“കാരണം, ഇതിനേക്കാൾ എത്രയോ ഭീകരമായ ഒരു മഹാദുരന്തം നമ്മളെയെല്ലാവരെയും ലക്ഷ്യമാക്കി
വന്നുകൊണ്ടിരിക്കുകയാണ്! ഞാൻ നേരത്തെ പറഞ്ഞില്ലേ, ഇരുട്ടിന്റെ സാമ്രാജ്യമായ തമോപഥം! അവിടുത്തെ ക്രൂരന്മാരായ ഇരുണ്ട ദൈവങ്ങളും സംഹാരമൂർത്തികളും നമ്മുടെ രക്തത്തിന്റെ ഗന്ധം മണത്തറിഞ്ഞുകഴിഞ്ഞു!
അവർ നമ്മളെ തേടി ഈ താരാപഥത്തിലേക്ക് പുറപ്പെട്ടുകഴിഞ്ഞു! നക്ഷത്രക്കൂട്ടങ്ങളെ ഭസ്മമാക്കിക്കൊണ്ട് അവർ നമ്മളുടെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആ മഹാശക്തികളുടെ കോപത്തിന് മുന്നിൽ, നിങ്ങൾ ഈ ഭയപ്പെടുന്ന നീലാംബരിയും ഇന്ദ്രനീലത്തിലെ യുദ്ധവുമെല്ലാം വെറും കുട്ടിക്കളികൾ മാത്രമാണ്! തമോപഥത്തിലെ ആ വേട്ടക്കാർ ഈ ഭൂമിയിൽ കാലുകുത്തുന്നതിന് മുൻപ് ദേവ അവന്റെ യഥാർത്ഥ ശക്തിയിലേക്ക് ഉണർന്നില്ലെങ്കിൽ… പിന്നെ നഷ്ടപ്പെടാൻ ഓർമ്മകളുണ്ടാകില്ല.ഈ ഭൂമിയും നിങ്ങൾ കാണുന്ന ഈ പ്രപഞ്ചവും ഒരു തരി ചാരം പോലും ബാക്കിയാകാതെ അപ്രത്യക്ഷമാകും!”
രുദ്രയുടെ ആ വാക്കുകൾ ഒരു ഇടിത്തീ പോലെയാണ് ആമിയുടെ തലച്ചോറിലേക്ക് പതിച്ചത്.
ആമി അക്ഷരാർത്ഥത്തിൽ മരവിച്ചുപോയി.
കവിളിലൂടെ ഒഴുകിയിറങ്ങിക്കൊണ്ടിരുന്ന കണ്ണുനീർ പോലും എവിടെയോ നിന്നുപോയതുപോലെ. കുറച്ചു നിമിഷങ്ങൾക്ക് മുൻപ് വരെ, ദേവയെ മറന്നുപോകുമെന്ന ഭയമായിരുന്നു അവളെ തളർത്തിയിരുന്നത്. എന്നാൽ, തങ്ങൾ നേരിടുന്ന ഈ നരകം, വരാൻ പോകുന്ന മഹായുദ്ധത്തിന്റെ വെറുമൊരു നിഴൽ മാത്രമാണെന്ന തിരിച്ചറിവ് ആമിയുടെ ചിന്താശേഷിയെത്തന്നെ സ്തംഭിപ്പിച്ചു.
തൊണ്ട വരണ്ടുണങ്ങി, ഒരക്ഷരം പോലും ഉരിയാടാനാകാതെ, വാക്കുകൾ കിട്ടാതെ ആമി രുദ്രയുടെ മുഖത്തേക്ക് തന്നെ മിഴിച്ചുനോക്കിയിരുന്നുപോയി.
