“അമ്മൂ…. മോളെ….”
അമ്മയുടെ വിളി… ഒപ്പം നടന്നുവരുന്ന ശബ്ദവും… എൻ്റെ ഉള്ളിൽ ഇടി വെട്ടി… ഞാൻ പൊക്കുവാൻ ശ്രമിച്ച കൈ തിരിച്ച് ബെഡിൽ തന്നെ വച്ചു… അമ്മുവിൻ്റെ കാര്യം ആണ് കഷ്ടം.. പെണ്ണ് കണ്ണ് ഞെട്ടി തുറന്ന് എൻ്റെ ചുണ്ട് പെട്ടെന്ന് വിടുവിച്ചു…
എന്നിട്ട് ചാടി ബെഡ്ഡിൽ ഇരുന്നു. മുഖത്തെ രക്തം വറ്റി വെള്ള നിറമായിട്ടുണ്ട്… പെട്ടെന്ന് കൈകൾ കൊണ്ട് എൻ്റെയും ശേഷം അവളുടെയും ചുണ്ടുകൾ തുടച്ചു…
“ഓ… വല്യമ്മേ… ഞാവിടെയുണ്ട്…”
ഇടതുകാൽ പുറത്തേക്കിട്ടു ഇരുന്നുകൊണ്ട് അമ്മു അമ്മയുടെ വിളിക്ക് മറുപടി കൊടുത്തു… എന്നിട്ട് ഒന്നുമറിയാത്ത പാവത്തെ പോലെ എന്നെ നോക്കി ഇരിക്കുന്ന പോലെ ഇരുന്നു…. പക്ഷേ അവളുടെ ശരീരം ഇരുന്നു പിടക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്.. പാവം… ഇത്രയും നേരം അവളെപ്പോലെ ഈ നിമിഷം ആസ്വദിച്ച എനിക്ക് ഇങ്ങനെ കിടന്നാൽ മതിയല്ലോ… ഇനി അമ്മയെന്തെങ്കിലും സംശയത്തോടെ ചോദിച്ചാൽ തീയിൽ നിന്ന് ഡാൻസ് കളിക്കുന്നതിന് തുല്യമായിരിക്കും അവളുടെ അവസ്ഥ…
പക്ഷേ അമ്മു സ്നേഹത്തോടെ വിളിക്ക് മറുവിളി കൊടുത്തെങ്കിലും ഉള്ളിൽ എൻ്റെ അമ്മയെ അവള് പ്രാകുന്നുണ്ടാകും… കള്ളി… അതിൻ്റെ നീരസം മുഖത്ത് കാണുന്നുമുണ്ട്…
അവസാനം അമ്മ റൂമിലേക്ക് എത്തി…
“ആഹാ… ചേട്ടന് ചായയും കൊടുത്ത് ചേട്ടൻ എണീക്കുന്നതും നോക്കി ഇരിക്കുവാണോ… നന്നായിണ്ട്. ഇതിനാണോ മോള് വേഗം ചായയും കൊണ്ട് പൊന്നേ…”
അമ്മുവിൻ്റെ പാവമ്പോലെയുള്ള ഇരുത്തം കണ്ടിട്ട് അമ്മ ചോദിച്ചു…
“അത്.. അത്… ഏട്ടനെ വിളിച്ചപ്പൊ എനീറ്റില്ല… അതോണ്ട് ഇങ്ങനെ… കുറച്ചേരം ഇരുന്നെയാ…”
പതിവ് കൊഞ്ചൽ സ്റ്റൈലിൽ അമ്മു കണ്ണുചിമ്മിക്കൊണ്ട് അമ്മയോട് പറഞ്ഞു…
കള്ളി.. എന്താ അഭിനയം.. വെളുപ്പാങ്കാലത്ത് തന്നെ എന്നെ കിസ്സടിച്ച് പരലോകത്ത് എത്തിച്ചില്ലാന്നെ ഒള്ളു.. എന്നിട്ടാ ഒന്നുമറിയാത്ത അമ്മയുടെ പുന്നാര അമ്മ്യൂസ് ഇരിക്കുന്നേ… ഞാൻ മനസ്സിൽ പറഞ്ഞു…
“പ്രത്യേകിച്ച് വല്ല പരിപാടിയുണ്ടെങ്കി മാത്രേ എൻ്റെ പുത്രൻ നേരത്തെ എണീക്കു… മോള് രണ്ട് കീറങ്ങ് കൊടുത്തോ…. അല്ലാതെ ഇങ്ങനെ നോക്കി ഇരുന്നാലൊന്നും അവനെണീക്കില്ല…”
അമ്മ ചിരിയോടെ പറഞ്ഞു… അമ്മുവും ഒപ്പം ചിരിക്കുന്നുണ്ട്….
