മറുനാട്ടിൽ ഒരു ഓണാഘോഷം – 12 17

 

“ഞാൻ ഇവിടെ വന്നു കുറേ പ്രാർത്ഥിച്ചതാ. എന്നാൽ അതൊന്നും ആരും കേട്ടില്ല. എന്റെ പ്രാർത്ഥനയോ എന്റെ കണ്ണ് നീരോ സ്വപ്നമോ ഒന്നും .. ആരും കണ്ടും ഇല്ല കേട്ടും ഇല്ല. മനുഷ്യനും ദൈവവും ആരും ഒന്നും കണ്ടില്ല. അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു.. പിന്നെ ഇപ്പോൾ എന്തിന് വെറുതെ!!!..”

 

 

ഞാൻ ഇന്ദുവിന്റെ മുഖത്ത് നോക്കിയിട്ട് പറഞ്ഞു. ഞാൻ എന്താണ് അങ്ങനെ പറഞ്ഞത് എന്ന് ഫരിക്ക് മനസ്സിലായില്ല എങ്കിലും ഇന്ദുവിന് എല്ലാം മനസ്സിലായി.

ഞാൻ പറഞ്ഞത് കേട്ട് ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു. അവൾ വേഗം കണ്ണുനീർ തുടച്ചിട്ട് അകത്തേക്ക് പോയി. കൂടെ ഫരിയും.

 

 

ഞാൻ അവിടെ തന്നെ ഇരുന്നു. എന്നെ മനസ്സിലായ ആരൊക്കെയോ വന്നു എന്നോട് വിശേഷം ചോദിച്ചു. അപ്പോഴാണ് എന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്. ഞാൻ ഫോൺ എടുത്തു നോക്കി. ചേച്ചി ആയിരുന്നു വിളിക്കുന്നത്. ഞാൻ ഫോൺ എടുത്തു. ഉടനെ ചേച്ചി വിളിച്ചു.

 

“കിച്ചൂ.. മോനെ ”

 

“ആ ചേച്ചി.” ഞാൻ പറഞ്ഞു.

 

“ചേച്ചിക്ക് ഒരുപാട് സന്തോഷം ആയെടാ മോനെ. അവൾ ഇന്ദു എന്നെ ഇന്നലെ രാത്രിയിൽ വിളിച്ചിരുന്നു. അവൾ എന്നോട് എല്ലാം പറഞ്ഞു. അവൾ ഒരുപാട് സന്തോഷത്തിൽ ആണ്. അടുത്ത കാലത്തൊന്നും അവൾ ഇങ്ങനെ സന്തോഷത്തോടെ എന്നോട് സംസാരിച്ചിട്ടില്ല.. അവൾ പറഞ്ഞത് കേട്ടപ്പോൾതന്നെ ഞാൻ എന്റെ കിച്ചൂനെ വിളിക്കാൻ ഇരുന്നതാ. അവൾ പറഞ്ഞു വേണ്ടെന്ന് . കിച്ചുവിന് ക്ഷീണം കാണും . കിച്ചു ഉറങ്ങിക്കോട്ടെ എന്ന് പറഞ്ഞത് കൊണ്ടാ ഞാൻ എന്റെ മോനെ ഇന്നലെ രാത്രിയിൽ തന്നെ വിളിക്കാതിരുന്നത്.. എന്തായാലും ചേച്ചിക്ക് ഒരുപാട് സന്തോഷം ആയി. ചേച്ചിക്ക് മോനെ കാണണം. ചേച്ചി വേഗം വരും. ഇതൊക്കെ കേട്ടിട്ടും ഇനിയും ചേച്ചിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല. മോൻ ചേച്ചിയെ കാണാതെ പോകരുതേ…”

 

ഒറ്റ ശ്വാസത്തിൽ ചേച്ചി പറഞ്ഞു. ചേച്ചിയുടെ വാക്കുകളിൽ. മോനെ എന്നുള്ള ചേച്ചിയുടെ വിളിയിൽ ആ സന്തോഷവും സ്നേഹവും കാണാം. അല്ലെങ്കിലും ഞാനും ചേച്ചിയും കുഞ്ഞുനാൾ തൊട്ട് വളരെ സ്നേഹത്തോടെ കഴിഞ്ഞതായിരുന്നു. എല്ലാം ഇല്ലാതായത് ഇന്ദുവിന്റെ കല്ല്യാണം മുതൽ ആണ്. അതൊക്കെ പോട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം. ഞാൻ ചേച്ചിയോട് പറഞ്ഞു.

