“എന്തിന്! ഇവിടെ കസേര ഉണ്ടല്ലോ. അമ്മ ഇരിക്ക്. നമുക്ക് ഒരുമിച്ചു കഴിക്കാം. ” എന്റെ എതിർ വശത്തുള്ള കസേരയിൽ നോക്കിയിട്ട് ആതു പറഞ്ഞു.
ഞാൻ ഇന്ദുവിനെ നോക്കി പിന്നെ ആ കസേരയിലും. ഇന്ദു ഒന്നും മിണ്ടാതെ അവിടെ വന്ന് ഇരുന്നു. എല്ലാവരും ഒരുമിച്ചു ബിരിയാണി കഴിച്ചു.
കഴിച്ചു കഴിഞ്ഞ ശേഷം ഞാൻ ഹാളിലെ സോഫയിൽ പോയി ഇരുന്നു.
കുറച്ചു കഴിഞ്ഞു ആതുവും ഗൽബിയും അവിടെ വന്നു. എന്നിട്ട് ഗൽബി ചോദിച്ചു.
“നമുക്ക് പോകാം സാർ. ”
ഞാൻ അകത്തേക്ക് നോക്കി.
“അവർ വരുന്നില്ല പോലും കിച്ചു ഏട്ടാ . ഇവിടെ ഒരുപാട് പണി ഉണ്ടെന്ന്.. ” ആതു പറഞ്ഞു.
അപ്പോൾ അവിടെ ഫരിയും ഇന്ദുവും വന്നു.
“എനിക്ക് ഇവിടെ കുറച്ചു പണിയുണ്ട്. അതാ ഞാൻ വരുന്നില്ല എന്ന് പറഞ്ഞത്.. ” ഇന്ദു പറഞ്ഞു. ഞാൻ ഫരിയെ നോക്കി.
“അത് സാർ ഇന്ദു വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ട്. ഇന്ദുവിനു ഒരു സഹായത്തിനു ഞാൻ ഇവിടെ നിൽക്കാം എന്ന്….” ഫരി പറഞ്ഞു.
ഞാൻ എഴുനേറ്റ് പുറത്തേക്ക് നടന്നു.
“എന്റെ അമ്മേ. കിച്ചു ഏട്ടന്റെ കൂടെ ഒരു യാത്ര. അത് അമ്മയും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ..? അമ്മയും വല്യമ്മയും എപ്പോഴും കിച്ചു ഏട്ടനെ കുറച്ചു പറയാറുള്ളതല്ലേ…? എന്നിട്ട് ഇപ്പോൾ കിച്ചു ഏട്ടന്റെ കൂടെ ഒരു യാത്രക്ക് അവസരം കിട്ടിയിട്ട് വേണ്ടെന്ന് പറയുന്നോ..? അമ്മയ്ക്ക് കിച്ചു ഏട്ടനോട് ഒരു സ്നേഹവും ഇല്ല. അമ്മ വെറുതെ പറയുന്നതാ. കിച്ചു ഏട്ടനോട് അമ്മയ്ക്ക് ഒരുപാട് സ്നേഹം ആണെന്ന്. ഒന്നും ഇല്ല. അമ്മക്ക് കിച്ചു ഏട്ടനോട് സ്നേഹം ഉണ്ടെങ്കിൽ അമ്മ വരും.. അമ്മ വരുന്നുണ്ടെങ്കിൽ വാ ഞങ്ങൾ പോകുവാ . ” അങ്ങനെ പറഞ്ഞിട്ട് ആതു ഗൽബിയുടെ കൂടെ പുറത്തേക്ക് നടന്നു.
കുറച്ചു സമയത്തിനുള്ളിൽ ഇന്ദുവും ഫരിയും വന്ന് കാറിൽ കയറി. ആതു ആണ് മുന്നിൽ കയറിയത്. കാർ ഒരു തുണിക്കടയുടെ മുന്നിൽ പോയി നിർത്തി. ഓണം ആയത് കൊണ്ട് നല്ല തിരക്ക് ഉണ്ടായിരുന്നു.
