“കൊരങ്ങൻ… സുഖായിട്ട് ഉറങ്ങാണ്… ഹും…”
അമ്മു ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഉണർന്നിട്ടുണ്ടോന്നു പെട്ടെന്നറിയാൻ വേണ്ടിയായിരിക്കണം അങനെ വിളിച്ചത്… പക്ഷെ അത് ഏൽക്കാതതുകൊണ്ട് കക്ഷി ഞാൻ ഉറക്കത്തിൽ തന്നെയാണെന്ന് കരുതി എന്ന് തോന്നുന്നു….
എന്നിട്ട് എൻ്റെ മുഖത്ത് അൽപ്പനേരം നോക്കിയിരുന്നു ചിരിച്ചതിന് ശേഷം ഇടതുകൈ കുത്തിക്കൊണ്ട് എൻ്റെ മേലേക്ക് ചാഞ്ഞു.
“ഏട്ടാ…ഹ്…”
അമ്മു അവളുടെ മുഖം എൻ്റെ ചെവിയോടു അടുപ്പിച്ചു എൻ്റെ ചെവിയിൽ ഒന്ന് പതിയെ ഊതിയതിന് ശേഷം വളരെ മൃദുലമായി വിളിച്ചു.. ആഹാ എന്താ സുഖം… അല്ലേലും നമ്മക്ക് ഇഷ്ടമുള്ളവരുടെ സ്നേഹത്തോടെയുള്ള വിളി കേൾക്കുവാൻ നല്ല രസമാ…. എൻ്റെ പ്രതികരണം ഇല്ലാത്തതുകൊണ്ട് പെണ്ണ് ഒന്നൂടി വിളിച്ചു…
എന്നാല് ആ നിമിഷം എന്നിൽ സ്ഥിരം പ്രശ്നം ഉടലെടുത്തു…വേറൊന്നുമല്ല അമ്മുവിൻെറ സാമിപ്യവും അവളുടെ ശരീരത്തിൻ്റെ സുഖമുള്ള ഗന്ധവും അവളുടെ സ്വാസത്തിൻ്റെ ചൂടും എൻ്റെ കാതുകൾക്ക് പ്രിയമുള്ള അവളുടെ ശബ്ദവും ലഭിച്ചതോടെ ഞാൻ വെറെ ലോകത്തേക്ക് മെല്ലെ പോവുകയായിരുന്നു… സത്യം പറഞ്ഞാല് അവളെ കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കുവാൻ ആണ് എനിക്ക് തോന്നിയത്.. ഒരിക്കലും ആർക്കും വിട്ടുകൊടുക്കാതെ അവളെ എന്നിലേക്ക് ചേർത്ത് പിടിക്കുവാൻ എൻ്റെ കരങ്ങൾ കൊതിച്ചു. ഒരുവിധത്തിൽ ഞാൻ കൺട്രോൾ ചെയ്ത് അവിടെ കിടന്നു….
അവസാന വിളിയിലും പ്രതികരണം ഇല്ലാത്തതിനാൽ അമ്മു അവളുടെ തിളങ്ങുന്ന കണ്ണുകൾകൊണ്ട് എൻ്റെ മുഖത്ത് സൂക്ഷിച്ചുനോക്കി. ചെറുതായി ചിരിക്കുന്നുണ്ട്… കള്ളച്ചിരി തന്നെ… എന്നിട്ട് വാതിലിലേക്ക് ഒന്ന് നോക്കിയത്തിന് ശേഷം വീണ്ടും എന്നെ നോക്കി…. ഇതെല്ലാം അൽപ്പം പരുങ്ങിക്കൊണ്ടാണ് ചെയ്യുന്നത്… അവളുടെ കാട്ടായം കണ്ടിട്ട് എനിക്ക് ഇപ്പോ ചിരിപൊട്ടുമെന്ന അവസ്ഥയായി….
