുന്നു അവരുടെ ചിന്ത എന്ന് അയാൾക്ക് ആ നിമിഷം മനസ്സിലായി.
എന്നാൽ അവൻ ഒരിക്കലും താഴ്ന്ന് കൊടുക്കുവാൻ തയ്യാറായിരുന്നില്ല. കാരണം അസ്ലന്റെ കയ്യിൽ അപ്പോഴും മിഴി എന്ന ബ്രഹ്മാസ്ത്രം ഉണ്ടായിരുന്നു. അത് ആലോചിച്ചതും അവൻ ഒന്ന് പുഞ്ചിരിച്ചു.
“സമ്മതിച്ചിരിക്കുന്നു… എന്നെ നിങ്ങൾ ഇവിടെ കൊണ്ട് വന്നു എന്റെ ആൾക്കാരെ ഒക്കെ ബോധം കെടുത്തി എന്നെ ഒറ്റക്ക് ആക്കി. പക്ഷേ ഇപ്പോഴും ഞാൻ പറയുന്നു ഞാൻ ഇവിടെ നിന്നും ഒരു പോറൽ പോലും ഏൽക്കാതെ പുറത്ത് പോകും. നീ തന്നെ എന്നെ ഇവിടെ നിന്ന് വെളിയിൽ കൊണ്ടുപോകും സുരക്ഷിതമായി. അതിനുള്ള ആയുധം ഒക്കെ എന്റെ കയ്യിൽ ഉണ്ട്… മിഴി…”
അസ്ലന്റെ വായിൽ നിന്നും ആ പേര് കേട്ടതും ഹരി ഒന്ന് ഞെട്ടി.. ജാനകിയുടെയും മഹീന്തറിന്റെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല. അത് കണ്ട അസ്ലൻ ഉറക്കെ ചിരിച്ചു. മരണത്തിന്റെ വക്കിൽ നിന്നും തിരികെ വന്നവന്റെ ചിരി.
