“എന്നാൽ നിങ്ങൾ എക്സ്പെരിമെന്റ് ടേബിളിലേക്ക് അങ്ങോട്ട് ചെല്ല്, ഞാൻ ഇപ്പോൾ വരാം…” മനു പറഞ്ഞു.
അവർ മൂവരും പതിയെ എക്സ്പെരിമെന്റ് ടേബിളിന് അരികിലേക്ക് നടന്നു. കുറച്ചു സമയം കഴിഞ്ഞ് മനുവും അവിടേക്ക് എത്തി. അവൻ ആ മൂന്നുപേരുടെയും നിൽപ്പും ഭാവവും ശ്രദ്ധിച്ചു.
കയ്യിൽ വയറുകളും ഗാൽവനൊമീറ്ററും ഒക്കെ പിടിച്ചിട്ടുണ്ടെങ്കിലും അവരുടെ ഭാവം കണ്ടാൽത്തന്നെ അറിയാം, എക്സ്പെരിമെന്റ് ചെയ്യാനൊന്നുമല്ല അവർ ഇങ്ങോട്ട് വന്നിരിക്കുന്നത് എന്ന്.
“നിങ്ങൾക്ക് ശരിക്കും മീറ്റർ ബ്രിഡ്ജ് എന്താണെന്ന് അറിയാമോ?” മനു ചെറുചിരിയോടെ ചോദിച്ചു.
അതിന് ഉത്തരം പറയാനായി എയ്ഞ്ചൽ വായ തുറന്നതും, മനു കൈയുയർത്തി അവളെ തടഞ്ഞു.
“എയ്ഞ്ചൽ പറയണ്ട… ലക്ഷ്മി പറയ്…”
അതുവരെ ധൈര്യത്തോടെ നിന്ന ലക്ഷ്മി മനുവിന്റെ ആ ചോദ്യത്തിന് മുന്നിൽ പെട്ടെന്ന് പരുങ്ങി.
“ശരി, പറയ്… എന്താ ഇതിൽ നിനക്കുള്ള സംശയം?” മനു വീണ്ടും ചോദിച്ചു.
മുൻപ് എപ്പഴോ ക്ലാസ്സിൽ കേട്ടതും ചെയ്തു നോക്കിയതുമായ കാര്യങ്ങൾ ഓർത്തെടുത്ത് ലക്ഷ്മി എന്തൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും കൂട്ടിയിണക്കി പറഞ്ഞു ഒപ്പിച്ചു.
“ശരിക്കും നീയൊക്കെ
എന്തിനാ ഇങ്ങോട്ട് വന്നത്?” മനു ഗൗരവം നടിച്ചുകൊണ്ട് ചോദിച്ചു.
“അത് സാർ… ഇത് അറിയാത്തത് കൊണ്ടല്ലേ? അറിയാത്ത കാര്യങ്ങൾ സാറിൽ നിന്ന് പഠിക്കാൻ വേണ്ടി തന്നെയാ ഞങ്ങൾ വന്നത്…” ആർദ്ര യാതൊരു മടിയുമില്ലാതെ തിരിച്ചടിച്ചു.
“എയ്ഞ്ചലിന് ഇത് അറിയില്ലേ?” മനു എയ്ഞ്ചലിനെ നോക്കി ചോദിച്ചു.
“അറിയാം സാർ…” എയ്ഞ്ചൽ തലയാട്ടി.
“പിന്നെ നീ എന്തിനാ ഇങ്ങോട്ട് വന്നത്?”
“അവൾ ഞങ്ങൾക്കത് പറഞ്ഞുതരാൻ വേണ്ടി വന്നതാ സാർ!” ലക്ഷ്മി പെട്ടെന്ന് എയ്ഞ്ചലിന് പ്രതിരോധവുമായി എത്തി.
