ഇത് സ്വപ്നമാണോ.അല്ല വെള്ളം ശരീരത്തിൽ തട്ടുന്നത് എനിക്ക് അറിയാൻ സാധിക്കുന്നുണ്ട്.. ഇളം തണുപ്പെന്നേ ചെറുതായി മൂടുന്നുണ്ട്….
കൈ കാലുകൾ അനക്കാൻ പറ്റുന്നുണ്ടെങ്കിലും മുകളിലേക്ക് നീന്തി കയറാൻ സാധിക്കുന്നില്ല…
താഴേ എന്തിന്റെയോ അനക്കം വെള്ളത്തിൽ നിന്നും എനിക്കനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്… പക്ഷേ നോക്കുമ്പോൾ ഇരുട്ടാണ്….
വീണ്ടും മുകളിലേക്ക് നീന്തി കയറാൻ ശ്രമിച്ചു…. ഇല്ല പറ്റുന്നില്ല…..
പെട്ടെന്നാണ് വലിയ മുഴക്കത്തോടെ ഒരു ശബ്ദം ഞാൻ കേട്ടത്.അതിന്റെ പ്രതികരണമെന്നോണം വെള്ളം മൊത്തത്തിൽ ഒന്ന് കുലുങ്ങി….
ഞാൻ കവാടത്തിലേക്കൊന്നു നോക്കി വീണ്ടും ആ ശബ്ദം കേൾക്കാം ആരോ അതിനു പിന്നിൽ നിന്നും മുട്ടുന്ന പോലേ…
സ്വയം നീന്താഞ്ഞിട്ട് പോലും ഞാൻ അതിനടുത്തുത്തേക്ക് അടുത്തുകൊണ്ടിരുന്നു….
നീലയും പച്ചയും ചേർന്ന തീയുടെ വെളിച്ചത്തിൽ പ്രതിഫലിച്ചു നിൽക്കുന്ന ആ കവാടം എന്റെ തൊട്ടുമുന്നിൽ ആണിപ്പോൾ
കെടാതെ കത്തുന്ന തീയിന്റെ ചൂട് കൊണ്ടാവാം ശരീരവും ചെറുതായി ചൂടുപിടിക്കാൻ തുടങ്ങി…
ഞാൻ കവാടത്തിൽ കൊത്തിവെച്ച ആ നാഗത്തിന്റെ ശിലയിൽ ഒന്ന് തൊട്ടു….
വീണ്ടും ആ വാതിലിൽ നിന്നുമൊരു മുട്ടുകേട്ടു പക്ഷേ ഇത്തവണ ആ വാതിൽ ശക്തമായി ഇളകിയിരുന്നു.ചുറ്റുമുള്ള പാറയിൽ നിന്നും പൊടിഞ്ഞുവീണ കല്ലുകൾ താഴേക്ക് പോയി…
ആരോ അതിനുള്ളിൽ ഉണ്ട്…. പക്ഷേ ആരാണ്
അത്യാവശ്യം വലിപ്പമുള്ള താക്കോൽ ദ്വാരത്തിലൂടെ ഞാൻ ഉള്ളിലേക്ക് നോക്കി പക്ഷേ ഒന്നും വ്യക്തമായി കാണുന്നില്ല കുറച്ചുനേരം കൂടി നോക്കിയപ്പോൾ അതിനുള്ളിൽ നിന്നും ഒരു ചലനം ഞാൻ തിരിച്ചറിഞ്ഞു ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി ശരീരം കുറച്ചുകൂടി വേഗത്തിൽ ചൂടുപിടിക്കുന്നുണ്ട് ഞാനെന്റെ കണ്ണുകളെ കുറച്ചുകൂടി ആഴത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു പെട്ടെന്നാരോ ആ താക്കോൽ ദ്വാരത്തിനു മുന്നിൽ നിന്ന പോലെ പക്ഷേ അനങ്ങുന്നില്ല കുറച്ചുകൂടി നോക്കി നിന്നപ്പോൾ എന്തോ ഒന്ന് താഴുന്ന പോലെ തോന്നി. അതിനുള്ള ഒരു മനുഷ്യനാണ്. വ്യക്തമായി കാണാൻ സാധിക്കുന്നില്ലെങ്കിലും ഒരു മുഖം എനിക്ക് കാണാൻ പറ്റുന്നുണ്ട്.ഞാൻ താക്കോൽദ്വാരത്തിന്റെ ഉള്ളിൽ കൂടെ നോക്കുന്നത് അയാൾക്ക് മനസ്സിലായിട്ടുണ്ടാവണം. ആ മുഖം കൂടുതൽ അടുത്തേക്ക് വരുന്നുണ്ട്. തിളങ്ങുന്ന കണ്ണുകളുടെ തീക്ഷ്ണത ഇപ്പുറം നിന്നിട്ട് പോലും എനിക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്. കണ്ണുകൾ ആ ധ്വാരത്തിന്റെ അടുത്ത് എത്തിയിരിക്കുന്നു. ഒരു നിമിഷം ഹൃദയം നിലച്ചതു പോലേ. കാരണം ഒരു മനുഷ്യന്റെ കണ്ണ് പോലെ തോന്നുന്നുവെങ്കിലും അതൊരു സാധാരണ കണ്ണുകളല്ല…
“ദേവാ എന്നേ തേടി വാ…..”
ഒരു സ്ത്രീയുടെ ശബ്ദം…….😳
അതൊരു വെറും ശബ്ദമായിരുന്നില്ല മറിച്ച്, വരണ്ട ഭൂമിയിലേക്ക് പെയ്തിറങ്ങിയ ആദ്യത്തെ മഴത്തുള്ളി നൽകുന്ന കുളിർമയായിരുന്നു അതിലുണ്ടായിരുന്നത്. കാതുകളിൽ തേൻമഴ പെയ്യുന്നതുപോലെ, അല്ലെങ്കിൽ വിദൂരതയിൽ എവിടെയോ ഒരു ഓടക്കുഴൽ മീട്ടുന്നതുപോലെ തോന്നിപ്പിക്കുന്ന ഒന്ന്. ലോകത്തിലെ എല്ലാ സംഗീതവും ആ തൊണ്ടയിൽ അലിഞ്ഞുചേർന്നിട്ടുണ്ടോ എന്ന് തോന്നിപ്പോകും. അവൾ സംസാരിക്കുമ്പോൾ സമയം നിശ്ചലമാവുകയും, ചുറ്റുമുള്ള ബഹളങ്ങൾ മാഞ്ഞ് ഒരു വല്ലാത്ത ശാന്തത മനസ്സിലേക്ക് നിറയുകയും ചെയ്യുന്നു. കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന, ആത്മാവിനെ തൊട്ടുണർത്തുന്ന ഒരു മാന്ത്രിക സംഗീതമായിരുന്നു ആ ശബ്ദം….
ആ നിമിഷം അവളുടെ മുഖം കാണാൻ പറ്റിയിരുന്നെങ്കിൽ.എന്ന് മാത്രമായിരുന്നു എന്റെ മനസ്സിൽ…വീണ്ടും അതിനുള്ളിലേക്ക് എത്തിനോക്കാൻ ശ്രമിച്ചതും എന്തോ വന്നെന്നേ പൂർണമായും വിഴുങ്ങി….
“ദേവാ കണ്ണ് തുറക്ക് ദേവാ…. പ്ലീസ്….. ”
തൊട്ടടുത്ത നിമിഷം എന്റെ കവിളിൽ എന്തോ വന്ന് പതിച്ചത് ഞാനറിഞ്ഞു..