 

“ചേച്ചി പതിയെ വന്നാൽ മതി. ഞാൻ കുറച്ചു ദിവസം ഇവിടെ കാണും. ചേച്ചിയെ കണ്ടിട്ടേ ഞാൻ പോകുള്ളൂ…”

 

“എന്നാലും ചേച്ചിയുടെ സങ്കടം പോകുന്നില്ലെടാ മോനെ. എന്റെ മോൻ എത്ര നാള് കൂടിയാ ഒരു ഓണം ഉണ്ണാൻ വരുന്നത്. എന്നിട്ട് മോന്റെ കൂടെ ഇരുന്ന് ചേച്ചിക്ക് ഓണം ഉണ്ണാൻ കഴിഞ്ഞില്ലല്ലോ…? ആഹ്! മോനെ കിച്ചൂ… എന്റെ മോൻ ആ പാവം ആതുമോളോട് ദേഷ്യപ്പെടരുത്. അവൾ ഒരു പാവമാണ്. . പിന്നെ ഒരു കാര്യം ഇന്ന് ഓണം മാത്രമല്ല. ആതുമോളുടെ പിറന്നാൾ കൂടെയാണ്. എന്റെ മോൻ അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം. മോൻ ആതൂന് പുതിയ ഡ്രെസ്സ് ഒക്കെ എടുത്തു കൊടുത്തെന്നു അവൾ പറഞ്ഞു. ഓണക്കോടിയും പിറന്നാൾ കോടിയും എല്ലാം. . ആതൂന് മാത്രം അല്ല അവൾക്കും . അതൊക്കെ കേട്ടപ്പോൾ ചേച്ചിയുടെ സന്തോഷം അടക്കാൻ പറ്റുന്നില്ല.”

 

ഞാൻ ഒന്നും പറയാതെ മെല്ലെ ഒന്ന് ചിരിച്ചു. അപ്പോൾ ചേച്ചി എന്നോട് ചോദിച്ചു.

 

” എന്താ എന്റെ മോൻ ഒന്നും മിണ്ടാത്തത്…? എന്റെ മോൻ ചേച്ചിക്ക് ഒന്നും വാങ്ങിയില്ലേ… വരുണിനും കാവേരിക്കും ഒന്നും. നിനക്ക് അവരെയൊക്കെ ഓർമ്മയുണ്ടോ …? എന്റെ മക്കളെ.. ”

 

 

“ഉണ്ട് ചേച്ചി. എനിക്ക് എല്ലാം ഓർമ്മയുണ്ട്. അങ്ങനെ എല്ലാം മറക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ ഞാൻ മുൻപ് തന്നെ തിരിച്ചു ഇവിടെ വരില്ലായിരുന്നോ..? അങ്ങനെ എല്ലാം ഒന്നും മറക്കാൻ എനിക്ക് കഴിയില്ല ചേച്ചി. പ്രത്യേകിച്ച് ഒരുപാട് സ്നേഹിച്ചവരെ മറക്കാൻ ഒന്നും ഞാൻ പഠിച്ചിട്ടില്ല.”

 

ഞാൻ പറഞ്ഞു.

 

“മോനെ കിച്ചൂ.. നീ ഇപ്പോഴും അവളെ…!!? ഇനിയും നീ അതും മനസ്സിൽ കൊണ്ട് നടക്കുകയാണോ..? ”

Leave a Reply

Your email address will not be published. Required fields are marked *