ആതു എന്റെ കൈ പിടിച്ചു നടന്നു. ഗൽബിയെ ഞാൻ കൂടെ തന്നെ കൂട്ടി. അവിടെ നിന്ന് ആതുവിന് ഒരു പട്ട് പാവാടയും ബ്ലൗസും എടുത്തു. ആതു ഇടയ്ക്ക് ഗൽബിയെ നോക്കും. പിന്നെ ആതുവിന് ഒരു കസവു സാരിയും ഒരു ചൂരിദാർ കൂടെ വാങ്ങി. ഗൽബിക്കും ഫരിക്കും ഇന്ദുവിനും കൂടെ ഓരോ കസവു സാരി കൂടെ വാങ്ങി. ഇന്ദുവിന്റെ കണ്ണ് നിറഞ്ഞു.
ഗൽബിയും ആതുവും കൂടെയാണ് ഡ്രെസ്സ് സെലക്ട് ചെയ്തത്. ഇന്ദുവിനുള്ള സാരി ഓരോന്ന് എടുത്തു ഗൽബിയും ആതുവും ഇന്ദുവിന്റെ മേലെ വെച്ച് നോക്കും. എന്നിട്ട് എന്നോടും ചോദിക്കും. അങ്ങനെ കുറേ സമയം അവിടെ കളഞ്ഞു.
അതിനിടയിൽ ഇന്ദുവിന്റെ ഫോണിൽ ആരോ വിളിച്ചു. ചേച്ചി ആയിരിക്കും. വേറെ ആര് വിളിക്കാൻ.
അപ്പോഴെല്ലാം “പിന്നെ വിളിക്കാം ” എന്ന് പറഞ്ഞു ഇന്ദു ഫോൺ കട്ട് ചെയ്തു.
ചേച്ചിക്കും മക്കൾക്കും നേരത്തെ ഡ്രെസ്സ് വാങ്ങി വെച്ചത് കൊണ്ട് വേറെ ഡ്രസ്സ് എടുത്തില്ല. ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. ആതുവും ഗൽബിയും മുന്നിൽ നടന്നു. ആതു ചെന്ന് കാറിന്റെ മുന്നിൽ കയറാൻ ശ്രമിച്ചപ്പോൾ ഗൽബി പറഞ്ഞു.
“ആതുവിന്റെ അമ്മ മുന്നിൽ ഇരുന്നോട്ടെ. അവർ തമ്മിൽ ഉള്ള പിണക്കം മാറണം എന്ന് ആതുവിന് ആഗ്രഹം ഇല്ലേ..? അതുകൊണ്ട് ഇന്ദു ചേച്ചി മുന്നിൽ കയറട്ടെ. ”
അത് കേട്ട് ചിരിച്ചുകൊണ്ട് ആതു പിന്നിൽ കയറി. കൂടെ ഗൽബിയും. ഇന്ദു വന്ന് പിന്നിൽ കയറാൻ നോക്കിയപ്പോൾ ഗൽബി പറഞ്ഞു.
” ഇന്ദു ചേച്ചി മുന്നിൽ കയറിക്കോ. അമ്മി ഇവിടെ പിന്നിൽ ഇരുന്നോളും. ”
“അയ്യോ. അത് വേണ്ട. ചേച്ചി മുന്നിൽ ഇരുന്നോട്ടെ. ഞാൻ പിന്നിൽ ഇരുന്നോളാം. ” ഇന്ദു പറഞ്ഞു.
“അത് വേണ്ട ഇന്ദു. ഇന്ദു മുന്നിൽ ഇരുന്നോ. ഞാൻ ഇവിടെ ഇരുന്നോളും.” എന്ന് പറഞ്ഞു ഫരി പിന്നിൽ കയറി ഇരുന്നു. വേറെ വഴിയില്ലാതെ ഇന്ദു മുന്നിൽ കയറി.
