“ശരി… ആദ്യം ടൂർ തന്നെ തീരുമാനിക്കാം.”
അവൻ വീണ്ടും ലക്ഷ്മിയിലേക്ക് തിരിഞ്ഞു.
“മൈസൂർ, ഊട്ടി, കൊടൈക്കനാൽ… ഇതൊക്കെ എല്ലാവരും പോയിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ട് മാത്രം ഹൈദ്രബാദ് പോകണമെന്നില്ല.”
“പുതിയ സ്ഥലം വേണം സാർ,” ലക്ഷ്മി പറഞ്ഞു.
“സ്ഥലം കാണാൻ മാത്രമല്ലല്ലോ ടൂർ.”
മനുവിന്റെ ശബ്ദം ശാന്തമായി.
“ഒരുമിച്ച് പോകുന്നതും, യാത്ര ചെയ്യുന്നതും, എല്ലാവരും ചേർന്ന് സമയം ചെലവഴിക്കുന്നതുമാണ് പ്രധാനപ്പെട്ടത്.”
ആ വാക്കുകൾ കേട്ട് മൂവരും മിണ്ടാതായി.
“പിന്നെ ഹൈദ്രബാദ് എന്നൊക്കെ പറഞ്ഞാൽ,” മനു തുടർന്നു, “ചിലവ് നല്ല രീതിയിൽ കൂടും. എല്ലാവർക്കും അത് എടുക്കാൻ പറ്റണമെന്നില്ല.”
ലക്ഷ്മി തലകുനിച്ചു.
“അതും ശരിയാണ്…”
ആർദ്ര പതുക്കെ പറഞ്ഞു—
“വയനാട് മതിയെടാ…”
അവളുടെ മുഖത്ത് ഒരു ചെറിയ ചിരി.
“അവിടെ ഇപ്പോ നല്ല തണുപ്പായിരിക്കും.”
“അതെ,” മനു ചിരിച്ചു. “നിങ്ങൾക്ക് ടൂർ കഴിഞ്ഞ് വന്നിട്ട് പനി പിടിച്ചു ഒരാഴ്ച്ച ലീവും എടുക്കാം.”
ആർദ്ര ചിരിച്ചു.
“അത് സാർ നോക്കിക്കോളും.”
“ഞാനോ?”
“ഹാ.”
“എനിക്ക് ഇത്രയും ഉത്തരവാദിത്വമുണ്ടോ?”
ലക്ഷ്മി ഉടൻ പറഞ്ഞു—
“ഉണ്ട് സാർ.”
“എന്ത് ഉത്തരവാദിത്വം?”
“ഞങ്ങളെ കൊണ്ടുപോകാനുള്ളത്.”
“അത് സ്കൂളിന്റേതാണ്. എന്റേതല്ല.”
“പക്ഷേ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത് സാറിനെയും മെഹർ മിസ്സിനെയും കൂടെ കൊണ്ടുപോകണമെന്നാണ്.”
മനുവിന്റെ ചിരി ഒരു നിമിഷം മങ്ങിയെങ്കിലും, അത് ആരും ശ്രദ്ധിച്ചില്ല.
“നിങ്ങൾ ആദ്യം നിങ്ങളുടെ
ക്ലാസ്സിൽ സംസാരിച്ചു നോക്ക്.”
“ഞങ്ങൾ സംസാരിക്കാം.”
അവിടെ വീണ്ടും ചെറിയൊരു മൗനം.
മനു വീണ്ടും എയ്ഞ്ചലിനെ നോക്കി.
“എയ്ഞ്ചൽ ?”
“വയനാട് ആണോ?”
അവൾ കുറച്ചുനേരം അവനെ നോക്കി.
“സാറിന് ഇഷ്ടമുള്ളത് മതി.”
അവൾ മുഖത്തേക്ക് നോക്കാതെ പറഞ്ഞു”
അവൻ വീണ്ടും ലക്ഷ്മിയിലേക്ക് തിരിഞ്ഞു.
“ഇവിടെ നിന്ന് എല്ലാവർക്കും സൗകര്യമുള്ള ഒരു സ്ഥലമാണ് ബെസ്റ്റ്. യാത്ര വളരെ നീളരുത്. ചിലവും അധികമാകരുത്.”
“ശരി സാർ.”
“നിങ്ങൾ ഒന്ന് കൂടി ക്ലാസ്സിൽ സംസാരിച്ചു നോക്കൂ.”