“ഹും… എന്ത് ചോദിച്ചാലും അതിനൊക്കെ കൃത്യമായി ഉത്തരമുണ്ടല്ലോ കയ്യിൽ!” മനു തമാശയായി പറഞ്ഞു. “ഇത് ഓരോരുത്തരും ഒറ്റയ്ക്ക് ചെയ്ത് കാണിച്ച് തന്നിട്ട് ഇവിടെനിന്ന് പോയാൽ മതി…”
മനു വ്യാജമായ ദേഷ്യം കാണിച്ച് തിരികെ തന്റെ ടേബിളിലെ കസേരയിൽ പോയിരുന്നു.
അവർ മൂവരും പരസ്പരം നോക്കി ചെറുതായി ഒന്ന് ചിരിച്ചു. എയ്ഞ്ചൽ പതുക്കെ ലക്ഷ്മിക്കും ആർദ്രയ്ക്കും സർക്യൂട്ട് കണക്ഷനുകളും ചെയ്യേണ്ട രീതിയും കാണിച്ചു കൊടുത്തു.
കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും അവർ അത് ഏകദേശം മനസ്സിലാക്കി ചെയ്തു തുടങ്ങി.
കാര്യങ്ങൾ ഏകദേശം വഴിക്കായപ്പോൾ, ആർദ്ര മെല്ലെ മാറി മനുവിന്റെ ടേബിളിന് അടുത്തേക്ക് നടന്നുചെന്നു.
“സാർ…” ആർദ്ര മൃദുവായി വിളിച്ചു.
മനു പുസ്തകത്തിൽ നിന്നും മുഖമുയർത്തി അവളെ നോക്കി.
“സാർ എന്താ വല്ലാത്ത ദേഷ്യത്തിലാണല്ലോ…” ആർദ്ര ചോദിച്ചു.
“പിന്നെ ദേഷ്യം വരാതിരിക്കുമോടോ?”
“സാർ തന്നെയല്ലേ രാവിലെ എയ്ഞ്ചലിനോട് പറഞ്ഞത് എക്സ്പെരിമെന്റ് ചെയ്തു നോക്കണം എന്നുള്ളവരോട് ലാബിലേക്ക് വരാൻ?” ആർദ്ര ചോദിച്ചു.
“എന്നിട്ട് നിങ്ങൾക്ക് മൂന്ന് പേർക്ക് മാത്രമേ ഇത് ചെയ്തു നോക്കാനുള്ളൂ?”
“അവർക്കൊന്നും ചെയ്തു നോക്കാൻ താല്പര്യമില്ലാത്തതിന്
ഞങ്ങൾ എന്ത് ചെയ്യാനാ സാർ?” ആർദ്ര തൻ്റെ കുസൃതി നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു. “അതോ ഞങ്ങളും അവരെപ്പോലെ ക്ലാസ്സിൽ വർത്തമാനവും പറഞ്ഞ് വെറുതെ ഇരിക്കണമെന്നാണോ സാർ പറയുന്നത്?”
“അല്ല… നിങ്ങൾ ഇവിടെ വന്നത് എക്സ്പെരിമെന്റ് ചെയ്യാൻ മാത്രമാണോ?” മനു തൻ്റെ കണ്ണുകളിൽ ചിരി ഒളിപ്പിച്ചു ചോദിച്ചു.
“അല്ലെങ്കിൽ ഇപ്പോൾ എന്താ സാർ? ഞങ്ങളെ മൂന്ന് പേരെയും സാർ ആദ്യമായിട്ടൊന്നും കാണുന്നതല്ലല്ലോ…” ആർദ്ര വളരെ സ്വാഭാവികതയോടെ പറഞ്ഞു.
അവളുടെ ആ മറുപടിക്ക് മുന്നിൽ മനുവിന് ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവൻ അവളെ നോക്കി വെറുതെ പുഞ്ചിരിച്ചു.
“സാർ ഇങ്ങനെ ദേഷ്യം പിടിച്ചിരിക്കാതെ ഒന്ന് ഫ്രീ ആക്…
എനിക്ക് കഴിഞ്ഞ ദിവസം വീട്ടിൽ കണ്ട ആ മനു സാറിനെയാ ഇഷ്ടം,” ആർദ്ര ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇവിടെയോ?” മനു ചുറ്റും ഒന്നു നോക്കി.
