നിധിയുടെ കാവൽക്കാരൻ – 10 30അടിപൊളി 

 

​’ഇന്ദ്രനീലം’ എന്ന പേര് കേട്ടപ്പോൾ എന്തോ, ആ ചിത്രത്തിലെ നീലയും പച്ചയും കലർന്ന തിളക്കത്തിന് തെളിച്ചം കൂടിയതുപോലെ എനിക്ക് തോന്നി

 

“ഇന്ദ്രനീലമോ അത് ഈ നാടിന്റെ പേരല്ലേ.. ”

 

രാഹുൽ അവളോട് ചോദിച്ചു…

 

“അതേ. ഇന്ദ്രനീലം എന്നത് ഈ നാടിന്റെ പേരാണ്. പക്ഷേ പണ്ട് ഈ പ്രദേശം മുഴുവൻ അറിയപ്പെട്ടിരുന്നത് ‘ചന്ദ്രോദയം’ എന്നായിരുന്നു.”

 

​നിധി ഒരു നിമിഷം നിർത്തി,ശേഷം മണിച്ചിത്രത്താഴിൽ മോഹൻലാൽ നടക്കുന്നപോലെ എങ്ങോട്ടോ എന്നില്ലാതേ നടന്നു…

 

അവൾ പറയാൻ പോവുന്നത് എന്തായിരിക്കും എന്ന് കേൾക്കുവാനായി അവളുടെ പിന്നാലേ ഞങ്ങളും നടന്നു..

 

​”””””ആ മലയാണ് എല്ലാറ്റിനും കാരണം. നിധി കിട്ടുമെന്ന പ്രതീക്ഷയിൽ ആ മലകയറാൻ അന്ന് നാടിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തി.

 

പക്ഷേ പോയവർ എല്ലാവരുമൊന്നും തിരിച്ചു വന്നില്ല. മല കയറിയവരിൽ ചിലരെല്ലാം എങ്ങോ മറഞ്ഞു… അല്ലെങ്കിൽ മരിച്ചു.

 

ഇതോടെ കാര്യങ്ങൾ വഷളായി.

 

അപകടം തിരിച്ചറിഞ്ഞ നാട്ടിലെ പ്രമാണികൾ മലയിലേക്കുള്ള യാത്ര കർശനമായി നിരോധിച്ചു. ആരും മലയിലേക്ക് പോകാൻ പാടില്ലെന്ന് അവർ തീരുമാനിച്ചു

 

​പക്ഷേ ആ തീരുമാനം അംഗീകരിക്കാൻ ചിലർ തയ്യാറായില്ല.നിധി വേണമെന്ന വാശിയിൽ അവർ നിന്നു.

 

മലയിലേക്ക് പോകാൻ അനുവാദം വേണമെന്നും, അത് തടയാൻ ആർക്കും അവകാശമില്ലെന്നും പറഞ്ഞ് അവർ ലഹള തുടങ്ങി.

 

ആ അഭിപ്രായവ്യത്യാസം ഒടുവിൽ ചന്ദ്രോദയം എന്ന വലിയ നാടിനെ മൂന്നായി വെട്ടിമുറിച്ചു. അങ്ങനെയാണ് പുഷ്പഗിരിയും ഇന്ദ്രനീലവും പിറവിയെടുക്കുന്നത്”””””

 

“​എന്നിട്ട്..? നാട് പിരിഞ്ഞപ്പോൾ പ്രശ്നം തീർന്നോ?”

 

സച്ചിൻ ആകാംക്ഷയോടെ ചോദിച്ചു.

 

​”ഇല്ല…”

 

നിധി തലയാട്ടി.

