ക്രൂരവുമായ താരാപഥമാണ് ഇരുട്ടിന്റെ സാമ്രാജ്യമായ ‘തമോപഥം’!
മറ്റു താരാപഥങ്ങളെ കീഴടക്കുക മാത്രമല്ല അവരുടെ ലക്ഷ്യം; നമ്മുടെ ഈ ശൈവപഥത്തെയും പ്രപഞ്ചത്തെയും തന്നെ നശിപ്പിച്ച്, സകലതിന്റെയും പരമാധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് തമോപഥത്തിലെ ഇരുണ്ട ദൈവങ്ങൾ!
അമ്മയുടെ ശക്തിയെ ഭയന്ന ഇവിടുത്തെ ശത്രുക്കൾക്ക് പിന്നിലും, ഇന്ന് ഇന്ദ്രനീലത്തിനുവേണ്ടി നടക്കുന്ന ഈ ചോരച്ചൊരിച്ചിലിന് പിന്നിലുമെല്ലാം ആ മഹായുദ്ധത്തിന്റെ കറുത്ത കൈകളുണ്ട്!”
ആമിയുടെ കൈകാലുകൾ തണുത്തുറഞ്ഞു. തങ്ങൾ നേരിടുന്ന ശത്രുവിന്റെ വലിപ്പമോർത്ത് അവളുടെ ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി. എന്നാൽ രുദ്ര അവിടെയും നിർത്തിയില്ല. അവൾ തന്റെ ശബ്ദം തീർത്തും താഴ്ത്തി. മുറിക്കുള്ളിലെ വായു പോലും ആ അടുത്ത രഹസ്യം കേൾക്കാൻ ഭയക്കുന്നതുപോലെ നിശ്ചലമായി.
“ഇനി ഇതിന്റെയൊക്കെ മുകളിലുള്ള ആ പരമോന്നത അധികാരശ്രേണി എന്താണെന്ന് നീ കേൾക്കണം. ഈ താരാപഥങ്ങൾക്കും അവയെ ഭരിക്കുന്ന ദൈവങ്ങൾക്കുമെല്ലാം മുകളിൽ, ഓരോ മഹാപ്രപഞ്ചത്തെയും ഒറ്റയ്ക്ക് നിയന്ത്രിക്കുന്ന ‘പ്രപഞ്ചാധിപന്മാർ’ ഉണ്ട്.
ആയിരക്കണക്കിന് താരാപഥങ്ങളിലെ ദൈവങ്ങൾ പോലും കൈകൂപ്പി വണങ്ങുന്ന മഹാശക്തികൾ! അവർക്കും മുകളിലാണ് സകല പ്രപഞ്ചങ്ങളെയും ഒരൊറ്റ ചരടിൽ കോർത്ത് ഭരിക്കുന്ന ആ പരമോന്നത സിംഹാസനത്തിലിരിക്കുന്ന ഒരേയൊരു സർവ്വാധിപൻ വാഴുന്നത്!
രുദ്ര ആമിയുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി.
“അപ്സര ദേവി ഈ താരാപഥത്തിലെ രണ്ടാമത്തെ തട്ടിലുള്ള ഒരു ദേവതയായിരുന്നു. പക്ഷേ… ഞാനും ദേവയും പിറന്നത് ഈ ദേവലോകത്തെയോ, ഈ താരാപഥത്തിലെയോ, എന്തിനേറെ പറയുന്നു… നമ്മുടെ ഈ പ്രപഞ്ചത്തിലെപ്പോലും ഒരു ദൈവത്തിന്റെ ബീജത്തിലല്ല! ഞങ്ങളുടെ അച്ഛൻ… അങ്ങ് ദൂരെ, മറ്റൊരു മഹാപ്രപഞ്ചത്തെ മുഴുവനായി അടക്കിഭരിക്കുന്ന, ദൈവങ്ങൾ പോലും ഭയക്കുന്ന ഒരു പ്രപഞ്ചാധിപൻ ആണ്!”
ആ വാക്കുകൾ കേട്ടതും ആമി അക്ഷരാർത്ഥത്തിൽ തറഞ്ഞുപോയി!
അവളുടെ കണ്ണുകൾ മിഴിഞ്ഞു, തൊണ്ടയിൽ ശബ്ദം വറ്റി. മറ്റൊരു പ്രപഞ്ചത്തെ നയിക്കുന്ന മഹാശക്തിയാണോ ദേവയുടെ അച്ഛൻ?!
രുദ്രയുടെ മുഖത്ത് പെട്ടെന്ന് നിഗൂഢമായൊരു നിഴൽ പടർന്നു. അവളുടെ സ്വരത്തിൽ നേരിയൊരു നിസ്സഹായത കലർന്നു.
“അദ്ദേഹം ആരാണെന്നോ, ഏത് ശ്രേണിയിലെ പ്രപഞ്ചത്തെയാണ് അദ്ദേഹം നയിക്കുന്നതെന്നോ, എങ്ങനെ അദ്ദേഹം നമ്മുടെ അമ്മയെ കണ്ടുമുട്ടിയെന്നോ എന്നോട് ചോദിക്കരുത്… കാരണം എനിക്കതിനെക്കുറിച്ച് ഒന്നുമറിയില്ല! അമ്മ പോലും ആ ഉത്തരം എനിക്ക് പറഞ്ഞുതന്നിട്ടില്ല. പ്രപഞ്ച നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് നടന്ന ആ മഹാസംഗമത്തിന് പിന്നിലെ സത്യമെന്താണെന്ന് ഈ ബ്രഹ്മാണ്ഡങ്ങളിൽ തന്നെ ത്രിമൂർത്തികൾ ഉൾപ്പെടെ വിരലിലെണ്ണാവുന്ന ചുരുക്കം ചിലർക്ക് മാത്രമേ അറിയൂ!
പക്ഷേ ഒന്നുമാത്രം എനിക്കറിയാം…” രുദ്രയുടെ കണ്ണുകളിൽ വീണ്ടും ആ കാളകൂടത്തിന്റെ കറുത്ത തിളക്കം ഇരച്ചുകയറി. അവൾ ആമിയുടെ കൈകളിൽ മുറുകെപ്പിടിച്ചു.
“ശൈവപഥത്തിലെ അപ്സര ദേവിയുടെയും, അജ്ഞാതനായ ആ അന്യപ്രപഞ്ചാധിപന്റെയും രക്തം കലർന്ന് പിറന്നുവീണ ഇരട്ടക്കുഞ്ഞുങ്ങളാണ് ഞാനും… നിന്റെ ദേവയും! അമ്മയിലൂടെ ശിവശക്തിയുടെ തേജസ്സും, അച്ഛനിലൂടെ മറ്റൊരു മഹാപ്രപഞ്ചത്തിന്റെ മുഴുവൻ സംഹാരശക്തിയും ഒരേസമയം ഉള്ളിൽ പേറുന്നവനാണ് ദേവ! ആ ശക്തി ഉണർന്നാൽ ഈ താരാപഥത്തിന് പോലും അത് താങ്ങാൻ കഴിയില്ലെന്ന് ഒരുപക്ഷെ വിശ്വസിച്ചതുക്കൊണ്ടാവാം, സാക്ഷാൽ ത്രിമൂർത്തികൾ തന്നെ പ്രപഞ്ചത്തിന്റെ കാണാക്കയങ്ങളിലെ ശൂന്യതയിൽ നിന്നും ഊർജ്ജമെടുത്ത് അവനെ ‘കാലരുദ്ര സുഷുപ്തി’യിൽ തളച്ചിട്ടത്! ഇപ്പോൾ നിനക്ക് മനസ്സിലായോ, നിന്റെ ദേവ ആരാണെന്നും… അവന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്നത് ഏത് കൊടുങ്കാറ്റാണെന്നും?!”
രുദ്രയുടെ വാക്കുകൾ അവസാനിച്ചതും ആ മുറിക്കുള്ളിൽ ശവക്കല്ലറയ്ക്കു സമാനമായ ഒരു നിശ്ശബ്ദത പടർന്നു. പുറത്ത് ആർത്തലച്ചു പെയ്യുന്ന പേമാരിയുടെ ശബ്ദം പോലും ഒരു നിമിഷത്തേക്ക് ആമിയുടെ കാതുകളിൽ പതിഞ്ഞില്ല. അപ്സര