“ഏയ് വേണ്ട വല്യമ്മേ… ഏട്ടനെ തല്ലുവൊന്നും വേണ്ട… ഞാൻ എനീപ്പിച്ചോളാം…”
അമ്മു അമ്മയോട് പറഞ്ഞു. അവൾടെ സ്നേഹം കണ്ടിട്ട് എന്തോ അമ്മക്ക് പ്രത്യേക സന്തോഷം വന്നെന്ന് തോന്നുന്നു… അമ്മ വന്ന് ബെഡിൽ അമ്മുവിൻ്റെ അരികിൽ വന്നിരുന്നു.. പക്ഷേ അവൾടെ ഉദ്ദേശം വേറെയാണെന്ന് എനിക്കല്ലേ അറിയൂ…
“ഡാ… ജിത്തു… എണീറ്റെ… ഈ കൊച്ച് എന്തോരം നേരായി വന്നിരിക്കുന്നു…. എണീക്കട…”
അമ്മ വന്ന് എന്നെ തോണ്ടി വിളിച്ചു… ഞാൻ മെല്ലെ കണ്ണുകൾ തുറന്ന് എഴുന്നേൽക്കുന്ന ഭാവം വരുത്തി കണ്ണുകൾ തുറന്ന് അടച്ചു… ആഹാ.. നല്ല കണി… അമ്മു എന്നെ നോക്കി പല്ലിളിച്ചു ഇരിക്കുന്നുണ്ട്…
“എന്താ… അമ്മാ… ഹ്…”
ഒന്ന് ഞെളിഞ്ഞു കൈകൾ സ്‌ട്രെച്ച് ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു…ഒപ്പം ഒരു കോട്ടുവായയും…
ഏത്… ആക്ടിംഗ് ആക്ടിംഗ്….
“ദേ… നിനക്ക് ചായേംകൊണ്ട് എപ്പോ വന്നിരിക്കുന്നതാ മോള്… എഴുന്നേറ്റ് അതെടുത്ത് കുടിച്ചെ… ഇപ്പോ തന്നെ തണുത്തു…”
അമ്മ എന്നെ നോക്കി അമ്മുവിനെ തലോടിക്കൊണ്ട് അത്രയും പറഞ്ഞുകൊണ്ട് എഴുന്നേറ്റു… ഞാൻ രണ്ടാളേയും മാറി മാറി നോക്കി… ഉറക്കത്തിൽ നിന്ന് ഇപ്പോ എണീറ്റത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കണമല്ലോ…
“അമ്മൂ… വാ… മോൾക്ക് ചായ തരാം…”
അമ്മ അമ്മൂനോട് വാത്സല്യത്തോടെ പറഞ്ഞുകൊണ്ട് മെല്ലെ നടന്നു…
“ആഹ്… വല്യമ്മേ.. ഇപ്പോ വരാ… ”
അതിലേറെ സ്നേഹത്തോടുകൂടി അമ്മ പോകുന്നതും നോക്കി അമ്മു പറഞ്ഞു… ശേഷം ക്രാസിയിൽ ചാരി ഇരിക്കുന്ന എന്നെ നോക്കി ചിരിച്ചു… ആഹാ 500 വാട്ട് ബൾബ് കത്തുന്ന പോലത്തെ ചിരി… എന്താ രസം…
“എന്തേ യക്ഷി രാവിലെത്തന്നെ ഇങ്ങു പൊന്നേ… അതും ചായയും കൊണ്ട്…”
ഞാൻ അമ്മുവിനെ ഒന്ന് ചൂഴ്ന്നുനോക്കിക്കൊണ്ട് പറഞ്ഞു… ഞാൻ പറഞ്ഞതും അമ്മു മുഖം കടുപ്പിച്ചു…
