ദേവിയുടെയും മറ്റൊരു മഹാപ്രപഞ്ചത്തെ അടക്കിഭരിക്കുന്ന അജ്ഞാതനായ ആ പ്രപഞ്ചാധിപന്റെയും രക്തത്തിൽ പിറന്ന ഇരട്ടകളാണ് ദേവയും രുദ്രയും!
ആ ഞെട്ടലിൽ നിന്നും പതിയെ മുക്തയാകവെ, വളരെ പ്രധാനപ്പെട്ടൊരു സംശയം ആമിയുടെ ബുദ്ധിയിലേക്ക് തുളച്ചുകയറി. തറവാട്ടിൽ വെച്ച് മാനസ സംസാരിച്ചപ്പോൾ, ദേവയ്ക്ക് ഒരു ഇരട്ട സഹോദരി ഉള്ളതായി ഒരു സൂചന പോലും നൽകിയിരുന്നില്ല. അവൾ പതിയെ തലയുയർത്തി രുദ്രയുടെ തീക്ഷ്ണമായ കണ്ണുകളിലേക്ക് നോക്കി.
“ഈ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ എനിക്ക് ഒരൊറ്റ കാര്യം കൂടി അറിയണം,”
ആമിയുടെ സ്വരത്തിൽ ഇപ്പോൾ ഭയത്തേക്കാളുപരി സത്യമറിയാനുള്ള വ്യഗ്രതയായിരുന്നു.
“നിങ്ങളേക്കുറിച്ചോ ദേവയെക്കുറിച്ചോ ഈ ലോകത്ത് ആർക്കുമറിയില്ല. അമ്മയുടെ ഏറ്റവും അടുത്ത ആളായിരുന്നിട്ട് കൂടി മാനസ ചേച്ചിക്ക് പോലും നിന്നെക്കുറിച്ച് ഒരറിവുമില്ല! ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാനാണ് അപ്സര ദേവി ദേവയെ രഹസ്യമായി ഭൂമിയിലേക്ക് അയച്ചതെന്നാണ് മാനസ ചേച്ചി പറഞ്ഞത്.അതൊരു ഊഹമായിരുന്നെങ്കിൽ കൂടി… നിങ്ങൾ രണ്ടുപേരും ഒരേ ഉദരത്തിൽ പിറന്ന ഇരട്ടകളായിരുന്നിട്ടും എന്തുകൊണ്ട് അമ്മ ദേവയെ മാത്രം ഈ ഭൂമിയിലേക്ക് അയച്ചു? ആരും അറിയാതെ ഒളിപ്പിക്കാനായിരുന്നെങ്കിൽ നിന്നെക്കൂടി അവനോടൊപ്പം ഇവിടേക്ക് അയച്ചുകൂടായിരുന്നോ? എന്തുകൊണ്ട് നിന്നെ അവിടെത്തന്നെ നിർത്തി?”
ആമിയുടെ ആ ചോദ്യം കേട്ടതും രുദ്രയുടെ മുഖഭാവം ഞൊടിയിടയിൽ മാറി. ആമിയുടെ കൈകളിൽ നിന്നും പിടിവിട്ട്, കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റ് അവൾ ജനാലയ്ക്കരികിലേക്ക് നടന്നു. പുറത്തെ കൂരിരുട്ടിലേക്ക് നോക്കി നിൽക്കുമ്പോൾ അവളുടെ കറുത്ത മേലങ്കി കാറ്റിൽ പതിയെ ഉലയുന്നുണ്ടായിരുന്നു.
രുദ്ര പിന്നിലേക്ക് തിരിയാതെ തന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞുതുടങ്ങി.
“ശരിയാണ്… ഈ നിമിഷം വരെയും ശൈവപഥത്തിലെ ദൈവങ്ങൾക്കോ, തമോപഥത്തിലെ അസുരന്മാർക്കോ, എന്തിനേറെ പറയുന്നു… മാനസയ്ക്ക് പോലും അപ്സര ദേവിക്ക് ഇരട്ടക്കുഞ്ഞുങ്ങൾ
പിറന്ന സത്യമറിയില്ല!
ഞങ്ങളുടെ അസ്തിത്വം തന്നെ ഈ പ്രപഞ്ചത്തിന്റെ ചരിത്രത്തിൽ നിന്നും പൂർണ്ണമായി മായ്ക്കപ്പെട്ടതാണ്. പക്ഷേ, എന്തുകൊണ്ട് ദേവയെ മാത്രം ഭൂമിയിലേക്കയച്ചു എന്നതിൽ രണ്ട് സത്യങ്ങളുണ്ട്.
ഒന്ന്—മാനസയെപ്പോലെ അമ്മയുടെ രഹസ്യങ്ങൾ അല്പമെങ്കിലും തൊട്ടറിഞ്ഞവർ വിശ്വസിക്കുന്ന സത്യം! രണ്ട്—അമ്മയ്ക്കും ത്രിമൂർത്തികൾക്കും പിന്നെ ഞാനുൾപ്പടെ കുറച്ചുപ്പേർക്ക് മാത്രമറിയാവുന്ന ആ യഥാർത്ഥ സത്യം!”
രുദ്ര പതിയെ തിരിഞ്ഞ് ആമിയുടെ അഭിമുഖമായി നിന്നു. മിന്നൽ വെളിച്ചത്തിൽ അവളുടെ മുഖം പകുതി ഇരുട്ടിലും പകുതി വെളിച്ചത്തിലുമായി കാണപ്പെട്ടു.
“ആദ്യം മാനസയും മറ്റുള്ളവരും എന്താണ് വിശ്വസിക്കുന്നതെന്ന് ഞാൻ പറയാം…”
രുദ്രയുടെ സ്വരത്തിന് തണുത്ത ലോഹത്തിന്റെ കാഠിന്യമുണ്ടായിരുന്നു.
“അമ്മയുടെ പഴയ ഓർമ്മകളുടെ ഒരംശം തൊട്ടറിഞ്ഞ മാനസ കരുതിയത്, അപ്സര ദേവിക്ക് ഒരൊറ്റ ആൺകുഞ്ഞ് മാത്രമാണ് ജനിച്ചതെന്നാണ്! മനുഷ്യരുടെ ലോകത്ത് വന്ന് ജീവിക്കാൻ ത്രിമൂർത്തികളുടെ വിലക്കുള്ളതുകൊണ്ടും, അമ്മയ്ക്ക് ഒരു കുഞ്ഞ് ജനിച്ചുവെന്നറിഞ്ഞാൽ ദേവലോകത്തെയും പാതാളത്തിലെയും ശത്രുക്കൾ ആ പിഞ്ചുകുഞ്ഞിനെ വേട്ടയാടുമെന്ന ഭയം കൊണ്ടുമാണ് അമ്മ അവനെ ഭൂമിയിലെ ഒരു വളർത്തമ്മയുടെ കൈകളിൽ ഒളിപ്പിച്ചത് എന്ന് അവർ വിശ്വസിക്കുന്നു.
അതുപോലെ, മാനസയുടെ മകനായത്ക്കൊണ്ട് അവന്റെ ഉള്ളിലെ അമാനുഷികമായ ശക്തി പുറത്തുവന്നാൽ അതൊരു നാശംവിതക്കുമെന്ന ഭയം കൊണ്ടാണ് ത്രിമൂർത്തികൾ ‘കാലരുദ്ര സുഷുപ്തി’ എന്ന മഹാമന്ത്രം കൊണ്ട് അവനെ എന്നെന്നേക്കുമായി ബന്ധിച്ചത് എന്നും മാനസ കരുതുന്നു. കേൾക്കുമ്പോൾ എത്ര മനോഹരമായ കഥയാണല്ലേ? ഒരു നിസ്സഹായയായ അമ്മയുടെ ത്യാഗം! പക്ഷേ ആമി… ആർക്കെങ്കിലും എന്നെങ്കിലും സംശയം തോന്നി അമ്മയുടെ ഓർമ്മകളിലേക്ക് ചികഞ്ഞാൽ, അവർ കാണാൻ വേണ്ടി അമ്മ തന്നെ മനഃപൂർവ്വം ബാക്കിവെച്ച ഒരു പുകമറ മാത്രമായിരുന്നു അത്!”
