❤️
നദീമിനോട് സംസാരിച്ച ശേഷം അടുത്തുള്ള തുണിക്കടയ്ക്ക് മുന്നിൽ വണ്ടിയൊതുക്കുമ്പോഴും കൈലാസിന്റെ മുഖത്തൊരു പുച്ഛമുണ്ടായിരുന്നു.
‘ഇക്കയെ ഞാൻ ചതിച്ചിട്ടില്ലെന്ന് പറയണമെന്ന്’ വേദനയോടെ പറഞ്ഞ ഹന്നയെ അവനോർത്തു.
പാവം. മനുഷ്യന്മാരൊന്നും നീ വിചാരിക്കുന്ന പോലല്ല കുട്ടീ എന്ന് അവൻ ഉള്ളിൽ പറഞ്ഞു.
കടയിൽ കേറിയപ്പോൾ തന്നെ രണ്ട് സ്റ്റാഫ് ഓടി വന്ന് എന്താ ഏതാ എന്നൊക്കെ തിരക്കി.
രണ്ട് ചുരിദാരും മൂന്ന് കോട്ടൺ നൈറ്റ് ഡ്രെസും രണ്ട് ഷാളും വാങ്ങി.
ഇവള് വീട്ടിലും ഷാളിടുമോ? അതായിരുന്നു ചിന്ത.
ഫോണെടുത്ത് ഓൺ ആക്കി നോട്സിൽ അവൾ ടൈപ് ചെയ്തത് എടുത്തു നോക്കി.
Bra 34B
പാന്റീസ് L.
കൈലാസിന്റെ നെഞ്ചിനൊരു പിടച്ചിൽ.
ഇനിയും എന്താ വേണ്ടത് എന്ന കണക്കെ നോക്കി നിൽക്കുന്ന സെയിൽസ് ഗേളിനോട് നാലെണ്ണം വീതം എടുക്കാൻ പറഞ്ഞു.
പർച്ചെയ്‌സ് കഴിഞ്ഞ് അവൻ നേരെ പോയത് സുനിലിന്റെ അടുത്തേക്കാണ്. അയാളാണ് കോൺട്രാക്ടർ. ഇന്നലെ അത്രയും സംഭവങ്ങൾ നടക്കുമ്പോൾ അയാൾ സ്ഥലത്തില്ലായിരുന്നു.
സുനിലിന്റെ വീടിന് മുന്നിൽ വണ്ടിയൊതുക്കി കവറും, പിന്നെ നദീം കൊടുത്ത ചെറിയൊരു ബാഗും കയ്യിൽ പിടിച്ച് ഗേറ്റ് തുറക്കുമ്പോൾ തന്നെ മുറ്റത്ത് ഫോണിൽ സംസാരിച്ചു നിന്ന സുനിൽ അവനെ കണ്ടിരുന്നു.
സംസാരിച്ചു കൊണ്ടിരുന്ന ആളോട് പിന്നീട് വിളിക്കാമെന്ന് പറഞ്ഞയാൾ കാൾ അവസാനിപ്പിച്ചു.
“ആ കൈലാസേ.. ഞാനിപ്പോ എത്തിയതേ ഉള്ളൂടാ.. നിന്നെയൊന്ന് കാണാനിരിക്കയായിരുന്നു ഞാൻ.”
“അണ്ണാ അത്.. ഇന്നലെ.. ആരോ ചതിച്ചതാ അണ്ണാ..” അവന്റെ സ്വരം താഴ്ന്നു. ഇന്നലെ അനുഭവിച്ച നാണക്കേട് ഓർമ വന്നു. അതും ചേട്ടനെ പോലെ കാണുന്ന ആളുടെ മുന്നിൽ.
“നീ അങ്ങനെ ചെയ്‌തെന്ന് എനിക്കും വിശ്വസിക്കാൻ പാടായിരുന്നു. കേട്ടപ്പോൾ ഞാനും ഞെട്ടിപ്പോയി.”
അയാൾ അവന്റെ തോളിൽ കൈയിട്ടു.