 

ശേഷം അവൾ വീണ്ടും പറഞ്ഞു തുടങ്ങി…

 

“””​”നാട് പിരിഞ്ഞിട്ടും മലയിലേക്കുള്ള അവകാശത്തെ ചൊല്ലിയുള്ള തർക്കം തീർന്നില്ല. ഒടുവിൽ ചോരപ്പുഴ ഒഴുകാതിരിക്കാൻ മൂന്ന് നാട്ടിലെയും കാരണവന്മാർ ചേർന്ന് ഒരു തീരുമാനത്തിലെത്തി. അതാണ് ഇന്നും ഇവിടെ തുടരുന്ന ആചാരം.

 

പൂരത്തിന് അമ്പലത്തിൽ ദീപം തെളിയിക്കാനുള്ള അവകാശം ആർക്കാണോ, അവർക്ക് ആ വർഷം മലയിലേക്ക് പോകാം.

 

ആ അവകാശം തീരുമാനിക്കാനാണ് ഗുസ്തി മത്സരം നടത്തുന്നത്. ഗുസ്തിയിൽ ജയിക്കുന്ന നാടിന് അമ്പലത്തിൽ ആദ്യം ദീപം തെളിയിക്കാം.ആദ്യം ഗുസ്തിയിൽ നിന്നാണ് തുടങ്ങിയതെങ്കിലും പോകെ പോകെ അത്യാവശ്യം എല്ലാ മത്സരയിങ്ങളും ഇതിലേക്ക് വന്നു

 

എന്തായാലും ദീപം തെളിയിക്കുന്നവർക്ക് മാത്രം മലകയറാം.”””””

 

​”അതെന്തിനാ ദീപം തെളിയിക്കുന്നവർക്ക് മാത്രം അനുവാദം കൊടുക്കുന്നത്? വേണ്ടവർക്ക് അങ്ങ് പോയിക്കൂടെ?”

 

രാഹുൽ നിധിയോട് ചോദിച്ചു…

 

രാഹുലിന്റെ സംശയം ന്യായമായിരുന്നു.

 

ഒരു നിഗൂഢമായ ചിരി അവളുടെ മുഖത്ത് തെളിഞ്ഞു വന്നു..

 

​”അതിന് പിന്നിൽ വലിയൊരു സത്യമുണ്ട്.

 

മലയിൽ പോയി ജീവനോടെ തിരിച്ചു വന്ന അപൂർവ്വം ചിലർ പറഞ്ഞത് സത്യമാണെങ്കിൽ, ആ നിധിക്ക് കാവലായി ചില അമാനുഷിക ശക്തികൾ അവിടെയുണ്ട്. വെറും മനുഷ്യർക്ക് അവരെ ജയിക്കാനാവില്ല. ആ മല കയറുന്നവരുടെ ജീവൻ എടുക്കാൻ കാത്തിരിക്കുന്ന പ്രേതങ്ങളോ യക്ഷികളോ ചാത്തന്മാരോ എന്തോ ഒന്ന്…”

 

​അത് കേട്ടതും രാഹുൽ ഒന്ന് നടുങ്ങി.

 

​”അതുകൊണ്ട്, മത്സരയിനങ്ങളിൽ ജയിച്ചു ദീപം തെളിയിക്കുന്ന നാടിന് വേണ്ടി അമ്പലത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ആ പൂജ ചെയ്ത്, ശിവ ഭഗവാന്റെ അനുഗ്രഹത്തോടെ ഒരു സുരക്ഷാ കവചം തീർത്താൽ മാത്രമേ മലയിലെ ആ ദുഷ്ടശക്തികളിൽ നിന്ന് രക്ഷപെട്ട് നിധി തേടാൻ കഴിയൂ എന്നാണ് വിശ്വാസം.

 

അല്ലാത്തവർ പോയാൽ… മരണം ഉറപ്പാണ്.”

 

​നിധി പറഞ്ഞു നിർത്തിയപ്പോൾ ഞങ്ങളുപോലുമറിയാതെ ഞങ്ങൾ വീടിന്റെ പുറത്ത് എത്തിയിരുന്നു…

 

Leave a Reply

Your email address will not be published. Required fields are marked *