സ്ക്രീൻ വീണ്ടും നിശ്ശബ്ദമായി.
പക്ഷേ മനുവിന്റെ മുഖത്ത് അവളുടെ ശബ്ദം ഇപ്പോഴും ഉണ്ടായിരുന്നു.
ഫോൺ താഴെ വച്ചിട്ട് കുറച്ചുനേരം അവൻ അങ്ങനെ തന്നെയിരുന്നു.
പുറത്ത് പ്രഭാതം പൂർണ്ണമായി ഉണർന്നിരുന്നു.
പക്ഷികളുടെ ശബ്ദം.
ജനൽക്കൽ തഴുകിപ്പോകുന്ന കാറ്റ്.
എന്നാൽ മനുവിന്റെ ലോകം മറ്റൊരിടത്തായിരുന്നു.
ഇന്ന് അവളെ വീണ്ടും കാണും.
ആ ചിന്ത മാത്രം മതിയായിരുന്നു അവന്റെ ഉള്ളിൽ ഒരു കുട്ടിയുടെ സന്തോഷം നിറയ്ക്കാൻ.
മെഹർ.
തന്റെ ജീവിതത്തിൽ ആദ്യം വന്നത് ഒരു ചെറിയ ഇഷ്ടമായി.
പിന്നെ സൗഹൃദമായി.
എപ്പോഴാണ് ആശ്വാസമാകുന്നത്?
എപ്പോഴാണ് ശ്വാസംപോലെയാകുന്നത്?
അവന് അറിയില്ലായിരുന്നു.
പക്ഷേ ഒന്ന് അറിയാമായിരുന്നു.
അവളെ കാണാതെ ഒരു ദിവസം പൂർത്തിയാകുന്നില്ല.
അവളോട് സംസാരിക്കാതെ മനസ്സ് പൂർണ്ണമാകുന്നില്ല.
അവളുടെ ശബ്ദം കേൾക്കുമ്പോൾ ഉള്ളിൽ എന്തോ ശരിയായ സ്ഥാനത്ത് എത്തിപ്പെടുന്നു.
മനു വീണ്ടും ഫോൺ നോക്കി.
മെഹറിന്റെ ചാറ്റ് ഇപ്പോഴും തുറന്നുകിടന്നു.
അവൻ സ്ക്രീനിൽ വിരൽ ഓടിച്ചില്ല.
മെസേജ് അയച്ചില്ല.
അവളെ അലട്ടാനും തോന്നിയില്ല.
പകരം, ഒരു ചെറിയ ചിരിയോടെ ഫോൺ മാറ്റിവെച്ചു.
ഇന്നത്തെ കൂടിക്കാഴ്ചയ്ക്കായി അവന്റെ മനസ്സ് ഇതിനകം തന്നെ സ്കൂളിലേക്ക് ഓടിത്തുടങ്ങിയിരുന്നു.
—————————————
സ്കൂളിലെത്തുമ്പോൾ രാവിലെ തിരക്ക് പൂർണ്ണമായി ഉണർന്നിരുന്നു.
വരാന്തകളിലൂടെ കുട്ടികളുടെ ചിരി ഒഴുകിക്കൊണ്ടിരുന്നു.
പടികളിൽ ചെരിപ്പുകളുടെ ചെറിയ ശബ്ദങ്ങൾ.
സ്റ്റാഫ് റൂമിന്റെ മുന്നിലേക്ക് എത്തിയപ്പോഴാണ് അവൻ അവരെ കണ്ടത്.
ആ മൂവർ സംഘം.
ലക്ഷ്മി… എയ്ഞ്ചൽ… ആർദ്ര…
മൂവരും അവനെ കാത്തുനിൽക്കുന്നതുപോലെ അവിടെ തന്നെ നിന്നിരുന്നു.
അവരുടെ അടുത്തേക്ക് നടക്കുമ്പോൾ മനു ഓരോരുത്തരെയും മാറിമാറി നോക്കി.
യൂണിഫോമിലായിരുന്നെങ്കിലും അവരുടെ ഓരോരുത്തരുടെയും ഭംഗി ആ വേഷത്തിനുള്ളിൽ തന്നെ
തെളിഞ്ഞുനിന്നു.
ആർദ്രയുടെ മുഖത്തേക്ക് നോക്കിയപ്പോൾ മനുവിന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി വന്നു.
