ദൈവിക ഊർജ്ജത്തിന്റെയും അളവനുസരിച്ച്, അവ പല തട്ടുകൾ അല്ലെങ്കിൽ പല ‘ശ്രേണികളായി’ വേർതിരിക്കപ്പെട്ടു.
അതിൽ ഏറ്റവും മുകളിലുള്ള ഉന്നത ശ്രേണിയിലെ പ്രപഞ്ചങ്ങളിൽ വായുവിൽ പോലും ഒഴുകുന്നത് ശുദ്ധമായ ദൈവിക തേജസ്സാണ്. അവിടുത്തെ ഒരു മണൽത്തരിക്ക് പോലും ഈ ഭൂമിയെ തകർക്കാൻ തക്ക ഭാരമുണ്ടാകും. അതിന് താഴെയാണ് മന്ത്രങ്ങളും തന്ത്രങ്ങളും ദിവ്യായുധങ്ങളും നിറഞ്ഞ മധ്യമ ശ്രേണിയിലെ പ്രപഞ്ചങ്ങൾ. എന്നാൽ ഏറ്റവും താഴെ, കാലക്രമേണ മാന്ത്രികതയുടെ ഉറവകൾ വറ്റിപ്പോയ, അല്പായുസ്സുകളായ മനുഷ്യർ ജീവിക്കുന്ന ദുർബലമായ പ്രപഞ്ചങ്ങളുടെ തട്ടാണ് മൂന്നാമത്തേത്!
നമ്മൾ ഈ ഇരിക്കുന്ന പ്രപഞ്ചം ആ താഴ്ന്ന ശ്രേണിയിലുള്ള ഒന്നാണ്. ഇവിടെ ഇന്ദ്രനീലത്തിന്റെ സമയവലയങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് ഈ മണ്ണിൽ ഇപ്പോഴും മാന്ത്രികതയുടെ ഞരമ്പുകൾ ജീവനോടെ തുടിക്കുന്നത്.”
ആമി ശ്വാസമടക്കിപ്പിടിച്ച് ആ വാക്കുകൾ കേട്ടിരുന്നു. രുദ്ര ഒന്ന് നിർത്തി, ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി തന്റെ സംസാരം തുടർന്നു
“ഇനി നമ്മൾ ജീവിക്കുന്ന ഈ പ്രപഞ്ചത്തിനുള്ളിലെ നക്ഷത്രക്കൂട്ടങ്ങളുടെ കാര്യത്തിലേക്ക് വരാം. നിങ്ങൾ മനുഷ്യർ ആകാശത്തേക്ക് നോക്കുമ്പോൾ കാണുന്നത് വെറും തീഗോളങ്ങളായ നക്ഷത്രങ്ങളെയും, കല്ലും മണ്ണും നിറഞ്ഞ വിജനമായ ഗ്രഹങ്ങളെയും മാത്രമാണ്. എന്നാൽ സത്യമതല്ല ആമി! കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ചേരുന്ന ആ വലിയ നക്ഷത്രവ്യൂഹങ്ങളെ ഞങ്ങളുടെ ഭാഷയിൽ വിളിക്കുന്നത് ‘താരാപഥങ്ങൾ’ അഥവാ ‘ജ്യോതിർമണ്ഡലങ്ങൾ’ എന്നാണ്. ഓരോ താരാപഥവും സ്വന്തമായി നിയമങ്ങളും സൈന്യവുമുള്ള ഓരോ മഹാസാമ്രാജ്യങ്ങളാണ്!
അതിനുള്ളിലെ നക്ഷത്രങ്ങൾ വെറും കത്തുന്ന വാതകങ്ങളല്ല പ്രപഞ്ചത്തിന്റെ ജീവനാഡിയായ പ്രാണോർജ്ജവും മന്ത്രശക്തിയും ഗ്രഹങ്ങളിലേക്ക് ഒഴുക്കിവിടുന്ന ‘അഗ്നിസ്തംഭങ്ങൾ’ ആണവ! നിങ്ങൾ ജീവനില്ലെന്ന് കരുതി എഴുതിത്തള്ളിയ കോടാനുകോടി ഗ്രഹങ്ങൾക്ക് മുകളിൽ, മനുഷ്യന്റെ മാംസനേത്രങ്ങൾക്കോ യന്ത്രങ്ങൾക്കോ തുളച്ചുകയറാൻ കഴിയാത്ത
മായാപടലങ്ങൾ മൂടിക്കിടക്കുന്നുണ്ട്. ആ മായാമറകൾക്കുള്ളിലാണ് മാനസ നിങ്ങളോട് പറഞ്ഞ ദേവലോകവും, പാതാളവും, ഗന്ധർവ്വലോകവും, നാഗലോകവുമെല്ലാം സ്ഥിതിചെയ്യുന്നത്!
അവിടെയെല്ലാം ദേവഗണങ്ങളും അസുരവംശങ്ങളും നാഗന്മാരും യക്ഷന്മാരുമെല്ലാം വൻ കോട്ടകളും സാമ്രാജ്യങ്ങളും കെട്ടിപ്പടുത്ത് ഇന്നും ജീവിക്കുന്നുണ്ട്!”
പുറത്ത് ആഞ്ഞടിച്ച ഒരു മിന്നൽപ്പിണരിൽ മുറിക്കുള്ളിൽ നിഴലുകൾ നൃത്തം വെച്ചു. രുദ്രയുടെ സ്വരത്തിന് ഇപ്പോൾ ഒരു പ്രവാചകിയുടെ ഗാംഭീര്യമുണ്ടായിരുന്നു.
“ഇവിടെയാണ് ആമി, നിങ്ങൾ കൈകൂപ്പി വിളിക്കുന്ന ‘ദൈവങ്ങൾ’ വരുന്നത്!” രുദ്രയുടെ കണ്ണുകൾ തീക്കനൽ പോലെ തിളങ്ങി.
“ഇങ്ങനെ കോടിക്കണക്കിന് നക്ഷത്രങ്ങളും, ദേവലോകവും പാതാളവുമടങ്ങുന്ന മായാമറകളുള്ള ഗ്രഹങ്ങളും ഉൾപ്പെടുന്ന ഒരു താരാപഥത്തെ പൂർണ്ണമായും അടക്കിഭരിക്കുന്ന പരമാധികാരികളാണ് ദൈവങ്ങളും ദേവിമാരും! നമ്മുടെ ഈ ഭൂമി ഉൾപ്പെടുന്ന താരാപഥത്തിന്റെ പേര് ‘ശൈവപഥം’ എന്നാണ്.
ഒരു താരാപഥം ഭരിക്കുന്ന ദൈവങ്ങൾക്കിടയിൽത്തന്നെ കൃത്യമായ അധികാരത്തട്ടുകളുണ്ട്. നമ്മുടെ ഈ ശൈവപഥത്തിന്റെ ഏറ്റവും മുകളിലെ ഒന്നാമത്തെ തട്ടിൽ സിംഹാസനത്തിലിരിക്കുന്നത് സാക്ഷാൽ ത്രിമൂർത്തികളും ആദിപരാശക്തിയുമാണ്!
അവരുടെ തൊട്ടുതാഴെ, ഈ താരാപഥത്തിന്റെ സൈന്യത്തെയും നിയമങ്ങളെയും നിയന്ത്രിക്കുന്ന രണ്ടാമത്തെ തട്ടിലുള്ള ഉപദേവതകളുണ്ട്.
പരമശിവന്റെയും പാർവതിയുടെയും ദൈവികമായ ഊർജ്ജത്തിൽ നിന്നും പിറവിയെടുത്ത നമ്മുടെ അമ്മ… അപ്സര ദേവി, ഈ താരാപഥം ഭരിക്കുന്ന ദൈവങ്ങളുടെ ആ രണ്ടാമത്തെ തട്ടിൽ വാണിരുന്ന മഹാശക്തിയായിരുന്നു!”
“പക്ഷേ ആമി, ദൈവങ്ങളുടെ ലോകം ശാന്തമാണെന്ന് നീ കരുതുന്നുണ്ടോ?”
രുദ്രയുടെ സ്വരത്തിൽ കടുത്തൊരു അമർഷവും തണുപ്പും കലർന്നു.
“അല്ല! നമ്മൾ ജീവിക്കുന്ന ഈ പ്രപഞ്ചത്തിൽത്തന്നെ നമ്മുടെ ശൈവപഥം പോലെ നൂറുകണക്കിന് മറ്റ് താരാപഥങ്ങളുണ്ട്. അവയോരോന്നിനെയും ഭരിക്കാൻ ഇതുപോലെ മറ്റ് ദൈവങ്ങളുമുണ്ട്! അധികാരത്തിനും പ്രാണോർജ്ജത്തിനും വേണ്ടി ആ താരാപഥങ്ങൾ തമ്മിൽ യുഗങ്ങളായി ചോരപ്പുഴയൊഴുക്കുന്ന മഹായുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും ഭയാനകവും
