അവൾ തലയിൽ പതിയേ തലോടികൊണ്ട് പറഞ്ഞു…
“എല്ലാവരുടെയും മുന്നിൽ എന്റെയും ആമിയുടെയുമൊക്കെ ഡിഗ്രി കഴിഞ്ഞിട്ട് മാസങ്ങളെ ആവുന്നുള്ളു എന്നാൽ ശരിക്കും അത് കഴിഞ്ഞിട്ട് ഏകദേശം മൂന്ന് വർഷത്തിന് മുകളിലായി…”
ആ സുഖത്തിലും അവളുടെ വാക്കുകൾ എന്റെ ശരീരമാസകലം ഒരു ഞെട്ടൽ ഉണ്ടാക്കി…
അവൾ വീണ്ടും കഥ പറയാൻ തുടങ്ങി…
””””” അന്ന് രാത്രി കോളേജിൽ ആർട്സ് ഫെസ്റ്റിവൽ നടക്കുന്ന ദിവസമായിരുന്നു… എനിക്കാണെങ്കിൽ അന്ന് ശരീരം ഒട്ടും വയ്യായിരുന്നു.അതുകൊണ്ട് തന്നേ ഞാൻ ഒന്നിനും പേര് കൊടുത്തിട്ടുണ്ടായിരുന്നില്ല…..
ആമി അവൾ പണ്ടു തൊട്ടേ ഒന്നിലും പങ്കെടുക്കുമായിരുന്നില്ല…
ആകെ വല്ലാത്തൊരു മടുപ്പ്… എന്ത് ചെയ്യണം എന്നറിയാതെ, ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥയിൽ ഞാനും ആമിയും കൂടി ക്യാമ്പസിലൂടെ വെറുതെ നടക്കുകയായിരുന്നു.
അപ്പോഴാണ് ഞാൻ അർജുനേട്ടനെ കണ്ടത്., ആമി കഴിഞ്ഞാൽ എനിക്ക് കോളേജിൽ ഏറ്റവും അടുപ്പമുള്ളത് അർജുനേട്ടനോടാണ്. ഏട്ടനും ഏട്ടന്റെ കുറച്ച് ഫ്രണ്ട്സും കൂടി ഗ്രൗണ്ടിന്റെ സൈഡിലുള്ള ആ വലിയ മരച്ചുവട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു.
ഞങ്ങളെ കണ്ടതും ഏട്ടൻ കൈ വീശി അങ്ങോട്ട് വിളിച്ചു.
എനിക്കാണെങ്കിൽ ബോറടിച്ചിരിക്കുവല്ലേ, വെറുതെ അവിടെ പോയിരുന്ന് വർത്തമാനം പറയാലോ എന്ന് കരുതി ഞാൻ അങ്ങോട്ട് പോകാൻ തുനിഞ്ഞു.
പക്ഷെ ആമിക്ക് എന്തുകൊണ്ടോ അങ്ങോട്ട് പോകാൻ വലിയ താല്പര്യമുണ്ടായിരുന്നില്ല.
’വേണ്ട നിധീ, നമുക്ക് ക്യാന്റീനിൽ പോയിരിക്കാം’ എന്നൊക്കെ അവൾ പറഞ്ഞുനോക്കി. പക്ഷെ എന്റെ നിർബന്ധത്തിന് ഒടുവിൽ അവളും മടിച്ചുമടിച്ച് എന്റെ കൂടെ വന്നു.
ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അവരുടെ സംസാരം അൽപ്പം ഗൗരവത്തിലായിരുന്നു.
ചർച്ചാവിഷയം വേറൊന്നുമല്ല, കോളേജിന് കുറച്ച് അകലെയുള്ള ‘നീധിമല’യെക്കുറിച്ചായിരുന്നു.
അതൊരു വല്ലാത്ത സ്ഥലമാണത്രേ. ആ മലയ്ക്കുള്ളിൽ എന്തൊക്കെയോ അമാനുഷിക ശക്തികളുണ്ടെന്നും, പണ്ട് ഇവിടം ഭരിച്ചിരുന്ന രാജാവ് ഒളിപ്പിച്ചു വെച്ച ഒരു നിധിയുണ്ടെന്നും, അതല്ല പ്രേതബാധയുണ്ടെന്നും ഒക്കെയായിരുന്നു സംസാരം.
ഓരോരുത്തരും ഓരോന്ന് പറഞ്ഞ് ആവേശം കൂട്ടിക്കൊണ്ടിരുന്നു.
സംസാരം മുറുകിയപ്പോൾ കൂട്ടത്തിലാരോ ഒരാൾ ആവേശത്തോടെ ചോദിച്ചു, ‘എന്നാൽ പിന്നെ നമുക്കൊന്ന് പോയി നോക്കിയാലോ?’.
തമാശയ്ക്ക് തുടങ്ങിയ ആ ചോദ്യം പെട്ടെന്ന് ഒരു തീരുമാനമായി മാറി.
നീതിമലയുടെ രഹസ്യം തേടിപ്പോകാൻ അർജുനേട്ടനും കൂട്ടുകാരും തീരുമാനിച്ചു. കൂടെ വരാൻ ഞങ്ങളെയും നിർബന്ധിച്ചു. ആമിയുടെ മുഖം ഭയം കൊണ്ട് വിളറുന്നത് ഞാൻ കണ്ടു, പക്ഷേ എനിക്കെന്തോ ആ കാര്യം ഒരു അഡ്വഞ്ചർപോലേ തോന്നി..
ഞങ്ങൾ അവരോടൊപ്പം പോയി….പോവുന്ന വഴി മൂന്ന് പേരും കൂടേ ഒപ്പം കൂടി…എന്നേയും ആമിയെയും കൂടാതെ എട്ട് പേർ കൂടേ ഉണ്ടായിരുന്നു മൊത്തത്തിൽ…
കോളേജിൽ നിന്നും മലയിലേക്കുള്ള വഴിയായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്.
നമ്മൾ രണ്ടുപേരും അന്ന് പോയപ്പോൾ ബൈക്ക് നിർത്തിയ സ്ഥലമില്ല അവിടെ എല്ലാവരുടെയും വണ്ടി നിർത്തി ഞങ്ങൾ കാടിന്റെ ഉള്ളിലേക്ക് കയറി നടക്കാൻ തുടങ്ങി…
രാത്രിയുടെ ഇരുട്ടിൽ തിളങ്ങിനിൽക്കുന്ന പൂർണചന്ദ്രന്റെ പ്രകാശം ആ കാട് മൊത്തം വ്യാപിച്ചു കിടന്നിരുന്നു….
കുറച്ചുനേരം നടന്നതും ഞങ്ങൾ ആ ഗുഹയുടെ മുന്നിലെത്തി.ആമിയുടെ കൈ എന്റെ കൈകളിൽ മുറുകിയിട്ടുണ്ടായിരുന്നു
ആ ഗുഹയുടെ ഉള്ളിലേക്ക് കയറിയപ്പോൾ ഞങ്ങൾ കണ്ടത് അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു.
അകത്തേക്ക് പോകാൻ ഒരു വഴിയല്ല, മറിച്ച് അഞ്ച് കവാടങ്ങൾ. അഞ്ച് ഇരുണ്ട തുരങ്കങ്ങൾ പോലെ വായ പിളർന്നു നിൽക്കുന്ന ഗുഹാമുഖങ്ങൾ.
ഞങ്ങൾ ആകെ പത്തുപേർ ഉണ്ടല്ലോ. അതുകൊണ്ട് ഓരോ വഴിയിലൂടെയും രണ്ടുപേർ വീതം പോകാൻ തീരുമാനിച്ചു.
