നിധിയുടെ കാവൽക്കാരൻ – 29 9അടിപൊളി  

ആമിക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. രക്തം കലർന്ന് മൂന്നുപേരും ഒന്നാവുകയോ? ഭ്രാന്ത് പിടിക്കുന്നതുപോലെ അവൾ തലയ്ക്കു കൈവെച്ചു. അവളുടെ ആ അന്ധാളിപ്പ് കണ്ടതും, ആ രഹസ്യത്തിന് പിന്നിലെ പൊരുൾ രുദ്ര പതിയെ അഴിച്ചുവെച്ചുതുടങ്ങി.

“ശ്രദ്ധിച്ചു കേൾക്കൂ… ഞാൻ പറഞ്ഞില്ലേ, ദേവയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്നത് ഒരു പ്രപഞ്ചാധിപന്റെ സമ്പൂർണ്ണ ശക്തിയാണെന്ന്. ആ ശക്തിയെ ത്രിമൂർത്തികൾ ‘കാലരുദ്ര സുഷുപ്തി’ എന്ന മഹാമന്ത്രം കൊണ്ട് പൂട്ടിയിട്ടിരിക്കുകയാണ്. ആ മന്ത്രക്കെട്ട് പുറത്തുനിന്ന് ആയുധങ്ങൾ കൊണ്ടോ, മറ്റു മന്ത്രങ്ങൾ കൊണ്ടോ, എന്തിനേറെ പറയുന്നു… ദേവ സ്വയം വിചാരിച്ചാൽ പോലും തകർക്കാൻ കഴിയില്ല! കാരണം, മനുഷ്യന്റെ വികാരങ്ങളുമായി അവന്റെ ആത്മാവിനെ ബന്ധിപ്പിച്ചാണ് ആ മന്ത്രം പ്രവർത്തിക്കുന്നത്.

നിങ്ങൾ ജീവനോടെ അവന്റെ കൂടെയുള്ളിടത്തോളം കാലം, അവന്റെ ഉപബോധമനസ്സ് ഒരു സാധാരണ മനുഷ്യനായി ജീവിക്കാൻ മാത്രമേ ആഗ്രഹിക്കൂ. നിങ്ങളോടുള്ള സ്നേഹവും, നിങ്ങളെ നഷ്ടപ്പെടരുത് എന്ന സുരക്ഷിതത്വബോധവുമാണ് അവന്റെ ഉള്ളിലെ ആ സംഹാരമൂർത്തിയെ ഉറക്കിക്കിടത്തുന്ന താലോലം! ആ ബന്ധനം തകരണമെങ്കിൽ, ത്രിമൂർത്തികളുടെ മന്ത്രത്തെക്കാൾ ശക്തമായ ഒരു ആത്മീയ ആഘാതം അവന്റെ ഉള്ളിൽത്തന്നെ പൊട്ടിപ്പുറപ്പെടണം. അവന്റെ ഹൃദയം ആയിരം കഷ്ണങ്ങളായി ചിതറിത്തെറിക്കുന്ന, പ്രപഞ്ചത്തെത്തന്നെ വിറപ്പിക്കുന്ന അത്രയും തീവ്രമായൊരു വേദന!”

ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. രുദ്രയുടെ ഓരോ വാക്കും കൂർത്ത കഠാരപോലെ അവളുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

“പക്ഷേ, അവിടെയാണ് ഏറ്റവും വലിയ അപകടം ഒളിഞ്ഞിരിക്കുന്നത്!”

രുദ്രയുടെ സ്വരത്തിന് മൂർച്ച കൂടി.

