ആർദ്ര ഉടനെ തലകുലുക്കി—
അതെ എന്ന ഭാവത്തിൽ.
“അതെന്താ?” മനു ചോദിച്ചു.
“അവളുടെ സ്വഭാവം അങ്ങനെയാണ്. അവൾക്ക് ഒരാളെ ഇഷ്ടമാണെങ്കിലും, അയാളുടെ പുറകെ നടക്കുന്നതിനേക്കാൾ അയാൾ തന്നെ അവളെ ശ്രദ്ധിക്കണം എന്നാണ് ആഗ്രഹിക്കുക.”
ആർദ്രയുടെ മുഖത്തെ കുസൃതി പതുക്കെ മങ്ങി.
മെഹർ തന്നെ ഇത്ര കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന അതിശയമായിരുന്നു അവൾക്ക്.
“അവൾ എല്ലാം തമാശയാക്കും,” മെഹർ പറഞ്ഞു.
“പക്ഷേ ഉള്ളിൽ വളരെ സീരിയസ് ആണ്. ആരെങ്കിലും അവളെ
വെറും കോമഡി ആയി കണ്ടാൽ അവൾക്ക് ഇഷ്ടമാകില്ല.”
ആർദ്ര മനുവിന്റെ കൈയിൽ പതുക്കെ തോണ്ടി.
കേട്ടോ? എന്ന ഭാവത്തിൽ അവൾ കണ്ണുകൾ കൊണ്ട് ചോദിച്ചു.
മനു ചിരി അടക്കി.
“നിനക്ക് അവളെ ഇത്ര അറിയാമോ?” അവൻ ചോദിച്ചു.
“അവളെ കുറച്ചൊക്കെ ഞാൻ മനസിലാക്കിയിട്ടുണ്ട്.”
“അവൾക്ക് എന്നെ വേണമെന്നാണോ നീ പറയുന്നത്?”
“വേണം.”
ആ വാക്ക് കേട്ടതും ആർദ്ര നിശ്ചലമായി.
മുഖത്ത് അറിയാതെ ഒരു നാണം തെളിഞ്ഞു.
“പക്ഷേ അവൾ ഒരിക്കലും നേരെ വന്ന് പറയില്ല,” മെഹർ തുടർന്നു.
“നീ തന്നെ അവളെ തേടിയെത്തണം. അവളെ ശ്രദ്ധിക്കുന്നു എന്ന് കാണിക്കണം. അപ്പോൾ മാത്രമേ അവൾ തുറക്കൂ.”
ആർദ്ര മനുവിനെ നോക്കി.
ഇന്നുതന്നെ അവൻ തന്നെ വിളിച്ചതും, വീട്ടിലേക്ക് വരാൻ പറഞ്ഞതും അവൾ ഓർത്തു.
മെഹർ പറഞ്ഞതുപോലെ തന്നെയാണ് ഇന്ന് സംഭവിച്ചതെന്ന ബോധ്യം അവളുടെ ഉള്ളിൽ ചെറിയൊരു സന്തോഷം നിറച്ചു.
“അവൾക്ക് കുറച്ച് ആറ്റിട്യൂട് ഉണ്ട്,” മനു പറഞ്ഞു.
ആർദ്ര പെട്ടെന്ന് അവന്റെ കൈയിൽ നുള്ളി.
“ആ ആറ്റിട്യൂട് തന്നെയാണ് അവളുടെ ബ്യൂട്ടി ,” മെഹർ പറഞ്ഞു.
ആർദ്രയുടെ മുഖം ഉടനെ തെളിഞ്ഞു.
മനു അവളെ നോക്കി ചിരിക്കാൻ പോകുമ്പോൾ, അവൾ വീണ്ടും ചുണ്ടിൽ വിരൽവച്ചു.
“അവൾ സ്മാർട്ട് ആണ്,” മെഹർ തുടർന്നു.
“മറ്റുള്ളവർ പറയുന്നതെല്ലാം കേട്ട് വിശ്വസിക്കില്ല. ആദ്യം നോക്കും. പിന്നെ മനസ്സിലാക്കും. അവസാനം മാത്രം സംസാരിക്കും.”
മനുവിന്റെ മനസ്സിലൂടെ ഇന്നത്തെ ആർദ്രയുടെ ട്രാപ്പ് കടന്നുപോയി.
