ആമി ഭയം കൊണ്ട് വിറയ്ക്കുകയായിരുന്നു. അവളുടെ മുഖം വിളറി വെളുത്തു.
”നമുക്ക് പോകാം… പ്ലീസ്… ഇനിയും ഇവിടെ നിൽക്കണ്ട…” അവൾ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
ഞങ്ങളും അത് ശരിവെച്ചു.
അവിടുത്തെ അന്തരീക്ഷം പെട്ടെന്ന് മാറിമറിഞ്ഞിരുന്നു. ശ്വാസം മുട്ടുന്നതുപോലൊരു അവസ്ഥ. ഞങ്ങൾ തിരിഞ്ഞോടാൻ തുടങ്ങി.
പക്ഷെ, ആ തിടുക്കത്തിനിടയിലും ആമി പെട്ടെന്ന് നിന്നു. ഞങ്ങൾ എല്ലാവരും മുന്നോട്ട് ഓടുമ്പോൾ അവൾ മാത്രം തിരിഞ്ഞു നോക്കി. ആ അസ്ഥികൂടത്തിന് തൊട്ടുതാഴെ, കരിങ്കൽ തിട്ടയുടെ ഒരു വശത്തായി പൊടിപിടിച്ച, ദ്രവിച്ചുതുടങ്ങിയ ഒരു പഴയ ഗ്രന്ഥം ബുക്ക് ഇരിക്കുന്നത് അവൾ കണ്ടു.
നിനക്കറിയാലോ അവൾക്ക് പുസ്തകങ്ങളോടുള്ള ആ ഭ്രാന്ത്.
സാഹചര്യത്തിന്റെ ഗൗരവം പോലും മറന്ന്, എന്തോ വലിയ നിധി കണ്ടതുപോലെ അവൾ അങ്ങോട്ട് ഓടി.
”ആമി! വേണ്ട…!” ഞാൻ വിളിച്ചു കൂവിയെങ്കിലും അവൾ കേട്ടില്ല.
ഒറ്റ ഓട്ടത്തിന് ആ അസ്ഥികൂടത്തിന് അടുത്തുചെന്ന് അവൾ ആ പുസ്തകം കൈക്കലാക്കി. അത് മാറോട് ചേർത്തുപിടിച്ച് അവൾ ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തി.
”ഇനി നിൽക്കണ്ട… ഓടിക്കോ…”
അർജുനേട്ടൻ അലറി.
ഇത്തവണ പിരിയേണ്ട എന്ന് തീരുമാനിച്ച് ഞങ്ങൾ പത്തുപേരും ഒരേ വഴിയിലൂടെ, ഒരുമിച്ച് ഓടി. ആദ്യം വേഗത്തിലുള്ള നടത്തമായിരുന്നു. പക്ഷെ പിന്നിൽ കേൾക്കുന്ന ശബ്ദങ്ങൾ… അത് ഞങ്ങളുടെ തൊട്ടുപിന്നിലെത്തിയെന്ന തോന്നൽ… അതോടെ നടത്തം ഓട്ടമായി മാറി.
ഞങ്ങൾ കുറെയേറെ ദൂരം ഓടി.
പക്ഷെ… എങ്ങും എത്തുന്നില്ല. ഞങ്ങൾ വന്ന വഴിക്ക് ഇത്രയും നീളമുണ്ടായിരുന്നില്ലല്ലോ എന്ന സംശയം എല്ലാവരിലും ഉണ്ടായി. എത്ര ഓടിയിട്ടും പുറത്തേക്കുള്ള വെളിച്ചം മാത്രം കാണുന്നില്ല. ചുറ്റും ഇരുട്ട് മാത്രം. ഞങ്ങൾ ഒരു വലയത്തിനുള്ളിൽപ്പെട്ട് വട്ടം കറങ്ങുകയാണോ എന്ന് തോന്നിപ്പോയി.
