“അമ്മേ.. എനിക്ക് ഒന്നും ഇല്ല. അമ്മ പേടിക്കേണ്ട കേട്ടോ. ഞങ്ങൾ തിരിച്ചു വരുവാ. ഇതേ കിച്ചു ഏട്ടൻ കാർ ഓടിക്കുകയാ. ”
അങ്ങനെ പറഞ്ഞിട്ട് ഫോണിൽ ഞാൻ ഡ്രൈവ് ചെയ്യുന്നത് ഇന്ദുവിന് കാണിച്ചു കൊടുത്തു.
“ഇന്ദു ചേച്ചി. പേടിക്കേണ്ട കേട്ടോ. ആതുവിന് ഒന്നും ഇല്ല. ഞങ്ങൾ ഇപ്പോൾ അങ്ങ് എത്തും. . ബാക്കി അവിടെ വന്നിട്ട് പറയാം. ” ഗൽബി പറഞ്ഞു.
ഞാൻ ഗൽബിയോട് ചോദിച്ചു.
“അപ്പോൾ നേരെ വീട്ടിലേക്കോ…? അതോ ഹോട്ടലിലേക്കോ..? ”
“സാറിനു വിശക്കുന്നുണ്ടാവില്ലേ. ഇന്ന് ഒന്നും കഴിച്ചു കാണില്ലല്ലോ..? എനിക്ക് അറിയാം സാർ ഒന്നും കഴിച്ചു കാണില്ലെന്ന്. അതുകൊണ്ട് ഏതെങ്കിലും ഹോട്ടലിൽ കയറി സാർ എന്തെങ്കിലും കഴിച്ചിട്ട് വാ ഞങ്ങൾ ഇതിൽ ഇരിക്കാം. ” ഗൽബി പറഞ്ഞു.
അത് കേട്ട് അതിശയത്തോടെ ഞാൻ അവളെ നോക്കി. എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ അവൾ പറഞ്ഞു.
“എനിക്ക് കുഴപ്പം ഇല്ല സാർ. പക്ഷെ ആതു. ഈ വേഷത്തിൽ ആതു എങ്ങനെ ഹോട്ടലിൽ വരും. കണ്ടില്ലേ കീറിയ പാവാട ആണ് ആതു ഉടുത്തിരിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ വരുന്നില്ല. ”
എന്റെ ഗൽബി പറഞ്ഞപ്പോൾ ആണ് ഞാൻ ആ കാര്യം ഓർത്തത്. അപ്പോൾ ആതു പറഞ്ഞു.
“എന്റെ പാവാട വെറുതെ കീറിയത് ഒന്നും അല്ല. ഞാൻ ചേച്ചിയെ തള്ളിയിട്ടപ്പോൾ ചേച്ചിയുടെ കൈയും മുഖവും എല്ലാം ചോര ആയില്ലേ. അപ്പോൾ ഞാൻ വെറുതെ എന്റെ പാവാട വലിച്ചു കീറിയതാ. ഒരു രസത്തിന്.”
അത് കേട്ട് എനിക്ക് എന്തോ പോലെ ആയി. ആതു എന്നെ കുത്തി പറയും പോലെ. ഞാൻ പെട്ടന്ന് കാർ റോഡിന്റെ സൈഡിൽ കൊണ്ട് പോയി നിർത്തി.
“അയ്യോ! സോറി കിച്ചു ഏട്ടാ. ഞാൻ തമാശയ്ക്ക് പറഞ്ഞതാ. അല്ലാതെ കിച്ചു ഏട്ടനെ വേദനിപ്പിക്കാൻ പറഞ്ഞത് അല്ല. ”
എന്നാൽ ഞാൻ ഒന്നും മിണ്ടാതെ പുറത്ത് ഇറങ്ങി. അവിടെ കണ്ട ഒരു ഫ്രൂട്സ് വിൽക്കുന്ന കടയിൽ പോയി. കുറച്ചു മധുര നാരങ്ങ വാങ്ങി. പിന്നെ ഒരു കുപ്പി വെള്ളവും. ആ വെള്ളത്തിന്റെ പകുതിയും ഞാൻ കുടിച്ചു തീർത്തു . പിന്നെ ഞാൻ അടുത്തുള്ള ഹോട്ടലിലേക്ക് കയറി.
