നിധിയുടെ കാവൽക്കാരൻ – 8 44അടിപൊളി 

​അവർ ഞങ്ങളുടെ അടുത്തേക്ക് വരുന്നില്ല. അനങ്ങുന്നുപോലുമില്ല.

​അവരുടെ രൂപം… ദൈവമേ…

അതൊരിക്കലും മനുഷ്യരായിരുന്നില്ല. അവരുടെ ശരീരത്തിന് വെണ്ണീറിന്റെ നിറമായിരുന്നു. വിളറി വെളുത്ത, ജീവന്റെ ഒരംശം പോലുമില്ലാത്ത ശരീരങ്ങൾ.

 

​പക്ഷെ ഏറ്റവും ഭയാനകമായത് അതൊന്നുമല്ലായിരുന്നു… അവരുടെ മുഖത്തെ ആ ചിരിയാണ്. വല്ലാത്തൊരു ചിരി… ചുണ്ടുകൾ ചെവി വരെ നീളുന്നതുപോലെയുള്ള, അസ്വാഭാവികമായ, ഭീതിപ്പെടുത്തുന്ന ചിരി.

 

​ഞങ്ങളുടെ ചോര മരവിച്ചുപോയി.

 

​”ആരും അവരെ നോക്കണ്ട… നടക്ക്… വേഗം നടക്ക്…” അർജുനേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു.

​ഞങ്ങൾ പത്തുപേരും പരസ്പരം കൈകൾ കോർത്തുപിടിച്ചു. വിറയ്ക്കുന്ന കൈകളോടെ ഞങ്ങൾ നടക്കാൻ തുടങ്ങി.

​ഞങ്ങൾ നടക്കുമ്പോൾ… അവരും അനങ്ങിത്തുടങ്ങി.

 

​അവർ ഞങ്ങളെ ആക്രമിക്കാൻ വന്നില്ല. ഓടി ഞങ്ങളെ പിടിക്കാൻ ശ്രമിച്ചില്ല. പകരം, ഞങ്ങൾ നടക്കുന്ന അതേ വേഗതയിൽ, നിശബ്ദമായി അവർ ഞങ്ങളുടെ പിന്നാലെ വന്നു.

​ഞങ്ങൾ വേഗത്തിൽ നടന്നാൽ അവരും വേഗത്തിൽ വരും. ഞങ്ങൾ ഒന്നു പതറിയാൽ അവരും നിൽക്കും.

​തിരിഞ്ഞു നോക്കുമ്പോഴെല്ലാം കാണാം… മരങ്ങൾക്കിടയിലൂടെ, ഇരുളിൽ തിളങ്ങുന്ന ആ വെളുത്ത ശരീരങ്ങളും, ആ പൈശാചികമായ ചിരിയും… അവർ ഞങ്ങളെ പിന്തുടരുകയാണ്.

​ഒടുവിൽ വണ്ടികൾ വെച്ചിരുന്ന സ്ഥലത്തെത്തിയതും, ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ വണ്ടികളിൽ കയറി. വിറയ്ക്കുന്ന കൈകൾ കൊണ്ട് താക്കോൽ തിരിച്ചതും വണ്ടി സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ കൊടുത്തു.

​കാടിന്റെ അതിർത്തി പിന്നിട്ട്, കോളേജിന്റെ ഗേറ്റ് കടക്കുന്നത് വരെ ആരും ശ്വാസം വിട്ടിട്ടുണ്ടായിരുന്നില്ല…”

 

​ആമി ഒരു ദീർഘശ്വാസം വിട്ടു. ആ ഓർമ്മകൾ ഇപ്പോഴും അവളെ ഭയപ്പെടുത്തുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

 

ദിവസങ്ങൾ കടന്നുപോയി….

 

പുറമെ നോക്കുമ്പോൾ എല്ലാം സാധാരണപോലെയായിരുന്നു.