യാതൊരു ഭാവമാറ്റവുമില്ല.
കഴിഞ്ഞ ദിവസം തന്നെക്കൊപ്പം ഉണ്ടായിരുന്ന അതേ ആർദ്രയാണെന്ന് ആരും പറയില്ല.
തികച്ചും കൂൾ.
ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ.
മനു മനസ്സിൽ ചിരിച്ചു.
.
അടുത്തത് എയ്ഞ്ചൽ.
അവൾ ചെറിയൊരു ചിരി നൽകി.
പക്ഷേ ആ ചിരിയുടെ പിന്നിൽ ഒരു ചെറിയ പരിഭവത്തിന്റെ നിഴൽ അവൻ വ്യക്തമായി കണ്ടു.
രണ്ടു ദിവസമായി അവളെ ഒന്ന് വിളിച്ചില്ല.
ഒരു മെസേജ് പോലും അയച്ചില്ല.
ആർദ്രയുടെയും ദേവശ്രീയുടെയും തിരക്കുകൾക്കിടയിൽ എയ്ഞ്ചലിനെ മറന്നുപോയതായിരുന്നു.
അവളുടെ കണ്ണുകൾ തന്നെ അതിന്റെ പരാതി പറയുന്നുണ്ടായിരുന്നു.
.
ലക്ഷ്മി മാത്രം പതിവുപോലെ.
ആ കൂൾ ഭാവം.
അത് തന്നെയുള്ള ആത്മവിശ്വാസം.
ഒരു മാറ്റവുമില്ല.
മനു അവരുടെയടുത്തെത്തി.
“എന്താണ്? ഇന്ന് നേരത്തെയാണല്ലോ…”
ലക്ഷ്മി ഉടൻ മറുപടി പറഞ്ഞു.
“സാറിനെ കാണാൻ നിന്നതാ.”
“എന്താ?”
അവൻ ചോദിച്ചു.
“ടൂറിന്റെ കാര്യം.”
“അതാണോ?”
“അതേ.”
“എന്തേ? എന്തെങ്കിലും മാറ്റമുണ്ടോ?”
ലക്ഷ്മി കൈയിലെ ചെറിയ നോട്ട് ബുക്ക് അടച്ചു.
“വയനാട്, മൈസൂർ… എല്ലാവരും പോയിട്ടുണ്ടെന്നാ പറയുന്നത്.”
“പിന്നെ എവിടെയാ?”
ആ ചോദ്യം കേട്ടപ്പോൾ അവർ മൂന്നുപേരും പരസ്പരം ഒന്ന് നോക്കി.
ആർദ്രയുടെ കണ്ണുകൾ ലക്ഷ്മിയിലേക്ക്.
എയ്ഞ്ചലിന്റെ കണ്ണുകൾ താഴേക്ക്.
പിന്നെ ലക്ഷ്മി പതിയെ പറഞ്ഞു—
“ഹൈദ്രബാദ് ആക്കിയാലോ എന്നാണ്…”
“ഹൈദ്രബാദ്?”
മനു ഒന്ന് അത്ഭുതപ്പെട്ടു.
“അതൊക്കെ നല്ല ദൂരം ആകില്ലേ?”
“അതേ,” ആർദ്ര ഉടൻ മനുവിനെ പിന്തുണച്ചു. “ഞാനും അതാണ് പറഞ്ഞത്.”
മനു ചിരിച്ചു.
“നിങ്ങൾക്ക് ട്രിപ്പാണോ വേണ്ടത്, ബോർഡർ കടക്കണമെന്നാണോ?”
ലക്ഷ്മി ചിരിച്ചു.
“സാർ കളിയാക്കണ്ട…”
“അല്ലെടി. ഹൈദ്രബാദ് എന്ന് പറഞ്ഞാൽ യാത്ര തന്നെ വലിയ കാര്യമാണ്.”
മനു എയ്ഞ്ചലിനെ നോക്കി.
“നീ എന്താ ഒന്നും പറയാത്തത്?”
അവൾ അവനെ നോക്കി.
“എല്ലാം നിങ്ങൾ പറഞ്ഞോളൂ…”
ശബ്ദം ശാന്തമായിരുന്നു.
പക്ഷേ മനുവിന് ആ ശാന്തതയ്ക്കുള്ളിലെ പിണക്കം വ്യക്തമായിരുന്നു.