തന്റെ വാക്കുകൾ ആമിയെ എത്രത്തോളം ഉലച്ചുവെന്ന് രുദ്രയ്ക്ക് മനസ്സിലായി. ആ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് രുദ്രയുടെ സ്വരം വീണ്ടും അല്പം മൃദുവായി. പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴയിലേക്കും ദൂരെ മലമുകളിൽ നിന്നും ഉയരുന്ന അദൃശ്യമായ പ്രകമ്പനങ്ങളിലേക്കും നോക്കിക്കൊണ്ട് അവൾ പതിയെ പറഞ്ഞു:
“ഇത്രയും വലിയ പ്രപഞ്ചസത്യങ്ങൾ… ഒരു സാധാരണ മനുഷ്യസ്ത്രീക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമുള്ള ഈ
രഹസ്യങ്ങൾ ഞാൻ എന്തിനാണ് ഇപ്പോൾ നിന്നോട് തുറന്നുപറഞ്ഞതെന്ന് നീ ചിന്തിക്കുന്നുണ്ടാകും ആമി…”
രുദ്രയുടെ സ്വരത്തിന് ഇപ്പോൾ മരണത്തിന്റെ ശാന്തതയായിരുന്നു.
“നിന്നോടുള്ള സഹതാപം കൊണ്ടോ, വെറുതെ കഥ പറഞ്ഞുകൊടുക്കാനോ അല്ല ഞാൻ ഇതെല്ലാം വെളിപ്പെടുത്തിയത്. നിനക്കൊരു സത്യം അറിയാനുള്ള അവകാശമുള്ളതുകൊണ്ടാണ്. കാരണം, വരാൻ പോകുന്ന ആ മഹാദുരന്തത്തിൽ നിന്നും ഈ പ്രപഞ്ചത്തെയും ദേവയെയും രക്ഷിക്കാൻ ഒരൊറ്റ വഴിയേയുള്ളൂ…”
രുദ്രയൊന്ന് നിർത്തി. മുറിക്കുള്ളിലെ വായു പോലും ഭാരമേറിയതായി. ആമിയുടെ തോളിൽ തന്റെ തണുത്ത കൈകൾ അമർത്തിപ്പിടിച്ചുകൊണ്ട്, തെല്ലും പതർച്ചയില്ലാതെ രുദ്ര ആ ഭീകരമായ സത്യം അവളുടെ കാതുകളിലേക്കെറിഞ്ഞു:
“അവന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആ മഹാശക്തി പുറത്തുവരണമെങ്കിൽ… നീയും നിധിയും മരിക്കണം ! നിങ്ങളുടെ രണ്ടുപേരുടെയും മരണം ഇവിടെ സംഭവിച്ചേ മതിയാകൂ!”
ആ വാക്കുകൾ കേട്ടതും ആമിയുടെ ശ്വാസം നെഞ്ചിൽ കുരുങ്ങി. അവൾ ഞെട്ടിപ്പിടഞ്ഞ് രുദ്രയുടെ കൈകൾ തട്ടിമാറ്റി കട്ടിലിൽ നിന്നും പിന്നിലേക്ക് നിരങ്ങിപ്പോയി. അവളുടെ കണ്ണുകൾ ഭയം കൊണ്ട് പുറത്തേക്ക് തള്ളി.
“നീ… നീ എന്താ ഈ പറയുന്നത്?” ആമിയുടെ ശബ്ദം വിറച്ചുപൊട്ടി. “ഞാനും നിധിയും മരിക്കണമെന്നോ? അപ്പോൾ… അപ്പോൾ നീ ഞങ്ങളെ കൊല്ലാൻ വന്നതാണോ?
ദേവയുടെ സഹോദരിയായിട്ടും അവന്റെ ജീവന്റെ പാതികളായ ഞങ്ങളെ കൊല്ലാനാണോ നീ വന്നത്?”
രുദ്ര ശാന്തമായിത്തന്നെ ആമിയുടെ അടുത്തേക്ക് ഒരു ചുവടുവെച്ചു. ആ കണ്ണുകളിൽ ക്രൂരതയല്ല, മറിച്ച് പ്രപഞ്ചനിയമത്തിന്റെ കയ്പേറിയ യാഥാർത്ഥ്യമായിരുന്നു.
“വെറുതെ മരിച്ചുപോകാനല്ല ഞാൻ പറഞ്ഞത്. നിങ്ങളുടെ രണ്ടുപേരുടെയും രക്തം ദേവയുടെ ശരീരത്തിൽ കലരണം! മരണത്തിന്റെ ആ അവസാന നിമിഷത്തിൽ, നിങ്ങളുടെ പ്രാണനും രക്തവും അവനിലേക്ക് അലിഞ്ഞുചേർന്ന്… നിങ്ങൾ മൂന്നുപേരും ഒന്നായി മാറണം!”
