അവൻ പറഞ്ഞതുപോലെ ക്യാമറയിൽ പകർത്തിയ ഒരു ഫോട്ടോ ആയിരുന്നില്ല അത്. മറിച്ച്, കാലപ്പഴക്കം കൊണ്ട് നിറം മങ്ങിത്തുടങ്ങിയ ഒരു പെയിന്റിംഗ്.
വർഷങ്ങളുടെ പഴക്കമുള്ളത് കൊണ്ടാവാം, അതിലെ ചായക്കൂട്ടുകൾ പലയിടത്തും അടർന്നു മാറിയിരിക്കുന്നു.
ഞാൻ കണ്ണുകൾ ചുരുക്കി ആ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി.
മങ്ങിയ പശ്ചാത്തലത്തിൽ അവ്യക്തമായ ഒരു സ്ത്രീരൂപം. മുഖം വ്യക്തമല്ലെങ്കിലും ആ രൂപത്തിന് മുന്നിലായി തിളങ്ങി നിൽക്കുന്ന ഒരു വസ്തുവിലേക്കാണ് എന്റെ ശ്രദ്ധ പോയത്. നീലയും പച്ചയും നിറങ്ങൾ വിചിത്രമായി ഇടകലർന്ന, വജ്രം പോലെയുള്ള ഒരു അപൂർവ്വ കല്ല്.
ചിത്രം തീർത്തും ചെറുതാണ്, പോരാത്തതിന് കാലപ്പഴക്കം കൊണ്ട് അത് ചുമരിന്റെ നിറത്തോട് ഏതാണ്ട് ലയിച്ചു ചേർന്ന അവസ്ഥയിലുമായിരുന്നു.
അത്രയും സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ആ സ്ത്രീരൂപവും ആ കല്ലും കണ്ണിന് പിടിക്കുകയുള്ളൂ.
ഇത്രയും നാളും ഈ വീട്ടിൽ നിന്നിട്ടും, ഇങ്ങനെയൊരു ചിത്രം എന്റെ കണ്ണിൽപ്പെടാതെ പോയത് അതിന്റെ വലിപ്പക്കുറവ് കൊണ്ടും ഈ മങ്ങൽ കൊണ്ടും തന്നെയാവാം.
പക്ഷേ, ഇപ്പോൾ ആ ചിത്രം കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്തൊരു അസ്വസ്ഥത തോന്നി.
കാരണം ആ പച്ചയും നീലയും കലർന്ന നിറം ഞാൻ ഇതിനുമുൻപ് കണ്ടിട്ടുണ്ട്
അതേ ആ വെള്ളത്തിനടിയിലേ കവാടത്തിന് മുന്നിൽ ജ്വലിച്ചു നിൽക്കുന്ന തീയുടെ അതേ നിറം…
“ഇത് അച്ഛാച്ചൻ കൊണ്ടുവന്നതാ…”
നിധിയുടെ ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും അവളെ നോക്കി. അവൾ ആ ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ തന്നെ തുടർന്നു.
”പണ്ട്… അച്ഛാച്ചൻ ആ മലയുടെ ഉള്ളിലേക്ക് പോയപ്പോൾ അവിടെ എവിടെ നിന്നോ കിട്ടിയതാണത്രേ ഈ ചിത്രം. അന്ന് മുത്തശ്ശൻ തിരിച്ചുവരുമ്പോൾ കയ്യിലുണ്ടായിരുന്ന ഏക സമ്പാദ്യവും ഇതായിരുന്നു.”
അവൾ ആ ചിത്രത്തിലെ അവ്യക്തമായ സ്ത്രീരൂപത്തിലേക്ക് വിരൽ ചൂണ്ടി.
”പക്ഷേ, ഇതിലുള്ള സ്ത്രീ ആരാണെന്ന് എനിക്കും അറിയില്ല. എന്നാൽ…”
അവൾ ഒന്ന് നിർത്തി, പിന്നെ ആ തിളങ്ങുന്ന കല്ലിലേക്ക് മാത്രം നോക്കി. .
”ഈ കല്ലിനെ പറ്റി അച്ഛമ്മ പറഞ്ഞ അറിവ് എനിക്കുണ്ട് ”
അത് കേട്ടതും ഞാനും സച്ചിനും രാഹുലും ആകാംക്ഷയോടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. ഒരു കഥ കേൾക്കാൻ ഇരിക്കുന്ന കുട്ടികളെപ്പോലെ ഞങ്ങൾ കാതോർത്തു.
”അതൊരു ഐതിഹ്യമാണ്… സത്യമാണോ എന്നൊന്നും എനിക്കറിയില്ല…”
അവൾ ഒരു നിമിഷം ആലോചിച്ചു, പഴയ ഓർമ്മകൾ ചികയുന്നതുപോലെ.
”അച്ഛമ്മ പറഞ്ഞതനുസരിച്ച്… ഈ കല്ലിന്റെ പേര് ‘ഇന്ദ്രനീലം’ എന്നാണ്.”
നിധി ആ ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ തുടർന്നു.
”ആ മലയുടെ ഉള്ളിൽ എവിടെയോ കാലങ്ങളായി ഒളിഞ്ഞിരിക്കുന്ന, ഏറ്റവും അമൂല്യമായ നിധിയാണത്രേ അത്. പണ്ട് ഈ പ്രദേശം ഭരിച്ചിരുന്ന ഏതോ ഒരു രാജാവ്, യുദ്ധത്തിൽ തോൽക്കുമെന്നായപ്പോൾ തന്റെ കൊട്ടാരത്തിലെ സകല സമ്പാദ്യവും ആ മലയ്ക്കുള്ളിൽ കൊണ്ടുപോയി ഒളിപ്പിച്ചു എന്നാണ് കഥ.”
അവൾ ഒന്ന് നിർത്തി, ഞങ്ങളെ ഓരോരുത്തരെയും നോക്കി.
”സ്വർണ്ണവും രത്നങ്ങളും നാണയങ്ങളും ഒക്കെയായി വലിയൊരു ശേഖരം തന്നെ അവിടെയുണ്ടായിരുന്നു. പല കാലഘട്ടങ്ങളിലായി ഒത്തിരിപ്പേർ ആ നിധി തേടി മലകയറിയിട്ടുണ്ട്. അതിൽ ചിലർക്കൊക്കെ ചെറിയ അളവിൽ സ്വർണ്ണവും മറ്റും കിട്ടിയിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. പക്ഷേ…”
അവൾ വീണ്ടും ആ ചിത്രത്തിലെ തിളങ്ങുന്ന കല്ലിലേക്ക് വിരൽ ചൂണ്ടി.
”രാജാവ് തന്റെ നിധിശേഖരത്തിൽ ഏറ്റവും വിലമതിച്ചിരുന്ന ഈ ‘ഇന്ദ്രനീലം’ മാത്രം ഇതുവരെ ആർക്കും കണ്ടെത്താനായിട്ടില്ല. അത് തേടി പോയവരാരും അത് കണ്ടിട്ടുമില്ല. അത്രയേ എനിക്കും അറിയൂ… ബാക്കി എല്ലാം ആ മലയ്ക്കുള്ളിലെ ഇരുട്ടിന് മാത്രം അറിയാവുന്ന സത്യങ്ങളാണ്.”
