കൈലാസിന് മനസ്സിലായില്ല.
“എടാ അവളെ ചുമ്മാ കൂടെ താമസിപ്പിക്കാനാണോ ഉദ്ദേശം.. ഇപ്പോഴത്തെ കാലത്തെ ലിവിങ് ടുഗെതർ പോലെ. ഞാനിത്തിരി പഴഞ്ചനാ. അതൊന്നും പറ്റില്ല പറഞ്ഞേക്കാം.” സുനിലിന്റെ വരുത്തിക്കൂട്ടിയ ഗൗരവം കണ്ടപ്പോൾ കൈലാസ് ചിരിച്ചു പോയി.
“ഒന്ന് പോയെ അണ്ണാ എന്നെ ചിരിപ്പിക്കാതെ. അതൊരു അയ്യോ പാവമാ. ലിവിങ് ടുഗെതർ പോലും.”
“ഞാൻ പറഞ്ഞെന്നെ ഉള്ളൂ.. അവളെ നാട്ടുകാരുടെ മുന്നിൽ ഇട്ട് കൊടുക്കരുത് നീ.. അന്തസ്സായി കെട്ടി കൂടെ പൊറുപ്പിക്കണം. അവൾക്കും ഇഷ്ടം ഉണ്ടെങ്കിൽ..
നിന്റെ കൂടെ, അതും ഒരു അന്യ മതത്തിൽ പെട്ടവന്റെ കൂടെ ഇറങ്ങി വന്നത് കൊണ്ട് മാത്രം അവളുടെ ജീവിതം നശിച്ചു കാണണം എന്ന് ആഗ്രഹിക്കുന്ന കുറെയെണ്ണം ഇവിടുണ്ട്.. അത് മറക്കരുത്.”
ശരിയാണെന്ന മട്ടിൽ കൈലാസ് തലകുലുക്കി.
“അതിന് അവൾക്ക് എന്നെ ഇഷ്ടപ്പെടണ്ടേ? സ്വന്തം വീട്ടിലായിരുന്നെങ്കിൽ അവളെന്നെ തിരിഞ്ഞ് നോക്കുമായിരുന്നോ?” ഒപ്പം ചിരിച്ചു കൊണ്ടൊരു ചോദ്യവും.
“സാഹചര്യങ്ങളാണ് എല്ലാത്തിന്റെയും തുടക്കം.
നിനക്ക് ഇഷ്ടം ഉണ്ടല്ലോ.. തൽക്കാലം അത് മതി.
നിന്നെ അങ്ങനങ്ങു തള്ളിക്കളയാൻ ഒന്നും അവൾക്ക് പറ്റില്ല.”
സുനിലണ്ണൻ കൊടുത്ത ആത്മവിശ്വാസം ആവോളം നിറച്ചാണ് വീട്ടിലെത്തിയത്.
ഗേറ്റ് തുറക്കാൻ പുറത്തു നിന്ന് കുറച്ചധികം ഹോൺ അടിക്കേണ്ടി വന്നു.
ഹന്ന വാതിൽ തുറന്ന് മുറ്റത്തേക്ക് ഓടിയിറങ്ങി വന്നു. ആ വരവിൽ കൈലാസ് സ്തബ്ധനായിപ്പോയി. തന്റെ ഷർട്ട് അവൾക്ക് കാൽ മുട്ട് അടുപ്പിച്ച് എത്തി നിൽക്കുന്നു. പാന്റ് കാലും കഴിഞ്ഞ് നിലത്തിഴയുന്നു. അതിൽ അവളിട്ടിരുന്ന ചുരിദാറിന്റെ ഷാൾ കൊണ്ട് മാറ് മറച്ചിട്ടുണ്ടെങ്കിലും ഓടി വരുന്നവളുടെ മുലകൾ ബ്രായുടെ കെട്ടുറപ്പില്ലാതെ തുള്ളിത്തുളുമ്പുന്നത് കാണാം.
അവൻ നോട്ടം മാറ്റി.
“എന്തിനാ ഇങ്ങനെ ഓടി വരുന്നേ?” വെപ്രാളത്തിൽ ഗേറ്റിന്റെ ലോക്ക് അഴിക്കുന്നവളെ നോക്കി ചോദിച്ചു പോയി.