“ഹ്മ്മ്.”
ലക്ഷ്മി തലകുനിച്ചു.
പിന്നെ മനു വളരെ സ്വാഭാവികമായി പറഞ്ഞു—
“ഇനി സ്ഥലം മാറ്റിയാൽ മെഹർ മിസ് ചിലപ്പോൾ വരില്ലെന്ന് പറയും.”
ആ വാക്ക് കേട്ടതും ലക്ഷ്മിയുടെ കണ്ണുകളിൽ ഒരു കുസൃതി തെളിഞ്ഞു.
“മെഹർ മിസ് സമ്മതിച്ചോ?”
“ഹാ.”
“അപ്പോൾ ഇത് തന്നെ മതിയല്ലേ?”
അവൾ ആർദ്രയെയും എയ്ഞ്ചലിനെയും നോക്കി ചോദിച്ചു.
ആർദ്ര ഉടൻ—
“ഹാ…”
എയ്ഞ്ചലും ഇത്തവണ ചെറിയൊരു പുഞ്ചിരിയോടെ തലകുനിച്ചു.
“അപ്പോൾ ശരി സാർ…”
ലക്ഷ്മി പറഞ്ഞു.
“ശരി സാർ…” ആർദ്രയും പറഞ്ഞു
മൂവരും തിരിഞ്ഞ് നടക്കാൻ തുടങ്ങി.
വരാന്തയിലെ നീണ്ട പാതയിൽ അവരുടെ കാലടികൾ പതിയെ അകന്നു. രാവിലത്തെ സൂര്യപ്രകാശം ജനൽച്ചില്ലുകളിലൂടെ ചിതറി വീണ് നിലത്ത് സ്വർണ്ണപ്പാടുകൾ വരച്ചിരുന്നു.
രണ്ടടി നടന്നശേഷം എയ്ഞ്ചൽ മാത്രം ഒന്ന് പിന്നിലേക്ക് നോക്കി.
മനുവിനെ കാണാൻ.
മനുവിന്റെ കണ്ണുകളും അപ്പോഴും അവളിലായിരുന്നു.
അവളുടെ മുഖത്തെ ചെറിയൊരു പിണക്കം ഇപ്പോഴും പൂർണ്ണമായി പോയിരുന്നില്ല. ചുണ്ടുകൾ സാധാരണ നിലയിലായിരുന്നെങ്കിലും കണ്ണുകളിൽ ഒരു മൃദുവായ പരാതി.
“എന്നെ രണ്ടുദിവസം മറന്നല്ലോ…”
എന്ന് പറയാതെ പറയുന്ന കണ്ണുകൾ.
മനുവിന്
അവളെ ആ പിണക്കത്തോടെ പോകാൻ മനസ്സ് അനുവദിച്ചില്ല.
“എയ്ഞ്ചൽ…”
അവരുടെ കാലടികളുടെ ശബ്ദങ്ങൾക്കിടയിലൂടെ മനുവിന്റെ ആദ്രമായ വിളി വരാന്തയിൽ മുഴങ്ങി.
മൂവരും ഒരുമിച്ച് തിരിഞ്ഞുനോക്കി.
മനു വിരൽ ചൂണ്ടിയത് എയ്ഞ്ചലിലേക്കായിരുന്നു.
“എയ്ഞ്ചൽ… ഒന്ന് വരൂ.”
ലക്ഷ്മി ആർദ്രയെ നോക്കി.
ആർദ്ര ഒന്നും ചോദിച്ചില്ല.
മനുവിന് എയ്ഞ്ചലിനോട് ഒറ്റയ്ക്ക് എന്തോ പറയാനുണ്ടെന്ന് അവൾക്ക് മനസ്സിലായി.
“വാ,” ആർദ്ര ലക്ഷ്മിയോട് പതുക്കെ പറഞ്ഞു.
അവർ മുന്നോട്ട് നടന്നു.
എയ്ഞ്ചൽ മാത്രം അവിടെ നിന്നു.
പേടമാൻ മിഴികളോടെയുള്ള അവളുടെ മുഖം അവൻ ശ്രദ്ധിച്ചു… അതിൽ അവനോടുള്ള പിണക്കം വ്യക്തമായിരുന്നു.. അവളുടെ സൗന്ദര്യത്തിന്റെ പ്രസരിപ്പ് രാവിലെ തന്നെ മനുവിനെ മത്ത് പിടിപ്പിച്ചു…