ആ സമയം ഗൽബി ആതുവിനോട് പറഞ്ഞു.
“ആതു അങ്ങനെ പറയരുതായിരുന്നു. സാർ എന്ത് പാവം ആണെന്ന് എനിക്ക് അറിയാം. എനിക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന പേടിയിൽ ആണ് സാർ നേരത്തെ ആതുവിനോട് അങ്ങനെ പറഞ്ഞുപോയതാ .
പക്ഷെ ആതു പനിച്ചു വിറച്ചു കിടന്നപ്പോൾ സാറിന്റെ ആ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. ആതുവിന്റെ ആ അവസ്ഥയിൽ സാർ എത്ര പേടിച്ചെന്ന്. സാറിന് എത്ര സങ്കടം ഉണ്ടായെന്ന് എനിക്ക് അറിയാം. സാറിന്റെ കണ്ണിൽ നിന്ന് വെള്ളം ഒഴുകുകയായിരുന്നു.
മാത്രമല്ല. ആതുവിനെ എടുത്തു സാർ ഓടുകയായിരുന്നു. അവിടെ ഹോസ്പിറ്റലിൽ എത്തിയിട്ട് സാർ ആതുവിന്റെ അടുത്ത് തന്നെ ഇരിക്കുകയായിരുന്നു.
ആതുവിനോട് ക്ഷമ പോലും ചോദിച്ചില്ലേ…? സാറിന്റെ കണ്ണിൽ നിന്ന് വന്ന കണ്ണീർ ആതുവിന്റെ കൈയ്യിൽ അല്ലേ വീണത്.
സാറിന് എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളൂ. തന്റെ വേദനകൾ സാർ ആരോടും പറയില്ല. പക്ഷെ എനിക്ക് ഇപ്പോൾ അറിയാം. ആ ഉള്ളിൽ ഇനിയും ഉണങ്ങാത്ത മുറിവ് ഉണ്ടെന്ന്. അതിന്റെ വേദന ഉണ്ടെന്ന്. പക്ഷെ അത് എന്താണെന്ന് മാത്രം എനിക്ക് അറിയില്ല. ”
ഗൽബി പറയുന്നത് കേട്ട് ആതുവിന് സങ്കടം ആയി. അവൾ പറഞ്ഞു.
” സോറി ചേച്ചി. ഞാൻ ചുമ്മാ പറഞ്ഞതാ. കിച്ചു ഏട്ടനെ വിഷമിപ്പിക്കാൻ ഒന്നും അല്ല. ഞാൻ കിച്ചു ഏട്ടനോട് ക്ഷമ പറയാം. ”
അതേ സമയം. വീട്ടിൽ ഫരി ഇന്ദുവിനോട് പറഞ്ഞു.
“കണ്ടില്ലേ.. ഞാൻ പറഞ്ഞില്ലേ. മോൾക്ക് ഒന്നും പറ്റില്ല എന്ന്. സാർ മോളെ രക്ഷിച്ചു കൊണ്ട് വരും എന്ന്.
എന്റെ ഗൽബിയെ അങ്ങനെ കണ്ടപ്പോൾ ഉള്ള സങ്കടത്തിൽ സാർ എന്തൊക്കെയോ പറഞ്ഞു പോയതാ. . എന്റെ സാർ വെറും പാവമാ. അത്ര ഇഷ്ട്ടമാ എന്റെ സാറിന് ഗൽബിയെ. കഴിഞ്ഞ കുറച്ചു വർഷം ആയി സാറ എന്റെ മോളുടെ എല്ലാ കാര്യവും നോക്കുന്നത്. അവളുടെ മാത്രം അല്ല. എന്റെയും.