“സോറി ചേട്ടാ.. ഞാൻ കുളിച്ചിറങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. അതാ വരാൻ താമസിച്ചത്. ഒരുപാട് ഹോൺ അടിച്ചല്ലേ?”
ഒരു നിമിഷം അവളുടെ ഈറനുള്ള മുടിയിലേക്ക് കണ്ണു പോയി.
“ഞാൻ കേറുന്നില്ല.. ദാ ഈ കവറും ബാഗും അകത്ത് കൊണ്ട് വയ്ക്ക്. ഉച്ചയ്ക്കത്തേക്കുള്ള ഫുഡും സാധനവും വാങ്ങി വരാം.” അവൻ കൊടുത്ത കവറും ബാഗും അവൾ വാങ്ങി കയ്യിൽ പിടിച്ചു. ബാഗിൽ എന്താണെന്ന മട്ടിൽ സംശയത്തോടെ നോക്കുന്നുമുണ്ട്.
“അതിൽ നിന്റെ സർട്ടിഫിക്കറ്റ്സ് ആണ്.”
അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി.
“നദീം തന്നതാ. ഞാൻ കണ്ടിരുന്നു.” അത്രയും പറഞ്ഞ് അവൻ വണ്ടി തിരിച്ചു.
നദീം?
അതൊരു ചോദ്യമായി അവളുടെ ഉള്ളിൽ നിന്നു.
ഉച്ചയ്ക്കവൻ രണ്ട് ബിരിയാണിയും വാങ്ങി ഒരു ഓട്ടോയിൽ പലചരക്കും വാങ്ങിയിറങ്ങി. ഒരു വീട്ടുകാരിയെപ്പോലെ അവനൊപ്പം അവളതൊക്കെ എടുത്തു വയ്ക്കാൻ സഹായിച്ചു.
പൊതി തുറന്നപ്പോൾ അവൾക്ക് മടുപ്പ് തോന്നി.
ചിക്കൻ ബിരിയാണി.
അവളുടെ വീട്ടിൽ എല്ലാ വെള്ളിയാഴ്ചകളിലും പോത്ത് ബിരിയാണി വയ്ക്കും.. ചിക്കൻ വാങ്ങിയാൽ കറിയായും ബിരിയാണിയായും വേറെ. ആടിനെ അവൾക്ക് കഴിക്കാൻ ഇഷ്ടമല്ല. രണ്ട് മൂന്നെണ്ണത്തെ വളർത്തിയതിന് ശേഷം ആട്ടിറച്ചി അവൾ തൊട്ടിട്ടില്ല.
പീസ് മാറ്റി വച്ച് റൈസ് മാത്രം കഴിക്കുന്നവളെ കാണെ അവൻ നെറ്റി ചുളിച്ചു.
“എനിക്ക് മടുപ്പാണ് ചിക്കനൊക്കെ.”
കൈലാസ് അന്തം വിട്ടു പോയി.
“അടിമപ്പണി ആണെങ്കിലും അവിടെ ഫുഡിനൊരു കുറവും ഇല്ലായിരുന്നു.”
വല്യ പുള്ളിയെന്ന പോലെ അവനൊരു എക്സ്പ്രഷൻ ഇട്ടു. അത് കണ്ടവൾ ചിരിയമർത്തി.
“നദീമിക്ക എന്ത് പറഞ്ഞു?”
“അവനൊന്നും പറഞ്ഞില്ല. പക്ഷെ നാളെ പറയും. എല്ലാരുടെയും മുന്നിലും.”
ഹന്നയ്ക്ക് മനസ്സിലായില്ല.
“ഒന്നുമില്ല. നിനക്ക് വേണ്ടെങ്കിൽ ആ പീസ് ഞാൻ എടുത്തോട്ടെ?”
“പിന്നെന്താ..” അവൾ ചിക്കൻ പീസ് അവന്റെ പ്ലേറ്റിൽ വച്ചു.
“നിനക്കെന്താ ഇഷ്ടം കഴിക്കാനൊക്കെ.”
“എനിക്കോ.. എനിക്ക് സദ്യ.”
“അയ്ശെരി.” കൈലാസിന് കളിയാക്കുന്ന ഭാവം.