 

പക്ഷേ, എന്റെ ഉള്ളിലും ശരീരത്തിലും എന്തൊക്കെയോ മാറ്റങ്ങൾ വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

​ക്യാമ്പസിലോ ക്ലാസ്സ്‌ മുറികളിലോ ഒക്കെ വെറുതെ സ്വസ്ഥമായി ഇരിക്കുന്ന സമയത്ത്… ഞാൻ ആരുടെയെങ്കിലും മുഖത്തേക്ക് കുറച്ച് നേരം നോക്കിയാൽ മതി, അവരുടെ ഉള്ളിലെ ചിന്തകൾ എന്റെ തലച്ചോറിലേക്ക് ഒഴുകിയെത്താൻ തുടങ്ങി.

 

​ആദ്യം എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ മിണ്ടുന്നില്ല, ചുണ്ടുകൾ അനക്കുന്നില്ല… പക്ഷേ അവർ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ എനിക്ക് വ്യക്തമായി കേൾക്കാം. അവരുടെ രഹസ്യങ്ങൾ, സങ്കടങ്ങൾ, കള്ളത്തരങ്ങൾ… എല്ലാം. ഒരുതരം ‘മൈൻഡ് റീഡിങ്’ . ആ ഗുഹയിൽ പോയി ഇറങ്ങിയത് മുതലാണ്, അല്ലെങ്കിൽ ആ മോതിരം എന്റെ വിരലിൽ സ്ഥാനം പിടിച്ച മുതലാണ് എനിക്ക് ഈ കഴിവ് കിട്ടിയതെന്ന് എനിക്ക് മനസ്സിലായി.

 

കാരണം മോതിരം ഇടുമ്പോൾ മാത്രമേ എനിക്ക് ഇങ്ങനെ സംഭവിക്കുന്നുള്ളു ഊരി കഴിഞ്ഞാൽ സാധിക്കുന്നില്ല…

 

​ഞാൻ പേടിയോടെ അർജുനേട്ടനോടും ബാക്കിയുള്ളവരോടും കാര്യം സൂചിപ്പിച്ചു. അപ്പോഴാണ് അറിഞ്ഞത്, ഞാൻ മാത്രമല്ല… അവരും ഇത്തരം വിചിത്രമായ അനുഭവങ്ങളിലൂടെ കടന്നുപോകുകയാണെന്ന്. പക്ഷേ എല്ലാവർക്കും കിട്ടിയത് ‘മനസ്സ് വായിക്കാനുള്ള’ കഴിവല്ല.

 

ഓരോരുത്തർക്കും ഓരോ തരം കഴിവുകളായിരുന്നു.

 

ചിലർക്ക് അസാമാന്യമായ ശാരീരിക ശക്തി, വേഗത അത് പോലേ കാഴ്ചയേ മാനിപ്പുലേറ്റ് ചെയുന്ന പോലേ… അങ്ങനെ ഓരോന്ന്.

 

ആ മോതിരങ്ങൾ ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകിയത് വ്യത്യസ്തമായ ശക്തികളായിരുന്നു.

 

​എന്നാൽ ആമി… അവൾക്ക് മാത്രം ഒരു മാറ്റവും ഉണ്ടായില്ല.

​ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ എന്നെ ദേഷ്യത്തോടെ നോക്കി. കാരണം, അന്ന് ആ വീട്ടിൽ തിരിച്ചെത്തിയ നിമിഷം തന്നെ അവൾ ആ മോതിരം ഊരി മാറ്റിയിരുന്നു.

 

ഭയം കാരണം പിന്നീട് ഒരിക്കൽ പോലും അവളത് തൊട്ടിട്ടില്ല.

 

അതുകൊണ്ട് അവൾ ആ ശാപത്തിൽ നിന്നും, അല്ലെങ്കിൽ ആ വിചിത്രമായ ശക്തിയിൽ നിന്നും രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *