നിധിയുടെ കാവൽക്കാരൻ – 29 9അടിപൊളി  

മുറിക്കുള്ളിൽ വീശിയടിച്ച തണുത്ത കാറ്റിൽ ജനൽക്കർട്ടനുകൾ

പാറിപ്പറന്നു. രുദ്രയുടെ കണ്ണുകളിൽ പ്രപഞ്ചത്തിന്റെ ഏതോ അഗാധമായ പ്രകാശം തിളങ്ങി.

“അതോടെ നിങ്ങൾ മൂന്നുപേരും മൂന്ന് വ്യക്തികളല്ലാതായി മാറും ആമി ഒരൊറ്റ ശരീരത്തിൽ, ഒരൊറ്റ പ്രാണനായി നിങ്ങൾ മൂന്നുപേരും ഒന്നാകും! കാലരുദ്ര സുഷുപ്തി തകർന്ന് പുറത്തേക്ക് അണപൊട്ടുന്ന ആ ഭീകരമായ പ്രപഞ്ചാധിപ ശക്തിയെ, ദേവയുടെ ശരീരം തകരാതെ പിടിച്ചുനിർത്തുന്ന കവചമായി നിങ്ങളുടെ ആത്മാക്കൾ അവനുള്ളിൽ നിലനിൽക്കും! അവന്റെ കോപം അതിരുവിടുമ്പോൾ നിന്റെ കരുണ അവനെ ശാന്തനാക്കും.അവൻ തളരുമ്പോൾ നിധിയുടെ കരുത്ത് അവനെ താങ്ങിനിർത്തും!

ഒന്ന് ആലോചിച്ചുനോക്കൂ…”

രുദ്രയുടെ ശബ്ദം പതിഞ്ഞൊരു മന്ത്രം പോലെ ആമിയുടെ കാതുകളിൽ മുഴങ്ങി.

“മാനസ പറഞ്ഞതുപോലെ ഇന്ദ്രനീലം തകർന്ന് കാലചക്രം തിരിഞ്ഞാൽ, നിങ്ങൾ ജീവിച്ചിരുന്നാലും അവനെ മറന്ന് അപരിചിതരായി അകന്നുപോകും. ഇനി തമോപഥത്തിലെ വേട്ടക്കാർ ഇവിടെയെത്തിയാൽ, നിങ്ങളെല്ലാവരും കീടങ്ങളെപ്പോലെ ചവിട്ടിയരയ്ക്കപ്പെടും. എന്നാൽ, നിങ്ങളുടെ രക്തം അവനിൽ കലർന്ന് നിങ്ങൾ മൂന്നുപേരും ഒന്നായാൽ… ലോകത്തെ ഒരു ശക്തിക്കും, ഒരു കാലചക്രത്തിനും നിങ്ങളെ പിരിക്കാൻ കഴിയില്ല! അവന്റെ ഓരോ ഹൃദയമിടിപ്പിലും, അവൻ എടുക്കുന്ന ഓരോ ശ്വാസത്തിലും, അവൻ നേടുന്ന ആ അജയ്യമായ ശക്തിയുടെ ഓരോ കണികയിലും നീയും നിധിയും എന്നെന്നും ജീവിക്കും!

ഇതാണ് ആമി… ദേവയുടെ ഉള്ളിലെ ആ മഹാശക്തിയെ ഉണർത്താനുള്ള ഒരേയൊരു താക്കോൽ! ആ യാഗത്തിന് നിങ്ങൾ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!”

രുദ്ര പറഞ്ഞുനിർത്തിയതും ആകാശം നെടുകെ പിളർന്നതുപോലെ ഒരു വൻ ഇടിമുഴക്കം ആ വീടിനെയൊന്നാകെ നടുക്കി. മിന്നൽ വെളിച്ചത്തിൽ കല്ലുപോലെ ഉറച്ചുനിൽക്കുന്ന രുദ്രയുടെ മുഖത്തേക്ക് നോക്കി, ശ്വാസം പോലും എടുക്കാനാകാതെ ആമി തറഞ്ഞിരുന്നുപോയി. താൻ ജീവനുതുല്യം സ്നേഹിക്കുന്ന ദേവയെ രക്ഷിക്കാൻ, തങ്ങളുടെ പ്രാണനും

രക്തവും അവന് സമർപ്പിക്കേണ്ടി വരുമെന്ന ആ കൊടുംസത്യം അവളുടെ ലോകത്തെത്തന്നെ കീഴ്മേൽ മറിച്ചുകഴിഞ്ഞിരുന്നു!….

“ഇതൊരു ശിക്ഷയല്ല ആമി… കാലങ്ങളെ അതിജീവിച്ച നിങ്ങളുടെ ആഴമേറിയ പ്രണയത്തിന് മുന്നിൽ തലകുനിച്ച്, ഈ പ്രപഞ്ചം നിങ്ങൾക്ക് കനിഞ്ഞുനൽകുന്ന ഏറ്റവും വലിയ വരദാനമാണിത്! നിങ്ങൾ മൂന്നുപേരും പരസ്പരം നൽകിയ ആ നിസ്വാർത്ഥമായ സ്നേഹം നിങ്ങൾക്ക് തിരിച്ചുതരുന്ന അനശ്വരമായ വരദാനം!”

​രുദ്രയുടെ ആ അവസാന വാക്കുകൾ മുറിക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കെ, അവൾ പതിയെ എഴുന്നേറ്റു നിന്നു. പുറത്ത് കൊടുങ്കാറ്റ് വീണ്ടും ആർത്തിരമ്പി. ജനൽപ്പാളികൾ ശക്തിയായി തുറന്നടഞ്ഞപ്പോൾ, അതിലൂടെ ഇരച്ചുകയറിയ മഴത്തുള്ളികൾ മുറിക്കുള്ളിലെ നിലത്ത് ചിതറിവീണു. മിന്നൽ വെളിച്ചത്തിൽ രുദ്രയുടെ കറുത്ത മേലങ്കി ഇരുട്ടിന്റെ ചിറകുകൾ പോലെ കാറ്റിൽ വിടർന്നു.

​കട്ടിലിൽ തളർന്നിരുന്ന ആമിയുടെ കവിളുകളിലൂടെ അവസാനത്തെ തുള്ളി കണ്ണുനീരും അടർന്നുവീണു. ഭയത്തിനും വേദനയ്ക്കുമിടയിൽ, രുദ്ര പറഞ്ഞ ആ ‘വരദാനത്തിന്റെ’ അർത്ഥം അവളുടെ തകർന്ന മനസ്സിൽ പതിയെ ആഴ്ന്നിറങ്ങുകയായിരുന്നു. ദൂരെ ഇന്ദ്രനീലത്തിന്റെ മലഞ്ചെരുവുകളിൽ നിന്നും ഉയർന്ന ഭീകരമായ മരണത്തിന്റെ ശബ്ദങ്ങളിൽ ആ രാത്രി വീണ്ടും വിറച്ചു

ഒരു യുഗത്തിന്റെ അന്ത്യവും, മറ്റൊരു മഹാസംഗമത്തിന്റെ തുടക്കവും കുറിച്ചുകൊണ്ട്!…….

തുടരും…….

Next part maybe the last part.

കുറെ കഷ്ട്ടപെട്ടാണ് ഈ പാർട്ട്‌ എഴുതിയത് ഇഷ്ട്ടപെടുമെന്ന് വിജാരിക്കുന്നു. ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യുക…. ഒരു എഴുത്തുക്കാരൻ എന്ന നിലയിൽ ഞാനത് ആഗ്രഹിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *