നിധിയുടെ കാവൽക്കാരൻ – 29 9അടിപൊളി  

അതുകൊണ്ട്, മാന്ത്രികത വറ്റിപ്പോയ, ആരും സംശയിക്കാത്ത

ഈ ഭൂമിയിലേക്ക് അവനെ മാറ്റുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല!

മാനസ കരുതുന്നതുപോലെ അവനെ തളച്ചിടാനുള്ള ഒരു മന്ത്രമല്ല ‘കാലരുദ്ര സുഷുപ്തി’ മറിച്ച്, ഇരുപതിലേറെ വർഷക്കാലം ഒരു മനുഷ്യശരീരത്തിൽ കിടന്ന് ആ പ്രപഞ്ചാധിപന്റെ ശക്തിയെ ഓരോ കോശത്തിലേക്കും പതിയെപ്പതിയെ ആവാഹിക്കാൻ ത്രിമൂർത്തികൾ അവനുവേണ്ടി തീർത്ത ഒരു ദൈവിക കവചമാണത്! അവന്റെ ശരീരം ആ മഹാശക്തിക്ക് പാകമാകുന്നതുവരെ അവനെ പ്രപഞ്ചത്തിന് മുന്നിൽ അദൃശ്യനാക്കി നിർത്തിയ മന്ത്രം!”

ആമിയുടെ രോമകൂപങ്ങൾ എഴുന്നേറ്റുനിന്നു. അപ്പോൾ ദേവ ബലഹീനനായിരുന്നില്ല

ഇരുപത് വർഷങ്ങളേറേയായി അവന്റെ ശരീരം ആ മഹാശക്തിയെ ഉൾക്കൊള്ളാൻ തയ്യാറെടുക്കുകയായിരുന്നു!

“ഇനി ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ കാരണം…”

രുദ്രയുടെ കണ്ണുകളിൽ പെട്ടെന്ന് വല്ലാത്തൊരു നൊമ്പരവും ആർദ്രതയും പടർന്നു. അവൾ ആമിയുടെ തോളിൽ പതിയെ കൈവെച്ചു.

“ഒരുവന് വെളിച്ചവും, മറ്റൊരുവൾക്ക് ഇരുട്ടും! ആമി… വരാൻ പോകുന്ന മഹായുദ്ധത്തിൽ വിജയിക്കാൻ ഞങ്ങൾ രണ്ടുപേരും വളരേണ്ടത് രണ്ട് രീതിയിലായിരുന്നു.

എന്നെ അമ്മ ആ രഹസ്യ മാറ്റിനിർത്തിയത് വെറുതെ ഒളിച്ചിരിക്കാനല്ല;

ശത്രുക്കളുടെ ചതിക്കുഴികൾ പഠിക്കാനും, പേരോ രൂപമോ ഇല്ലാത്ത ഒരു മരണത്തിന്റെ നിഴലായി മാറി ശത്രുക്കളെ ഇരുട്ടിലിരുന്ന് വേട്ടയാടാനും വേണ്ടിയാണ്! ജനിച്ച അന്നുമുതൽ ചോരയും മന്ത്രങ്ങളും യുദ്ധതന്ത്രങ്ങളും മാത്രമാണ് ഞാൻ കണ്ടത്.

പക്ഷേ, പ്രപഞ്ചങ്ങളെ ഭസ്മമാക്കാൻ കരുത്തുള്ള ദേവ എന്നെപ്പോലെ ആ ഇരുട്ടിൽ, സ്നേഹമെന്തെന്നറിയാതെ വളർന്നാൽ എന്താകും അവസ്ഥ? നാളെ ‘കാലരുദ്ര സുഷുപ്തി’ ഭേദിച്ച് അവൻ ഉണരുന്ന നിമിഷം, വികാരങ്ങളില്ലാത്ത ഒരു രാക്ഷസനായി അവൻ ഈ ലോകം മുഴുവൻ ചുട്ടെരിക്കും!

