ഞാനും ആമിയും ആയിരുന്നു ഒരു ടീം.
ആമിക്ക് ഒട്ടും സമ്മതമായിരുന്നില്ല.
ഗുഹയുടെ ഇരുട്ട് കണ്ടപ്പോൾ തന്നെ അവൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു. ‘വേണ്ട നിധീ, നമുക്ക് തിരിച്ചു പോകാം, എനിക്കെന്തോ പേടിയാവുന്നു’ എന്ന് പറഞ്ഞ് അവൾ എന്റെ കൈയ്യിൽ പിടിച്ച് അപേക്ഷിച്ചു. അവളുടെ കണ്ണുകളിൽ അകാരണമായ ഒരു ഭയം നിഴലിച്ചിരുന്നു.
പക്ഷെ ബാക്കിയുള്ളവരുടെ കളിയാക്കലും എന്റെ നിർബന്ധവും കാരണം അവൾക്ക് അവസാനം വഴങ്ങേണ്ടി വന്നു.
അങ്ങനെ ഞങ്ങൾ ആ ഗുഹയ്ക്കുള്ളിലേക്ക് നടന്നു.
കയ്യിലുണ്ടായിരുന്ന ഫോണിന്റെ വെളിച്ചം ആ കൂരിരുട്ടിൽ ഒന്നുമാായിരുന്നില്ല…. വല്ലാത്തൊരു തണുപ്പായിരുന്നു അവിടെ. ഓരോ അടി വെക്കുമ്പോഴും ആമിയുടെ പിടി മുറുകുന്നത് എനിക്ക് അറിയാമായിരുന്നു. മുകളിൽ നിന്നും ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദവും, ഇടയ്ക്ക് ചില വവ്വാലുകളുടെ ചിറകടിയൊച്ചയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
കുറേ ദൂരം നടന്നു.
എത്ര സമയം കഴിഞ്ഞുവെന്ന് അറിയില്ല.
പെട്ടെന്ന് മുന്നിലൊരു വെളിച്ചം കണ്ടു. ഞങ്ങൾ ആശ്വസത്തോടെ അങ്ങോട്ട് നടന്നു.
അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തി.
ഞങ്ങൾ തിരഞ്ഞെടുത്ത വഴി മാത്രമല്ല, ബാക്കി നാല് വഴികളും വന്ന് ചേർന്നത് ആ ഒരു വലിയ ഹാളിലേക്കായിരുന്നു. ഗുഹയുടെ ഒത്ത നടുക്ക്, പ്രകൃതിദത്തമായി ഉണ്ടായ വലിയൊരു മുറി. അവിടെ വെച്ച് ഞങ്ങൾ പത്തുപേരും വീണ്ടും ഒന്നിച്ചു. ആമിയുടെ മുഖത്ത് അപ്പോഴാണ് ആശ്വാസം കണ്ടത്.
പക്ഷേ, ആ ഗുഹയുടെ നടുവിൽ കണ്ട കാഴ്ച… അത് ഞങ്ങളെ നിശബ്ദരാക്കി.
അവിടെ, ഉയർന്നു നിൽക്കുന്ന ഒരു കരിങ്കൽ തിട്ടയിൽ… ഒരു മനുഷ്യന്റെ അസ്ഥികൂടം ഇരിക്കുന്നുണ്ടായിരുന്നു. പഴകി ദ്രവിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ, വെളുത്ത എല്ലുകൾ മാത്രം ബാക്കി.
പക്ഷെ ഞങ്ങളുടെ കണ്ണുടക്കിയത് ആ അസ്ഥികൂടത്തിലല്ല, മറിച്ച് അതിന്റെ കൈവിരലുകളിലായിരുന്നു.
ആ അസ്ഥികൂടത്തിന്റെ പത്തു വിരലുകളിലുമായി പത്തു മോതിരങ്ങൾ ഉണ്ടായിരുന്നു. കാലം ഇത്ര കഴിഞ്ഞിട്ടും ഒട്ടും മങ്ങാത്ത, വിചിത്രമായ കൊത്തുപണികളുള്ള മോതിരങ്ങൾ. ഇരുട്ടിൽ പോലും അവ വല്ലാത്തൊരു തിളക്കം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. കാണുമ്പോൾ തന്നെ ആർക്കും ഒന്ന് തൊട്ടുനോക്കാൻ തോന്നുന്ന അത്രയും ഭംഗിയുള്ളവ.
ഒരു നിമിഷം ആമീയൊഴിച്ചു ബാക്കി ഞങ്ങൾ എല്ലാവരും അതിൽ മയങ്ങിപ്പോയി.
എന്തോ ഒരു ആകർഷണവലയത്തിൽപ്പെട്ട പോലെ… ഭയത്തേക്കാൾ ഉപരി ആ മോതിരങ്ങൾ സ്വന്തമാക്കാനുള്ള കൗതുകമായിരുന്നു ഞങ്ങൾക്ക്.
’ഇത്രയും പഴയതല്ലേ… ആർക്കും വേണ്ടാത്തതല്ലേ…’ എന്ന ചിന്തയായിരുന്നു എല്ലാവർക്കും.
ഞങ്ങൾ പത്തുപേർ… അവിടെ പത്തു മോതിരങ്ങൾ…
ആരും പരസ്പരം ഒന്നും പറഞ്ഞില്ല. ഓരോരുത്തരായി അടുത്തു ചെന്നു.
ആ അസ്ഥികൂടത്തിന്റെ വിരലുകളിൽ നിന്ന്
ഓരോ മോതിരമായി ഊരിയെടുത്തു.
ആമിയും ഞാനും ഓരോന്ന് എടുത്തു.
ആമിക്ക് തീരേ താൽപ്പര്യമുണ്ടായിരുന്നില്ല പിന്നേ ഇത് വരേ വന്നതല്ലേ എന്തായാലും ഒന്നെടുക്ക് എന്ന് ഞാനാണ് പറഞ്ഞത്… കൈയ്യിൽ കിട്ടിയപ്പോൾ വല്ലാത്തൊരു തണുപ്പ് തോന്നി ആ ലോഹത്തിന്.
മോതിരങ്ങൾ വിരലിലണിഞ്ഞപ്പോൾ ഞങ്ങൾ ജയിച്ച ഭാവത്തിലായിരുന്നു. ആ നിമിഷം… ആ ഗുഹയ്ക്കുള്ളിൽ ഒരു കാറ്റ് വീശിയതുപോലെ തോന്നി.
അന്ന്… അന്ന് ആ മോതിരം വിരലിലിട്ടതാണ് ഞങ്ങളുടെ വിധിയെ മാറ്റിയത് ദേവാ…
പെട്ടെന്നാണ് ആ ഗുഹയുടെ ആഴങ്ങളിൽ നിന്ന് ഭയാനകമായ ചില ശബ്ദങ്ങൾ ഉയരാൻ തുടങ്ങിയത്.
പാറകൾക്കിടയിലൂടെ കാറ്റ് ചീറിപ്പായുന്നതുപോലെയല്ല… മറിച്ച് ആയിരം പേർ ഒന്നിച്ച്, വേദനകൊണ്ട് നിലവിളിക്കുന്നതുപോലെ…
അല്ലെങ്കിൽ വലിയ ഭാരമുള്ള എന്തോ ഒന്ന് വലിച്ചിഴച്ചു കൊണ്ടുവരുന്നതുപോലെ…
ആ ശബ്ദം കൂടിക്കൂടി വന്നു.
ഗുഹയുടെ ഭിത്തികൾ പോലും വിറയ്ക്കുന്നതുപോലെ ഞങ്ങൾക്ക് തോന്നി.
