വാതില് മെല്ലെ ചാരിയിട്ടെ ഒള്ളു… അതുകൊണ്ട് അമ്മുവിൻ്റെയും അമ്മയുടെയും അട്ടഹാസം കേൾക്കാം.. അടുക്കളയിൽ ആണെന്ന് തോന്നുന്നു… രാവിലെ തന്നെ രണ്ടും കൂടി കത്തി വെപ്പ് തുടങ്ങി… അമ്മുവിൻ്റെ മറ്റൊരു ഹോബിയാണ് അമ്മയുമായുള്ള കത്തിവെപ്പ്..ഞാൻ ഇവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് മുറപോലെ നടക്കും…. മുൻപേ പറഞ്ഞതുപോലെ അമ്മുവിൻ്റെ പ്രധാന രഹസ്യക്കാരിയാണ് അമ്മ…. അവരുടെ സംസാരത്തിനായി ഞാനറിയാതെ കാതോർത്തു…
“ആണോ… എന്നിട്ട് ജിത്തേട്ടൻ എന്നോട് പറഞ്ഞില്ലല്ലോ… ഹും…”
എൻ്റെ ജോലിക്കാര്യം ആണെന്ന് തോന്നുന്നു… അമ്മയോട് അമ്മു ചോദിച്ചുകൊണ്ട് പരാതി പറഞ്ഞു…
” എന്നോടും പറഞ്ഞില്ലടി മോളെ…. ഇന്നലെ എട്ടനോട് പറയുന്ന കൂട്ടത്തിലാ ഞാനും അറിയുന്നെ…”
അമ്മ ഇന്നലത്തെ സംസാരതിനടിയിൽ ഞാൻ പറഞ്ഞത് അമ്മുവിനോടു പറഞ്ഞു…
“ങ്ഹും… ഞാൻ ചോദിച്ചോളാം ആ കള്ളനോട്…. അല്ലെങ്കിൽ എല്ലാ കാര്യോം എന്നോട് നേരത്തെ പറയുന്നതാ… കൊരങ്ങൻ”
അമ്മു അവളോട് പറയാത്തതിൻ്റെ ഇഷ്ടക്കേട് കാണിച്ചുകൊണ്ട് പറഞ്ഞു… അവളോട് ഞാൻ എൻ്റെയെല്ലാ കാര്യവും പറയാറുണ്ട്. പക്ഷേ ഇത് ജോലിടെ കാര്യം ആയതിനാൽ അത് കിട്ടുന്നതുവരെ പെണ്ണിൻ്റെ എന്തായി എന്തായി എന്നുള്ള ചോദ്യം എപ്പോഴും കേൾക്കണം അതുകൊണ്ട് മനപ്പൂർവ്വം ആണ് പറയാഞ്ഞെ. മാത്രവുമല്ല അത് കിട്ടുന്നതുവരെ അവൾക്കും ടെൻഷൻ ആയിരിക്കും….
“ദേടി പെണ്ണെ… എൻ്റെ കൊച്ചിനെ കള്ളാ കൊരങ്ങാ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ… നല്ലത് കിട്ടും നിനക്ക്…”
അമ്മു എന്നെ കളിയാക്കി വട്ടപ്പേര് വിളിച്ചത് ഇഷ്‌ടായില്ല എന്ന പോലെ അമ്മ കളിയായി അമ്മുവിനോട് പറഞ്ഞു… ഇവർ തമ്മിൽ ഇങ്ങനെ ആണ്.. രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും തമാശക്ക് ഓരോന്ന് പറഞ്ഞ് തല്ലുകൂടും… പക്ഷേ ഇഷ്ടംകൊണ്ടുള്ള തല്ല് ആണെന്ന് മാത്രം…
“യ്യോ… മോനെ പറഞ്ഞപ്പോ എൻ്റെ ചുന്ദരി വല്യമ്മക്ക് വിഷമായോ… സാരില്ലാട്ടോ… ഇനി ആവർത്തിക്കില്ല… ഹിഹി…”
കട്ടക്ക് കട്ട എന്നപോലെ നല്ലോണം പതപ്പിച്ചുകൊണ്ട് അമ്മുവും തിരിച്ചടിച്ചു…