അങ്ങനെ സംഭവിക്കാതിരിക്കാൻ അവന് ഒരു മനുഷ്യന്റെ ഹൃദയം വേണമായിരുന്നു ആമി! വളർത്തമ്മയുടെ താരാട്ടുപാട്ടും, കൂട്ടുകാരുടെ തമാശകളും, നിങ്ങളുടെ പ്രണയവുമറിഞ്ഞ് അവൻ

ഒരു പച്ചയായ മനുഷ്യനായി വളരണമെന്ന് അമ്മ ആഗ്രഹിച്ചു. കാരണം, നാളെ ആ മഹാശക്തി അവനിൽ പൂർണ്ണമായി ഉണരുമ്പോൾ, സമനില തെറ്റാതെ അവനെ പിടിച്ചുനിർത്താൻ പോകുന്ന ഒരേയൊരു കടിഞ്ഞാൺ ഈ ഭൂമിയിൽ നിങ്ങൾ അവന് നൽകിയ ആ സ്നേഹമായിരിക്കും! അവൻ വെളിച്ചത്തിൽ മനുഷ്യനായി ജീവിക്കാൻ വേണ്ടി, അവന്റെ കാവൽക്കാരിയെപ്പോലെ അജ്ഞാതമായ ഇരുട്ടിൽ സ്വയം ബലിയാടായി വളർന്നവളാണ് ഞാൻ!”

രുദ്ര പറഞ്ഞുനിർത്തിയതും പുറത്ത് ആകാശം പിളർക്കുന്ന ഒരു ഇടിമുഴക്കം ആ വീടിനെ ഒന്നാകെ കുലുക്കി. ആമിയുടെ കണ്ണുകളിൽ നിന്നും ചുടുകണ്ണുനീർ കവിളുകളിലൂടെ ഒഴുകിയിറങ്ങി. ലോകം മുഴുവൻ അറിയാതെ, സ്വന്തം കൂടപ്പിറപ്പിന് ഒരു സാധാരണ ജീവിതം കിട്ടാൻ വേണ്ടി ഇരുട്ടിൽ ജീവിച്ച ഈ സഹോദരിയുടെയും അപ്സര ദേവിയുടെയും ത്യാഗം എത്ര വലുതാണെന്ന് ഓർത്തപ്പോൾ ആമിയുടെ ഹൃദയം വിങ്ങിപ്പോയി….

തന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ ചുടുകണ്ണുനീർ തുടയ്ക്കാൻ പോലും മറന്ന് ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ജനിച്ച അന്നുമുതൽ സ്വന്തം കൂടപ്പിറപ്പിന് വേണ്ടി ഇരുട്ടിൽ ജീവിച്ച ഈ പെൺകുട്ടിക്ക് ദേവയോടുള്ള സ്നേഹം എത്രത്തോളം ആഴമുള്ളതാണെന്ന് ആമി തിരിച്ചറിഞ്ഞു.

ആ തിരിച്ചറിവ് ആമിയുടെ ഉള്ളിൽ അതുവരെ ഉണ്ടായിരുന്ന ഭയത്തെ പൂർണ്ണമായും മായ്ച്ചുകളഞ്ഞു. പകരം, മുങ്ങിത്താഴുന്നവൻ ഒരു കച്ചിത്തുരുമ്പിൽ പിടിക്കുന്നതുപോലെയുള്ള വല്ലാത്തൊരു പ്രതീക്ഷ അവളുടെ കണ്ണുകളിൽ തെളിഞ്ഞു. ആമി രുദ്രയുടെ തണുത്ത കൈകളിലേക്ക് തന്റെ വിറയ്ക്കുന്ന കൈകൾ ചേർത്തുവെച്ചു. തൊണ്ടയിൽ കുരുങ്ങിയ തേങ്ങൽ കടിച്ചമർത്തിക്കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി

“ഈ പറഞ്ഞതുപോലെ ദേവയെ പിടിച്ചുനിർത്താൻ പോകുന്നത് ഞങ്ങളോടുള്ള അവന്റെ സ്നേഹമാണെങ്കിൽ… ആ സ്നേഹം തന്നെ അവന് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ പോവുകയാണ്!”

രുദ്രയുടെ പുരികങ്ങൾ സംശയത്തോടെ ചുളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *