ഞങ്ങൾ ഇന്ന് കഴിയുന്നത് തന്നെ സാറിന്റെ കാരുണ്ണ്യം കൊണ്ട് മാത്രം ആണ്. ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇപ്പോൾ എനിക്ക് ആവില്ല. സാറിന്റെ സമ്മതം ഇല്ലാതെ എനിക്ക് ഒന്നും പറയാൻ പറ്റില്ല.
ഞങ്ങൾ ഇങ്ങോട്ട് വരുമ്പോൾ സാർ എന്താ ഞങ്ങളോട് പറഞ്ഞത് ഇന്ദുവിന് കേൾക്കണോ..? ഞാൻ സാറിന്റെ ബോസ്സും ഗൽബി എന്റെ മകളും ആണ് എന്ന് പറഞ്ഞാൽ മതി എന്ന്. അത് എന്തിനാണ് എന്നറിയാമോ….? എങ്കിൽ ഞങ്ങൾക്ക് ഇവിടെ സാറിന്റെ ചേച്ചിയുടെ മുന്നിൽ കൂടുതൽ വില ഉണ്ടാകും എന്ന്. ഞങ്ങളെ ചേച്ചി നന്നായി നോക്കും എന്ന്.
അങ്ങനെ ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സാറിന് വേണ്ടി. ഞാൻ ഇന്ദുവിനോട് ക്ഷമ ചോദിക്കുന്നു.”
എന്ന് പറഞ്ഞു ഫരി ഇന്ദുവിന്റെ കാലിൽ പിടിക്കാൻ നോക്കി. എന്നാൽ ഇന്ദു പെട്ടന്ന് അത് തടഞ്ഞു. എന്നിട്ട് പറഞ്ഞു.
“എനിക്ക് അറിയാം ചേച്ചി. എന്റെ കിച്ചുവിനെ. ഞാൻ കുഞ്ഞിലേ മുതൽ കണ്ടതല്ലേ എന്റെ കിച്ചൂനെ. അവൻ ഇങ്ങനെ ആവാൻ തന്നെ ഒരു കാരണം അത് ഞാൻ ആണ്. അന്ന് എനിക്ക് അങ്ങനെയേ പറയുവാനും പ്രവർത്തിക്കുവാനും കഴിയുമായിരുന്നുള്ളൂ. അങ്ങനെ പറയാതിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. .”
അതേ സമയം ഹോട്ടലിൽ കയറിയ ഞാൻ അഞ്ചു ബിരിയാണി കൂടെ പാഴ്‌സൽ വാങ്ങി കാറിൽ വന്ന് കയറി. ഞാൻ നോക്കുമ്പോൾ ആതു കാറിന്റെ മുൻ സീറ്റിൽ ഇരിക്കുന്നു. എന്നെ കണ്ട ഉടനെ അവൾ കരഞ്ഞു. അത് കണ്ടു ഞാൻ അവളോട് ചോദിച്ചു.
“എന്ത് പറ്റി ആതു. എന്തിനാ കരയുന്നത്. എന്തെങ്കിലും വേദന ഉണ്ടോ..? വീണ്ടും ഹോസ്പിറ്റലിൽ പോകണോ..?”
ആതു എന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“സോറി കിച്ചു ഏട്ടാ. ഞാൻ വെറുതെ പറഞ്ഞതാ.. കിച്ചു ഏട്ടനെ വേദനിപ്പിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞതല്ല. ”
“ഓഹ്! അതാണോ. കാര്യം.? അതിനിപ്പോൾ എന്താ..? അതിനേക്കാൾ ഞാൻ മോളെ പറഞ്ഞില്ലേ. അപ്പോൾ ഞാൻ മോളുടെ കാല് പിടിച്ചു ക്ഷമ ചോദിച്ചു കരയണം അല്ലോ..? എന്താ ഞാൻ അങ്ങനെ കരയാണോ.?” ഞാൻ ആതുവിനോട് ചോദിച്ചു.
“അയ്യോ! കിച്ചു ഏട്ടാ വേണ്ട. അങ്ങനെ ഒന്നും വേണ്ട.. അങ്ങനെ ഒന്നും ചെയ്യല്ലേ..” ആതു പറഞ്ഞു.
“വേണ്ടെങ്കിൽ വേണ്ട. വേഗം കണ്ണൊക്കെ തുടച്ചേ. എന്നിട്ട് ഈ വെള്ളം കൊണ്ട് മുഖം കഴുക്. എന്നിട്ട് കുറച്ചു വെള്ളം കുടിക്ക്. നല്ല ബിരിയാണി ആണ് ഞാൻ വാങ്ങിയത്. നമുക്ക് വീട്ടിൽ പോയിട്ട് അത് കഴിക്കാം. ”
അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ ഒരു കുപ്പി വെള്ളം എടുത്ത് ആതുവിന് കൊടുത്തു. ഞാൻ കുടിച്ചു പാതിയാക്കിയ വെള്ളത്തിന്റെ കുപ്പി ഗൽബിക്കും. എന്നിട്ട് ഗൽബിയോട് പറഞ്ഞു.
“ഗൽബി. അതിൽ മധുര നാരങ്ങ ഉണ്ട്. രണ്ടാൾക്കും വിശക്കുന്നില്ലേ..? രണ്ടാളും എടുത്ത് കഴിക്ക്. അപ്പോഴേക്കും നമുക്ക് വീട്ടിൽ എത്താം.” ”
ആതു മുഖം കഴുകി വീണ്ടും കാറിൽ ഇരുന്നു. ഗൽബി നാരങ്ങയുടെ തൊലി പൊളിച്ചു കളഞ്ഞു ആതുവിന് കൊടുത്തു. കൂടെ ഒരു നാരങ്ങ എടുത്ത് തൊലി പൊളിച്ചു . അല്ലി ആയി എടുത്തു എന്റെ വായിലും വെച്ച് തന്നു.
ഗൽബി ചെയ്യുന്നത് ആതു നോക്കി നിന്നു. അത് കണ്ടു ആതു ഒരു നാരങ്ങ അല്ലി എടുത്തു എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി കഴിച്ചു കൊണ്ട് അവളെ നോക്കി ചിരിച്ചു. കുറച്ചു സമയം കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തി.
വീട്ടിൽ എത്തിയ ഉടനെ ഇന്ദുവും ഫരിയും പുറത്ത് വന്നു. ഞാൻ ബിരിയാണിയുടെ കവറുകൾ ഫരിയുടെ നേരെ നീട്ടി. അപ്പോൾ ഇന്ദു എന്നെ നോക്കി. ഞാൻ അവളെ ഒന്ന് നോക്കി മങ്ങിയ ഒരു ചിരി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി. നേരെ മുകളിലേക്ക് പോയി.
ഇന്ദു ആതുവിനെ പിടിച്ചുകൊണ്ട് പറഞ്ഞു.
“മോള് അമ്മയെ പേടിപ്പിച്ചു കളഞ്ഞല്ലോ.. അമ്മയും മോളെ എന്തൊക്കെയോ പറഞ്ഞുപോയി. മോള് അമ്മയോട് ക്ഷമിക്ക്. ”
“ഇന്ദു ചേച്ചി. കഴിഞ്ഞത് കഴിഞ്ഞു. ഇനി വെറുതെ ഓരോന്ന് പറഞ്ഞു സമയം കളയാതെ ഞങ്ങൾക്ക് വിശക്കുന്നുണ്ട്. സാർ ബിരിയാണിയും വാങ്ങിയിട്ടാ വന്നത്. ” ഗൽബി ഇന്ദുവിനോട് പറഞ്ഞു.