“അത് ശരിയാണ്, ” അവൻ പറഞ്ഞു.
“പിന്നെ അവൾക്ക് വിശ്വസിച്ച ഒരാളെ വിട്ടുകൊടുക്കാനും പറ്റില്ല.”
ആർദ്രയുടെ കണ്ണുകൾ ഒരു നിമിഷം മൃദുവായി.
തന്നെക്കുറിച്ച് മെഹർ പറയുന്ന ഓരോ വാക്കും അവളുടെ ഉള്ളിൽ പതിഞ്ഞുകൊണ്ടിരുന്നു.
“ടൂറിൽ അവൾ നിന്റെ പുറകെ നടക്കില്ല,” മെഹർ വീണ്ടും പറഞ്ഞു.
“പക്ഷേ നീ മറ്റാരോടൊപ്പം കൂടുതൽ സമയം നിൽക്കുമ്പോൾ, അകലെയിരുന്ന് എല്ലാം നോക്കും.”
മനു ചിരിച്ചു.
“അപ്പോൾ നീ എല്ലാവരെയും നോക്കി നടക്കുമോ?”
“ഞാൻ നിങ്ങളെല്ലാവരെയും നോക്കും.”
“എന്നെ ആരാണ് നോക്കുക?”
“ഞാൻ.”
മെഹറിന്റെ മറുപടി ഒട്ടും വൈകിയില്ല.
മനുവിന്റെ മുഖത്ത് മൃദുവായൊരു ചിരി വന്നു.
“അതുമതി.”
അവരുടെ
ആ ചെറിയ സംഭാഷണം കേട്ട ആർദ്രയ്ക്ക് വീണ്ടും മനസ്സിലായി—
എത്ര പേരെക്കുറിച്ച് സംസാരിച്ചാലും, എത്ര പേരുടെ ഇഷ്ടങ്ങളെക്കുറിച്ച് പറഞ്ഞാലും, അവസാനം മനുവും മെഹറും തിരികെ എത്തുന്നത് അവരിലേക്ക് തന്നെയാണ് .
മനുവിന്റെ കൈയിൽ പിടിച്ചിരുന്ന ആർദ്രയുടെ വിരലുകൾ അല്പം അയഞ്ഞു.
ഇപ്പോൾ അവൾക്ക് അസൂയയേക്കാൾ കൂടുതൽ അതിശയമായിരുന്നു.
ഇങ്ങനെ ഒരാളെ സ്നേഹിക്കാൻ കഴിയുമോ?
മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കിക്കൊണ്ട്, സ്വന്തം സ്ഥാനം നഷ്ടപ്പെടുമോ എന്ന് പേടിക്കാതെ?
മെഹറിന്റെ ശബ്ദത്തിൽ ആർദ്ര കേട്ടത് അതായിരുന്നു.
മനു പതുക്കെ ആർദ്രയെ നോക്കി.
ഇനി പറയേണ്ട കാര്യത്തിലേക്കാണ് സംഭാഷണം എത്തേണ്ടത്.
തന്നെക്കുറിച്ച് മെഹർ പറഞ്ഞ നല്ല വാക്കുകൾ കേട്ട് ആർദ്രയുടെ മുഖം തെളിഞ്ഞിരുന്നു.
എന്നാൽ അടുത്ത നിമിഷം ആ മുഖം എങ്ങനെ മാറുമെന്ന് മനുവിന് അറിയില്ലായിരുന്നു.
അവൻ ശ്വാസം ഒന്ന് നേരെയാക്കി.
“മെഹർ…”
“ഹ്മ്മ്?”
“ആർദ്ര നിന്റെ വിചാരം പോലെ ഇനി പുറകെ നടക്കാൻ സാധ്യതയില്ല .”
ആർദ്ര ഉടനെ അവനെ നോക്കി.
മെഹർ ചിരിച്ചു.
“അതെന്താ ഇപ്പോൾ അത്ര ഉറപ്പോടെ?”
“ഞാൻ ഇപ്പോൾ വിളിച്ചത് തന്നെ ആ ഒരു കാര്യം പറയാനാണ്.”
ആർദ്രയുടെ മുഖത്തെ സന്തോഷം പെട്ടെന്ന് ആവേശമായി മാറി.
