അസ്ലൻ ഒന്ന് ചലിക്കാൻ പോലും ആവാതെ തനിക്ക് ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ ശില പോലെ നിന്നു. രക്ഷപെടാൻ ഉള്ള സർവ്വ പഴുതും ഇവർ അടച്ചു. ഇവർ പറഞ്ഞത് പോലെ ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാവില്ല. ആകാശത്തോളം ഉയർന്നു പറന്നാലും ഒരുനാൾ നമ്മൾ തിരിച്ചു മണ്ണിൽ തന്നെ വരും.
“സ്വപ്നം കണ്ട് നിക്കാതെ നടക്കെട അങ്ങോട്ട്.” ചോട്ടു അസ്ലന്റെ മുതുകിൽ തള്ളി മുന്നോട്ട് നടത്തി. അവന്റെ കൂട്ടാളികളെയും കൂടെ നടത്തി, കൂടെ തന്നെ ബാക്കി എല്ലാവരും നടന്നു പുറത്തേക്ക്. പുറത്തേക്ക് ഇറങ്ങിയ അസ്ലനും കൂട്ടരും പുറത്തെ ജനത്തിരക്ക് കണ്ട് സ്തംഭിച്ചു പോയി.
“കണ്ടോ… ഇവരൊക്കെയാണ് ഞങ്ങളുടെ കൂടെ തന്നെ നിന്നെ കുടുക്കാനായി നിന്നത്. ഇതിൽ നീ നിന്റെ വണ്ടിടെ ഓയിൽ മാറ്റാൻ കൊടുത്ത വർക്ഷോപ്കാരൻ മുതൽ നീ സിഗരറ്റ് വളിച്ച പെട്ടിക്കടയിലെ ചേട്ടൻ വരെ ഉണ്ട്. നിന്റെ പണം മുഴുവൻ ഇട്ട് തൂക്കിയാലും ഇവരുടെ സ്നേഹത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും.
ആഹ് പിന്നൊരു കാര്യം പറയാൻ വിട്ടുപോയി… നീ ഓയിൽ ചേഞ്ച് ചെയ്യാൻ കൊടുത്ത വണ്ടി അത് അവർ ഒരു നട്ട് പോലും ബാക്കി വെക്കാതെ പൊളിച്ചിട്ടുണ്ട്. ക്രഷറിൽ ഇട്ട് ഞെരിച്ചുടച്ചു സെറ്റ് ആക്കിയിട്ടുണ്ട്. ചാകാൻ പോണ നിനക്ക് എന്തിനാണ് ഇനി വണ്ടി.നടക്ക്… ഇനി നിന്റെ ഒടുക്കത്തെ ക്ലൈമാക്സ് കൂടെ കാണിച്ചു തരാം ഞങ്ങൾ.” അസ്ലനെ കണ്ടതും ജനം രോഷം കൊണ്ടെങ്കിലും ഒച്ചവെച്ചു ബാക്കി ഉള്ളവരെ ഒക്കെ അറിയിക്കരുത് എന്ന് നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് എല്ലാരും സംയമനം പാലിച്ചു.
അപ്പോഴും തങ്ങളെ വീണ്ടും ഇത് എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നറിയാതെ അസ്ലനും കൂട്ടരും വളഞ്ഞു.
ഒടുവിൽ അവർ നടന്ന് നടന്ന് അസ്ലൻ വിജയ് യെ കണ്ടുമുട്ടിയ സ്ഥലത്ത് എത്തി. ആ ജെസിബി അപ്പോഴും അവിടെ കിടപ്പുണ്ട് അതിന്റെ ഡ്രൈവർ അതിൽ ചാരി നിന്നുകൊണ്ട് തങ്ങളെ ഉറ്റു നോക്കുന്നത് അസ്ലൻ കണ്ടു. അവന് എന്തോ ഒരു പന്തികേട് തോന്നി.