കിതച്ചു കൊണ്ട്, എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ പകച്ചു നിൽക്കുമ്പോഴാണ്, ഞങ്ങൾക്ക് കുറച്ചുമാറി വലതുവശത്ത് നിന്ന് വലിയൊരു ശബ്ദം കേട്ടത്. ഇടിമുഴക്കം പോലെ.
അങ്ങോട്ട് പോകണോ അതോ നേരെ
ഓടണോ എന്ന ചിന്തയിലായി എല്ലാവരും.
പക്ഷെ ഒടുവിൽ ആ ശബ്ദം വന്ന ദിശയിലേക്ക് തന്നെ പോകാൻ അർജുനേട്ടൻ തീരുമാനിച്ചു. ഞങ്ങളും പിന്നാലെ പോയി.
ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞതും അതൊരു പുതിയ തുരങ്കത്തിലേക്കാണ് ഞങ്ങളെ നയിച്ചത്. അതിനുള്ളിലേക്ക് കാലെടുത്തു വെച്ചതും…
പെട്ടെന്ന്…!!
കണ്ണഞ്ചിപ്പിക്കുന്ന വലിയൊരു പ്രകാശം ഞങ്ങളെ പൊതിഞ്ഞു. സൂര്യൻ മുഖത്തേക്ക് ഇറങ്ങി വന്നതുപോലൊരു വെളിച്ചം. കണ്ണ് തുറന്നുപിടിക്കാൻ പറ്റാത്തത്ര തീവ്രമായ പ്രകാശം. ഞങ്ങൾ എല്ലാവരും കൈകൾ കൊണ്ട് കണ്ണുകൾ പൊത്തി.
കുറച്ചു നിമിഷങ്ങൾക്കു ശേഷം, ആ പ്രകാശം മങ്ങിയപ്പോൾ ഞങ്ങൾ മെല്ലെ കണ്ണുകൾ തുറന്നു.
കണ്ട കാഴ്ച ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.
ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത് ഗുഹയുടെ ആഴങ്ങളിലല്ല. ഞങ്ങൾ ആദ്യം കണ്ട, അഞ്ച് വഴികളും തുടങ്ങുന്ന ആ വലിയ ഗുഹാമുഖത്താണ്!
അപ്പോഴാണ് ഞങ്ങൾക്ക് ആ സത്യം മനസ്സിലായത്… ആ ഗുഹയിലെ ഓരോ വഴിയും, ഓരോ തുരങ്കവും ചെന്നെത്തുന്നത് വ്യത്യസ്തമായ സ്ഥലങ്ങളിലേക്കല്ല, മറിച്ച് അവ സ്ഥലകാലങ്ങളെ തെറ്റിക്കുന്ന മായവലയങ്ങളാണെന്ന്.
പക്ഷെ, അതിനെക്കുറിച്ചൊന്നും ചിന്തിക്കാൻ ആർക്കും നേരമുണ്ടായിരുന്നില്ല.
പുറത്തേക്കുള്ള വഴി കണ്ട ആശ്വാസത്തിലായിരുന്നു ഞങ്ങൾ. ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഞങ്ങൾ ഗുഹയിൽ നിന്ന് പുറത്തേക്ക്, കാടിന്റെ ഉള്ളിലേക്ക് ഓടി.
രാത്രിയുടെ തണുത്ത കാറ്റ് ദേഹത്തടിച്ചപ്പോൾ വലിയൊരു ആശ്വാസം തോന്നി.
പക്ഷെ… ഞങ്ങളുടെ പ്രശ്നങ്ങൾ അവിടെ തീർന്നിട്ടുണ്ടായിരുന്നില്ല ദേവാ.
ഗുഹയ്ക്ക് പുറത്ത്, മരങ്ങൾക്കിടയിലായി… ഞങ്ങളെത്തന്നെ നോക്കി കുറച്ചുപേർ നിൽക്കുന്നുണ്ടായിരുന്നു.