“നിങ്ങൾ വെറുതെ മരിച്ചുപോയാൽ, ആ വേദനയുടെ ആഘാതത്തിൽ ‘കാലരുദ്ര സുഷുപ്തി’ പൊട്ടിത്തെറിക്കും… ദേവയുടെ ഉള്ളിലെ ആയിരം സൂര്യന്മാരുടെ ശക്തി പുറത്തുവരികയും ചെയ്യും! പക്ഷേ, നിങ്ങളില്ലാത്ത ആ ശൂന്യതയിൽ, ദുഃഖവും കോപവും കൊണ്ട്

ഭ്രാന്തനായ അവന്റെ മനസ്സിന് ആ മഹാശക്തിയെ താങ്ങാൻ കഴിഞ്ഞെന്ന് വരില്ല! ഒരു കടിഞ്ഞാണുമില്ലാത്ത സംഹാരാഗ്നിയായി അവൻ മാറും. തമോപഥത്തിലെ ശത്രുക്കളെ കൊല്ലുന്നതിന് മുൻപേ, അവൻ സ്വയം കത്തിയെരിഞ്ഞ് ഈ ഭൂമിയെയും താരാപഥത്തെയും മുഴുവൻ ചാമ്പലാക്കിയെന്ന് വരും!

അത് സംഭവിക്കാതിരിക്കാനാണ്… അവനെ ഒരു രാക്ഷസനാക്കതെ, ആ പ്രപഞ്ചാധിപന്റെ ശക്തിയെ പൂർണ്ണമായി നിയന്ത്രിക്കാൻ കഴിവുള്ള പരമശക്തിയാക്കി മാറ്റാനാണ് രക്തലയനം അനിവാര്യമാകുന്നത്!”

രുദ്ര ആമിയുടെ മുന്നിൽ മുട്ടുകുത്തിയിരുന്ന്, ആമിയുടെ വിറയ്ക്കുന്ന കൈത്തണ്ടയിൽ വിരലമർത്തി.

“നീ ചിന്തിച്ചിട്ടുണ്ടോ, കാലചക്രത്തിന്റെ ഈ ലൂപ്പുകളിലെല്ലാം എന്തുകൊണ്ടാണ് നീയും നിധിയും മാത്രം എപ്പോഴും ദേവയുടെ നിഴലായി ഒപ്പം തന്നെയുള്ളതെന്ന്? അതൊരു യാദൃച്ഛികതയല്ല! പ്രപഞ്ചശാസ്ത്രമനുസരിച്ച്, അനന്തമായ സംഹാരശക്തിക്ക് അതായത് ദേവയുടെ ഉള്ളിലെ ആ അഗ്നിക്ക് സ്ഥിരത നൽകാൻ രണ്ട് വിരുദ്ധ ധ്രുവങ്ങളുടെ ഊർജ്ജം ആവശ്യമാണ്.

ദേവയുടെ ആത്മാവിന്റെ പാതികളാണ് നിങ്ങൾ രണ്ടുപേരും. നീ അവന്റെ കരുണയും പ്രാണന്റെ തണലുമാണെങ്കിൽ, നിധി അവന്റെ നിശ്ചയദാർഢ്യവും ആത്മബലവുമാണ്! സാധാരണ മനുഷ്യരായി ജനിച്ചെങ്കിലും, യുഗങ്ങളോളം നീണ്ട കാലചക്രങ്ങളിലൂടെ അവനോടൊപ്പം സഞ്ചരിച്ച് നിങ്ങളുടെ രക്തവും ആത്മാവും അവന്റെ ഊർജ്ജവുമായി ഇഴചേർന്നു കഴിഞ്ഞു.

മരണത്തിന്റെ വക്കിൽ വെച്ച് നിങ്ങളുടെ രണ്ടുപേരുടെയും ചൂടുള്ള പ്രാണരക്തം അവന്റെ സിരകളിലേക്ക് കലരുമ്പോൾ, അവിടെ നടക്കുന്നത് ഒരു അവസാനമല്ല ആമി… അതൊരു ത്രിവേണി സംഗമമാണ്!

നിങ്ങളുടെ മരണം കാണുന്ന ആ നിമിഷത്തെ അസഹനീയമായ ആഘാതം അവന്റെ ഉള്ളിലെ ‘കാലരുദ്ര സുഷുപ്തി’യെ ചുട്ടെരിക്കും. അതേ നിമിഷം തന്നെ, അവന്റെ രക്തത്തിൽ അലിഞ്ഞുചേരുന്ന നിങ്ങളുടെ പ്രാണനും ആത്മാവും, മറ്റൊരു ലോകത്തേക്ക് പോകാതെ അവന്റെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് കുടിയേറും!”

Leave a Reply

Your email address will not be published. Required fields are marked *