“അപ്പൊ അസ്ലൻ… അതാണ് നിന്റെ കഥ… ഇവിടെയാണ് നിന്റെ ജീവിതം അവസാനിക്കുന്നത്. നീ രാവിലെ കണ്ടില്ലേ വിജയ് ഇവിടെ നിന്ന് ഈ കുഴി വീട്ടിക്കുന്നത്. വേസ്റ്റ് ഇടാൻ ആണെന്നല്ലേ പറഞ്ഞത്? ശെരിയാണ് ഒരുകണക്കിന് വേസ്റ്റ് തന്നെ ആണ് നീ… നീ ഇന്ന് രാവിലെ കണ്ടത് നിന്നെ മൂടാൻ ഞങ്ങൾ വെട്ടിയ കുഴി തന്നെ ആയിരുന്നു. ഇതാണ് നിനക്ക് ഞങ്ങൾ ഒരുക്കിയ ക്ലൈമാക്സ്… കേട്ടോഡാ…” ഹരി അസ്ലന്റെ മുഖത്തിന് നേരെ നിന്ന് ചീറി.
“പക്ഷേ നീയൊന്നും അത്ര പെട്ടെന്ന് അങ്ങനെ മരിക്കാൻ പാടില്ല അത്കൊണ്ട് ദേ ഇത് പിടിച്ചോ ഈ ജാനകിയുടെ സമ്മാനം…” ജാനകി ഒരു സർജിക്കൽ ബ്ലേഡ് അസ്ലന്റെ രണ്ട് കൈ തണ്ടയിലും ആഞ്ഞു വീശി… രക്തം അവളുടെ മുഖത്തേക്ക് ചീറ്റി തെറിച്ചു. അസ്ലൻ നടന്നത് വിശ്വസിക്കാൻ ആവാതെ ജാനകിയെ നോക്കി.
ജാനകി അവന്റെ മുഖത്തു നോക്കി ഒന്ന് ചരിച്ചു ശേഷം അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അസ്ലൻ ഒരു ആർത്ത നാദത്തോടെ ആ കുഴിയിലേക്ക് വീണു. അവിടെ നിന്ന് അവൻ മുകളിലേക്ക് കയറാൻ ശ്രമിക്കും തോറും അവന്റെ കയ്യിൽ നിന്ന് ചോര ഒലിച്ചുകൊണ്ടേ ഇരുന്നു. ഇതെല്ലാം കണ്ട് നിന്ന അവന്റെ കൂട്ടാളികൾ മരണത്തെ മുന്നിൽ കണ്ട് നിന്ന് വിറച്ചു.
അവർക്കും ജാനകി കരുതി വെച്ചത് അതെ ശിക്ഷ തന്നെ ആയിരുന്നു. അവളെ കൂടാതെ ആ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റു പെൺകുട്ടികളും മുന്നിലേക്ക് വന്ന് ആ സർജിക്കൽ ബ്ലേഡ് വെച്ച് അവരെ തലങ്ങും വിലങ്ങും വെട്ടി മുറിച്ചു ശേഷം ആ കുഴിയിലേക്ക് തള്ളിയിട്ടു. മരണ ഭയം കൊണ്ടുള്ള അവരുടെ കരച്ചിൽ ഒരു നേർത്ത തേങ്ങലായി മാറുന്ന വരെ അവർ കാത്തിരുന്നു.
അപ്പോഴേക്കും ഡ്രൈവർ ജെസിബിയുടെ എൻജിൻ ഓൺ ആക്കിയിരുന്നു. നിമിഷ നേരത്തിനുള്ളിൽ ആ എടുത്ത മണ്ണെല്ലാം തിരികെ കുഴിയിലേക്ക് അയാൾ തള്ളി. അതോടെ അസ്ലന്റെയും കൂട്ടാളികളുടെയും നേർത്ത തേങ്ങൽ വരെ ഇല്ലാണ്ടായി. ഒരു ചെറു കാറ്റ് അവരെയെല്ലാം തഴുകി കടന്ന് പോയി.
****************************************
