”നീ അവളേ കിസ്സ് ചെയ്തത് തെറ്റാണെന്നല്ല ഞാൻ പറയുന്നേ… പ്രണയമാകുമ്പോൾ അതൊക്കെ സ്വാഭാവികം. പക്ഷെ അത് കഴിഞ്ഞ ഉടനെ പേടിച്ചു ഓടിയതാണ് ഏറ്റവും വലിയ തെറ്റ്… അവൾക്ക് എന്ത് തോന്നും ദേവാ… നീ അവളെ ഉപയോഗിക്കാൻ നോക്കിയതാണെന്നോ അതോ നിനക്ക് അവളോട് വെറും കാമം മാത്രമേ ഉള്ളൂ എന്നോ അവൾ തെറ്റിദ്ധരിച്ചാൽ അവളെ കുറ്റം പറയാൻ പറ്റുമോ?”
റോസിന്റെ ഓരോ ചോദ്യവും ഓരോ അമ്പുകൾ പോലെയാണ് എന്റെ നെഞ്ചിൽ തറച്ചത്.
സത്യത്തിൽ ഞാൻ അത് ചിന്തിച്ചിരുന്നില്ല. പേടി… അത് മാത്രമായിരുന്നു ആ സമയം എന്റെ ഉള്ളിൽ.
”ഞാൻ… ഞാൻ എന്ത് ചെയ്യും റോസേ…?”
എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
”നീ ഇപ്പോൾ ഒന്നും ചെയ്യണ്ട.നാളേ നമ്മുക്ക് രണ്ട് പേർക്കും ലീവ് എടുക്കാം എന്നിട്ട് കൃതികയേ പോയി പിക്ക് ചെയ്യാം…..അടുത്ത ദിവസം മുതൽ നീ കോളേജിൽ വെച്ച് ആമിയെ കാണുമ്പോൾ ഓടി ഒളിക്കാൻ നിൽക്കരുത്. കാര്യമൊന്നും ഉണ്ടാവില്ലെങ്കിലും ഞാൻ പറഞ്ഞു നോക്കാം..”
അവൾ ഫോൺ കട്ട് ചെയ്തു.
ഇറങ്ങിയ ഭാരം അതേ പോലേ കയറി വന്നു…
രാത്രി ഉറക്കം വന്നതേയില്ല. കണ്ണടക്കുമ്പോൾ ആമിയുടെ വിറയ്ക്കുന്ന ചുണ്ടുകളും നിറഞ്ഞ കണ്ണുകളും മാത്രം.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മനസ്സ് ശാന്തമാകുന്നില്ല.
ഒടുവിൽ ചിന്തകൾക്ക് വിരാമമിടാൻ എന്നവണ്ണം ഞാൻ കണ്ണുകൾ മുറുക്കി അടച്ചു.
സമയം മെല്ലെ കടന്നുപോയി…
എപ്പോഴോ മയക്കത്തിലേക്ക് വഴുതി വീണ ഞാൻ, മുറിയിലെ തണുപ്പ് അസാധാരണമായി കൂടുന്നത് അറിഞ്ഞാണ് പാതി മയക്കത്തിൽ നിന്നുണർന്നത്.
എല്ലുകളിലേക്ക് തുളച്ചു കയറുന്ന തരം കുളിർ…
പെട്ടെന്നാണ് വാതിൽ തുറക്കുന്ന നേരിയ ശബ്ദം ഞാൻ കേട്ടത്…
ചിന്തിച്ച് കിടക്കുന്നതിനിടയിൽ വാതിൽ അടക്കാൻ മറന്നിരുന്നു…
അലസമായി ഞാൻ കണ്ണുകൾ തുറന്നു.
മുറിയിലാകെ ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചം നിറഞ്ഞു നിൽക്കുന്നു.
ആ നീല വെളിച്ചത്തിൽ മുറിയിലെ വസ്തുക്കൾക്കെല്ലാം വല്ലാത്തൊരു വശ്യത തോന്നി.
എന്റെ നോട്ടം ചെന്നെത്തിയത് വാതിലിലേക്കാണ്. അവിടെ, ആ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ ഒരു സ്ത്രീരൂപം നിൽക്കുന്നു. വെളിച്ചത്തിന് എതിരായി നിൽക്കുന്നത് കൊണ്ട് മുഖം വ്യക്തമല്ല. കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറക്കുന്നുണ്ട്.
ഒരു നിമിഷം ശ്വാസം നിലച്ചുപോയി.
ആ രൂപം മെല്ലെ, വളരെ സാവധാനം എന്റെ അടുത്തേക്ക് നടന്നുടുത്തു. ഓരോ ചുവടുവയ്ക്കുമ്പോഴും ആ നിഴൽ മാറി രൂപം വ്യക്തമായി വരികയായിരുന്നു.
നിധി…!
ഞാൻ ഒന്ന് ഞെട്ടി. ദിവാനിൽ നിന്നെഴുന്നേൽക്കാൻ തുനിഞ്ഞെങ്കിലും ശരീരം അനങ്ങാൻ കൂട്ടാക്കാത്തതുപോലെ.
അവൾ വന്ന് എന്റെ അരികിൽ നിന്നു…
അവളുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. ആ കണ്ണുകൾ എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കുകയാണ്. നിലാവെളിച്ചത്തിൽ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി നിന്നു.
ഒന്നും മിണ്ടാതെ, അവൾ മെല്ലെ കുനിഞ്ഞു. ഒരാൾക്ക് മാത്രം കഷ്ടിച്ച് കിടക്കാൻ കഴിയുന്ന ആ ഇടുങ്ങിയ ദിവാൻ കോട്ടിലേക്ക് അവൾ എനിക്കൊപ്പം കയറിക്കിടന്നു.
എന്റെ ശ്വാസതാളം തെറ്റി. ഇതൊരു സ്വപ്നമാണോ അതോ വല്ല വിഭ്രാന്തിയുമാണോ എന്ന് ചിന്തിച്ചു പോയ നിമിഷം.
പക്ഷേ, അടുത്ത നിമിഷം അവളുടെ ശരീരം എന്നോട് ചേർന്നു.
സ്വപ്നമല്ലിത്…!
അവളിൽ നിന്നും പ്രവഹിക്കുന്ന ശരീരത്തിന്റെ ചൂടും, എന്റെ നാസികയിലേക്ക് തുളച്ചു കയറുന്ന അവൾക്ക് മാത്രമുള്ള ആ പരിചിതമായ സുഗന്ധവും, എന്നോട് ചേർന്ന് കിടക്കുന്ന അവളുടെ ശരീരത്തിന്റെ മൃദുലതയും എന്നെ ഓർമ്മിപ്പിച്ചു;
ഇത് സ്വപ്നമല്ല… പച്ചയായ യാഥാർത്ഥ്യമാണ്.
അവളുടെ നെഞ്ചിടിപ്പ് എന്റെ നെഞ്ചിൽ തട്ടുന്നുണ്ട്. പുറത്തെ തണുപ്പിനെ വെല്ലുവിളിക്കുന്ന ഒരു അഗ്നി ഞങ്ങളിൽ പടരുന്നത് പോലെ എനിക്ക് തോന്നി….