“പോടി പെണ്ണെ..അവൾടെ ഒരു ചുന്ദരി… ദേ ചായ ചൂടാറുന്നത്തിന് മുൻപ് കൊണ്ട് കൊടുക്ക് നിൻ്റെ ചേട്ടന്… പിന്നെ അവനെ ശല്യം ചെയ്തിട്ട് അവസാനം പ്രശ്നായാൽ എൻ്റെടുത്ത് വരാൻ നിക്കണ്ടാട്ടോ…”
അമ്മക്ക് നാണം വന്നെന്ന് തോന്നുന്നു..ചെറിയ കുണുങ്ങി ചിരിയോക്കെ കേൾക്കാം… എത്ര വയസായാലും പെണ്ണുങ്ങളെ ഒന്ന് പുകഴ്ത്തിയാൽ ഇഷ്ടപ്പെടാതവരുണ്ടോ..?… എൻ്റെ സ്വഭാവം അറിയാവുന്ന അമ്മ അമ്മുവിനെ ഓർമ്മിപിച്ചുകൊണ്ട് പറഞ്ഞു…
“ഓ… താങ്ക് യൂ ഫോർ യുവർ അഡ്വൈസ് വല്യമ്മാ… ഉമ്മാഹ്…”
അമ്മു മുന്നറിയിപ്പിന് നന്ദി അറിയിച്ചു.. ഉമ്മ കൊടുക്കുന്ന പെണ്ണിൻ്റെ കാര്യം ഓർത്ത് ഞാൻ ചിരിച്ചു…
“മ്മ്… മ്മ്…ചെല്ല് ചെല്ല്… ഞാനൊന്ന് കുളിക്കട്ടെ… ഉമ്മ…”
അമ്മ തിരിച്ചും ഉമ്മ കൊടുത്തിട്ട് പറഞ്ഞു… ഹൗ എന്താ സ്നേഹം… ഇതൊക്കെ എപ്പൊഴും ഇങ്ങനെ തന്നെ ആയാൽ മതിയായിരുന്നു…
അമ്മു ശരിയെന്നും പറഞ്ഞ് ഇങ്ങോട്ട് നടന്നുതുടങ്ങിന്ന് തോന്നുന്നു… നടക്കുന്ന ശബ്ദം കേൾക്കാം…
പെട്ടെന്ന് എനിക്കൊരു കുസൃതി തോന്നി.. പെണ്ണിൻ്റെ ഉള്ളിലിരുപ്പും കൂടി അറിയാലോ… ഞാൻ വേഗം ബെഡിലേക്കുകയറി നെഞ്ചിന് താഴെവരെ പുതപ്പ് ഇട്ട് കണ്ണടച്ചു മലർന്ന് കിടന്നു… ഷോർട്‌സും ടീ ഷർട്ടും ആണ് എൻ്റെ വേഷം…
അമ്മു പതിയെ വാതിൽ തുറന്ന് അകത്തേക്ക് വന്നു..ഞാൻ കണ്ണൊന്നു മിന്നിച് നോക്കി.. ഒരു വെള്ള ഹാഫ് സ്ലീവ് കുർത്തിയും വെള്ളയിൽ ബ്ലാക്ക് ഡിസൈൻ ഉള്ള പാവാടയും ആണ് വേഷം… മുടി അഴിച്ചിട്ടിരിക്കുകയാണ്… കുളി കഴിഞ്ഞുള്ള വരവാണെന്ന് തോന്നുന്നു… പിയേഴ്‌സ് സോപ്പിൻ്റെ നല്ല വാസനയുണ്ട്… അതും ശ്വസിച്ചുകൊണ്ട് ഞാൻ കണ്ണടച്ച് ഉറങ്ങുന്ന പോലെ കിടന്നു…
അമ്മു എന്നെ കണ്ട വഴി ഒന്ന് ചിരിച്ചുകൊണ്ട് വേഗം ചായ ബെഡ്ഡിനടുത്തുള്ള ചെറിയ ടേബിളിൽ വച്ചു…
“ജിത്തേട്ടാ…. എണീറ്റില്ലേ…. ”
അമ്മു പതിയെ എന്നെ വിളിച്ചുകൊണ്ട് ഇടതുകാൽ ബെഡിൽ മടക്കി വച്ച് വലതുകാൽ പുറത്ത് ഇട്ട് എൻ്റെ നെഞ്ചിൻ്റെ ഭാഗത്തായി ചരിഞ്ഞ് ഇരുന്നു… ശേഷം എന്നെ മെല്ലെ തോണ്ടിയിട്ട് ഒന്നൂടെ വിളിച്ചു…