“അത് മാത്രമല്ല, എനിക്കാ കൊച്ചിനെ പരിചയമുണ്ട്.. അവള് പഠിപ്പിച്ച കൊച്ചാ.” കൈലാസ് അയാളുടെ മുഖത്ത് നോക്കി. സുനിലണ്ണന്റെ ഭാര്യ ടീച്ചറാണ്.
“അത് ഇതുവരേം ഒരാളുടെ മുഖത്ത് നോക്കി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.
അതിനത്രേം ധൈര്യം ഒന്നുമില്ല. ഉണ്ടെങ്കിൽ തന്നെ കല്ല്യാണം ഇങ്ങടുത്തിരിക്കുന്ന സമയത്ത് തീരെ ചെയ്യില്ല.” കൈലാസ് അയാളെ കൂർപ്പിച്ചു നോക്കി.. പിന്നെ താൻ ചെയ്യുമോ എന്നൊരു ധ്വനിയുണ്ടായിരുന്നു ആ നോട്ടത്തിൽ.
അത് മനസ്സിലായെന്ന പോലെ സുനിൽ ചിരിച്ചു കൊണ്ട് തോളിൽ തട്ടി.
“പിന്നെ ആ കൊച്ചെന്തിയേ? വീട്ടിലാണോ?”
“മ്മ്.. ഞാൻ രണ്ടു മൂന്ന് ഉടുപ്പ് വാങ്ങി അവൾക്ക്. പിന്നെ ഇന്നവളെ കെട്ടാനിരുന്ന പയ്യനെ കണ്ടു. അവൻ തന്നതാ ഇത്. അവളുടെ സർട്ടിഫിക്കേറ്റ് ഒക്കെയാ..” കയ്യിലെ ബാഗ് ഉയർത്തി കാണിച്ചവൻ.
“എന്നിട്ടവനെന്ത് പറഞ്ഞു?”
“അവന്റെ കല്ല്യാണം നടക്കും. പെണ്ണ് ഹന്നയ്ക്ക് പകരം അവളുടെ ചെറിയച്ഛന്റെ മോള് അൻസിയ.”
സുനിൽ അവനെ ചുളിഞ്ഞ നെറ്റിയോടെ നോക്കി.
“എനിക്ക് കുറച്ചു സംശയം ഉണ്ട്.” അത് ഊട്ടിയുറപ്പിക്കാനെന്ന പോലെ കൈലാസ് മറുപടി പറഞ്ഞു. ശേഷം ഹന്ന എങ്ങനെ ഇന്നലെ ആ കടമുറിയിൽ എത്തിയെന്ന കാര്യം പറഞ്ഞു. ഒപ്പം, താൻ എങ്ങനെ അവിടെ എത്തപ്പെട്ടു എന്നും.
സുനിലിന്റെ മുഖം ആദ്യം കടുത്തെങ്കിലും പിന്നീട് പുഞ്ചിരിച്ചു.
“ഇന്നത്തെ കാലത്ത് സിസിടിവി ഉണ്ടെങ്കിലും കക്കുന്നവർക്കും പിടിച്ചു പറിക്കുന്നവർക്കും കുറവില്ല. നീയിന്നലെ പണിക്ക് നിന്ന വീടിന്റെ പിന്നിലൊരു പുരയിടം ഇല്ലേ? അവിടെ ആരോ വേസ്റ്റ് കൊണ്ട് തട്ടുന്നെന്ന് പറഞ്ഞ് ഒരു rotating camera ഒരാഴ്ച മുന്നേ കൊണ്ട് വച്ചിരുന്നു. അതിൽ നിന്റെ ഫുഡ് ഇരുന്ന സ്ഥലവും കിട്ടും. നീ സംശയിക്കുന്ന പോലെ ആരെങ്കിലും നിന്നെ ബോധം കെടുത്തിയെങ്കിൽ നമുക്ക് കണ്ടു പിടിക്കാം.”
കൈലാസ് പല്ല് ഞെരിച്ചു കൊണ്ട് ചിരിച്ചു.
“ഇത് കിട്ടിയാൽ നമുക്ക് ഹന്നയെ ചതിച്ചത് ആരെന്ന് കൂടി കണ്ടു പിടിക്കാം.
അല്ല ഇനിയെന്താ പ്ലാൻ?”
“എന്ത് പ്ലാൻ?”
