എനിക്ക് അത് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.
”അതൊക്കെ ചോദിക്കാനുണ്ടോ… നീ വണ്ടിയുടെ കീ ഇങ്ങോട്ട് എടുക്ക്,….”
സച്ചിൻ ആവേശത്തോടെ പറഞ്ഞു.
രാഹുലും അവനെ പിന്താങ്ങി തലയാട്ടി.
ഇവന്മാരുടെ ഈ ആവേശം കണ്ടപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നി.
ഉച്ചക്കത്തെ ഫുഡും കഴിച്ച് സുഖമായി ഒന്ന് മയങ്ങാൻ പ്ലാൻ ഇട്ടപ്പോഴാണ് ഇവളും ഇവന്മാരും കൂടി കറങ്ങാൻ ഇറങ്ങുന്നത്.
ഇപ്പോൾ തന്നെ നടുവ് ഒടിഞ്ഞ പരുവത്തിലാണ്, ഇനി വയ്യ…
ഞാൻ പതിയെ അവിടെ നിന്നും സ്കൂട്ട് ആവാൻ തീരുമാനിച്ചു…
”അല്ല… നിങ്ങൾ പോയിട്ട് വാ. എനിക്ക് നല്ല ക്ഷീണം, ഞാനൊന്ന് കിടക്കട്ടെ…”
കഴിയുന്നത്ര നിഷ്കളങ്കത മുഖത്ത് വരുത്തി, പതുക്കെ അവിടെ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങി…
പെട്ടെന്നാണ് കയ്യിൽ ഒരു പിടി വീണത്..
ആ കൈകളുടെ മൃതുലതയിൽ തന്നെ അത് ആരുടെ കൈകളാണ് എന്നെനിക്ക് മനസ്സിലായി….
ഇവൾക്കിതെന്തിന്റെ കേടാണ്….. 😤
ഞാൻ തിരിഞ്ഞു ‘എന്താ’ എന്നുള്ള അർത്ഥത്തിൽ അവളെ ഒന്ന് നോക്കി…
പക്ഷേ, തിരിഞ്ഞു നോക്കിയപ്പോൾ കണ്ട അവളുടെ ആ മുഖത്തിന് മുൻപിൽ ഞാൻ വീണ്ടും തോറ്റുപോയി…
ആ മുഖത്തെ നിഷ്കളങ്കതയും ഭംഗിയും കണ്ടാൽ പിന്നെ എങ്ങനെയാണ് ഒന്ന് ദേഷ്യപ്പെടാൻ പോലും തോന്നുക?
അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്.
മനസ്സിൽ വിചാരിക്കുന്നത് ഒന്ന്, പക്ഷേ ആ മുഖത്തേക്ക് നോക്കുമ്പോൾ നടക്കുന്നത് മറ്റൊന്ന്.
രക്ഷപ്പെടാൻ വഴിയുണ്ടോ എന്ന് നോക്കി ഞാൻ കണ്ണുകൾ കൊണ്ട് പരമാവധി ദയനീയമായി അവളെ ഒന്ന് നോക്കി. ‘എന്നെ വെറുതെ വിട്ടേക്കൂ, ഞാനൊന്ന് കിടക്കട്ടെ’ എന്നൊരു അപേക്ഷ ആ നോട്ടത്തിൽ ഉണ്ടായിരുന്നു.
പക്ഷേ, തിരിച്ചു കിട്ടിയ മറുപടിയോ? എന്റെ ദയനീയതയൊക്കെ എവിടെക്കിടക്കുന്നു! അതിനേക്കാൾ നൂറുമടങ്ങു പാവത്തം നിറഞ്ഞ, ഏതൊരു കല്ലിനെയും അലിയിക്കുന്ന നോട്ടമായിരുന്നു അവളുടേത്.
ഒരക്ഷരം മിണ്ടാതെ തന്നെ, ആ വിടർന്ന കണ്ണുകൾ ചുരുക്കി അവൾ എന്നോട് കെഞ്ചുകയായിരുന്നു… ‘പ്ലീസ്… ഒന്നും പറയണ്ട… കൂടെ വന്നാൽ മതി…’ എന്ന അർത്ഥത്തിൽ.
അവളുടെ ആ നിൽപ്പ് കണ്ടപ്പോൾ, ഇനി ഉറക്കമല്ല, ഉയിര് പോയാലും കൂടെ പോകാതിരിക്കാൻ പറ്റില്ലെന്ന് എനിക്ക് ഏകദേശം മനസ്സിലായി….
“ശരി വാ… ”
ഞാൻ അവളോട് പറഞ്ഞു
എന്റെ സമ്മതം കിട്ടിയ ആ നിമിഷം, അവളുടെ മുഖം മങ്ങിക്കിടന്ന ഒരു മുറിയിൽ പെട്ടെന്ന് നൂറ് വാട്ടിന്റെ ബൾബ് തെളിഞ്ഞതുപോലെ പ്രകാശപൂരിതമായി.
ആ കണ്ണുകളിൽ കണ്ട തിളക്കം വെറുമൊരു സന്തോഷമായിരുന്നില്ല, മറിച്ച് ഏറെ കൊതിച്ച ഒന്ന് സ്വന്തമാക്കിയതിന്റെ വിജയമായിരുന്നു.
അവൾ എന്റെ കൈത്തണ്ടയിൽ ഒന്നുകൂടി മുറുക്കിപ്പിടിച്ചു.
ആ സ്പർശനത്തിന് വല്ലാത്തൊരു ചൂടുണ്ടായിരുന്നു എന്നെ തന്നോട് ചേർത്തുനിർത്താനുള്ള ഒരു അവകാശം ആ പിടിയിൽ എനിക്ക് അനുഭവപ്പെട്ടു.
അത് കണ്ടതും സച്ചിനും രാഹുലും പരസ്പരം നോക്കി ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവരുടെ മുഖത്ത് വിരിഞ്ഞ ആ കള്ളച്ചിരിയിലും നാണത്തിലും എനിക്കെതിരെ എന്തോ കുസൃതി ഒളിഞ്ഞിരിപ്പുണ്ടെന്ന് വ്യക്തമായിരുന്നു.
പക്ഷേ, ആ നിമിഷം അതൊന്നും ശ്രദ്ധിക്കാനോ തിരുത്താനോ എനിക്ക് തോന്നിയില്ല. കാരണം, അവളുടെ ആ സാമീപ്യവും സ്പർശനവും എന്നിലെ നിയന്ത്രണങ്ങളെപ്പോലും അലിയിച്ചുകളയുന്ന മട്ടിൽ ഞാനും ആസ്വദിച്ചു തുടങ്ങിയിരുന്നു.
പെട്ടെന്നാണ് അവൾ ബൈക്കിന്റെ ഒരു താക്കോലെടുത്ത് അവർക്ക് നേരെ എറിഞ്ഞത്.
”ഇന്നാ… ഇത് പിടിച്ച് നിങ്ങള്‍ രണ്ടാളും ആ ബൈക്കില്‍ വാ. ഞാനും ദേവയും വേറെ വരാം…”
അവളുടെ സ്വരത്തിൽ ഒരു ആജ്ഞാശക്തി ഉണ്ടായിരുന്നു.
സ്വാഭാവികമായും അവളുടെ കയ്യിലുള്ള മറ്റേ ബുള്ളറ്റിന്റെ താക്കോൽ അവൾ എനിക്ക് തരുമെന്നും, ഞാൻ വണ്ടി ഓടിക്കണമെന്നുമാണ് ഞാൻ കരുതിയത്.