“ഹും… കള്ളൻ്റെ കിടപ്പ് കണ്ടോ… ഒറ്റ കുത്ത് വെച്ചുകൊടുക്കണം…ഹും…”
അമ്മു കാല് രണ്ടും ബെഡിലേക്കു കയറ്റി ഇടത്തെ കൈ കുത്തി തലക്ക് കൊടുത്തുകൊണ്ട് എന്നെ നോക്കി നിവർന്നു കിടന്നുകൊണ്ട് പറഞ്ഞു … എന്നിട്ട് വലത്തെ കൈകൊണ്ട് എൻ്റെ മുടിയിലും കവിളിലുമായി തലോടി..അവളുടെ ആ മൃദുലമായ വിരലുകൾ എൻ്റെ മുഖത്താകമാനം ഇഴഞ്ഞു നടന്നു…
എൻ്റെ ആറ്റുകാൽ അമ്മച്ചി…. ഞാൻ മനസ്സിൽ വിളിച്ചു…
ഈ പെണ്ണ് ഇതെന്ത് ഭാവിച്ചാ…ഇതതികം നീണ്ടുപോവില്ലന്നെനിക്ക് തോന്നി… അതിന് മുമ്പേ തന്നെ ഇവളെ കെട്ടിപ്പിടിച്ച് ഇറുക്കി കൊല്ലും ഞാൻ…
“ൻ്റെ കൃഷ്ണാ… ഈ കോന്തനെ നിക്ക് പെട്ടെന്നിങ് തന്നൂടെ…. ഞാനെത്രനാളായി പറയുന്നതാ…. ഹും…”
എന്ന് മെല്ലെ ചിണുങ്ങി പറഞ്ഞുകൊണ്ട് എൻ്റെ കവിളിൽ
തുരുതുരാ മെല്ലെ മുത്തി….
“ഞാനെത്രതവണ ഈ കൊരങ്ങന് മനസ്സിലാവാൻ വേണ്ടി ഓരോന്ന് പറയേം ചെയ്യുകെം ചെയ്തു… എന്നിട്ടും മനസ്സിലായില്ല… കള്ളചേട്ടൻ….. ങ്ഹും… ങ്ഹും…”
മുത്തുന്നത് നിർത്തിയ ശേഷം എൻ്റെ മുഖത്ത് നോക്കി ചിണുങ്ങിക്കൊണ്ട് പറഞ്ഞു… എന്നിട്ട് വലതുകൈ എൻ്റെ കഴുത്തിലൂടെ ഇട്ടുകൊണ്ട് എൻ്റെ തലയുടെ സൈഡിൽ തലോണയിൽ മുഖം പൂഴ്ത്തി കിടന്നു…
അവളുടെ വാക്കുകൾ കേട്ടിട്ട് ആദ്യം എൻ്റെ ഫ്യൂസ് അടിച്ചുപോയെന്നാ ഞാൻ കരുതിയത്… പക്ഷേ വീണ്ടും അവളുടെ സ്പർശനം അറിഞ്ഞപ്പോൾ ഞാൻ
ബോധവാനായി.. ഇല്ല എനിക്ക് ഒന്നും പറ്റിയിട്ടില്ല… ഓകെ ആണ്…
ഞാൻ സംശയിച്ചത് തന്നെ… അവൾക്കെന്നോട് ഒരു സാഹോദര്യ സ്നേഹം അല്ല…മറിച്ച് അവൾ.. എൻ്റെ അമ്മു എന്നെ പ്രണയിക്കുന്നു… അതും ഒരുപാട് നാളുകളായിട്ട്… എനിക്കെന്താ ഇതൊന്നും മനസ്സിലാവാതെ പോയത്.. ഞാനെന്തൊരു പൊട്ടനാ ദൈവമേ…
ആ നമ്മക്ക് എല്ലാ കഴിവും ദൈവം ഒരുമിച്ച് തരില്ലല്ലോ… അതായിരിക്കും…
എന്നാല് പണ്ടൊരു സിനിമയിൽ നിവിൻപോളി പറഞ്ഞതുപോലെ ശ്രീശാന്തിന് സൈമൺസിൻ്റെ വിക്കറ്റ് കിട്ടിയപ്പോളുള്ള അവസ്ഥയായിരുന്നു എനിക്ക്…
പെണ്ണിനെ കെട്ടിപ്പിടിച്ച് ആ ചെറിപ്പഴം പോലുള്ള ചുണ്ടിൽ ആഞ്ഞൊരു കിസ്സ് കൊടുത്തു ഇപ്പോ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞാലൊന്നു പോലും എനിക്ക് തോന്നി… വേണ്ട ഇത്രയും നാള് ഉള്ളിൽകൊണ്ട് നടന്നതല്ലേ… എന്നോട് എപ്പോഴേ അവൾക്കിത് പറയായിരുന്നു… ഇനിയിപ്പോ അവള് തന്നെ പറയട്ടെ… അല്ലെങ്കിൽ പറയിക്കാം…
