നിധിയുടെ കാവൽക്കാരൻ – 29 9അടിപൊളി  

ത്രിമൂർത്തികളുടെ വിലക്കുള്ളതുകൊണ്ടും, ദേവലോകത്തും പാതാളത്തിലുമുള്ള ശത്രുക്കളിൽ നിന്നും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുമായി അപ്സര അവനെ ഭൂമിയിലേക്ക് അയച്ചതും, ദേവയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആയിരം സൂര്യന്മാരുടെ സംഹാരശക്തിയെ ത്രിമൂർത്തികൾ ‘കാലരുദ്ര സുഷുപ്തി’ എന്ന മഹാമന്ത്രം കൊണ്ട് ബന്ധിച്ചിരിക്കുകയാണെന്നുമെല്ലാം മാനസ പറഞ്ഞതുപോലെ തന്നെ അവൾ രുദ്രയോട് പറഞ്ഞുനിർത്തി.

ആമി പറയുന്നത് മുഴുവൻ ഒരു കരിങ്കൽ ശിലയെപ്പോലെ നിശ്ചലയായി നിന്ന് കേൾക്കുകയായിരുന്നു രുദ്ര. അപ്സരയുടെ പേരും മാനസയുടെ വാക്കുകളും കേട്ടതും, രുദ്രയുടെ മുഖത്ത് ഗാഢമായ ഒരു ചിന്ത പടർന്നു. എന്തോ വലിയ കാര്യം ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നതുപോലെ അവൾ തന്റെ നീണ്ട ചൂണ്ടുവിരൽ താടിയിൽ അമർത്തിവെച്ചു. കുറച്ചു നിമിഷങ്ങൾ ആ മുറിക്കുള്ളിൽ കട്ടിയായ മൗനം മാത്രം ബാക്കിയായി.

“ഹ്മ്മ്… മാനസ…”

രുദ്ര പതുക്കെ മന്ത്രിച്ചു.

“എനിക്കറിയാം അവരെ. അമ്മ പറഞ്ഞുതന്ന അറിവുണ്ട്.”

അത് പറയുമ്പോൾ രുദ്രയുടെ സ്വരത്തിൽ അതുവരെയില്ലാത്ത ഒരു മൃദുലത ഉണ്ടായിരുന്നു. വളരെ സൗഹൃദപരമായ ഭാവത്തോടെ, ഒരു പഴയ സുഹൃത്തിനെ അന്വേഷിക്കുന്നതുപോലെ അവൾ ആമിയോട് ചോദിച്ചു:

“അവർ ഇപ്പോൾ ഇവിടെയാണോ താമസം? ഈ നാട്ടിൽ തന്നെയുണ്ടോ അവർ?”

രുദ്രയുടെ ആ സൗമ്യമായ പെരുമാറ്റം ആമിയുടെ ഉള്ളിലെ ഭയത്തിന്റെ മഞ്ഞുകട്ടകളെ പതിയെ അലിയിച്ചു തുടങ്ങി.

തന്റെ മുന്നിൽ നിൽക്കുന്നത് ശത്രുവല്ല എന്ന് അവൾക്ക് തോന്നിത്തുടങ്ങി. കാരണം ഒരുകാര്യം ആമിക്ക് വ്യക്തമായിരുന്നു.തന്നെ കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ, ഈ മുന്നിൽ നിൽക്കുന്ന രുദ്രയ്ക്ക് അതിനുവേണ്ടി ഒരു തുള്ളി വിയർപ്പ് പോലും ഒഴുക്കേണ്ടി വരില്ലായിരുന്നു! ഒരു നിഴലിനെ മായ്ക്കുന്നതുപോലെ അത്ര നിസ്സാരമായി തന്റെ പ്രാണനെടുക്കാൻ അവൾക്ക് കഴിയും.

എന്നിട്ടും അവൾ അത് ചെയ്തില്ലെങ്കിൽ, അവളുടെ ലക്ഷ്യം മറ്റൊന്നാണെന്ന് ആമി തിരിച്ചറിഞ്ഞു.

ഒരുപക്ഷേ… നീലാംബരിക്കും അസുരന്മാർക്കുമെതിരെയുള്ള ഈ മഹായുദ്ധത്തിൽ, തന്റെ ഇരട്ട സഹോദരനായ ദേവയെ സഹായിക്കാൻ വന്നതാവുമോ ഇവൾ? അങ്ങനെ നൂറുകൂട്ടം ചിന്തകൾ ആമിയുടെ മനസ്സിലൂടെ ഒരു കൊടുങ്കാറ്റുപോലെ കടന്നുപോയി.

ആ ചിന്തകളിൽ മുഴുകി നിൽക്കവെയാണ് പെട്ടെന്ന് രുദ്ര തന്റെ കൈയൊന്നുയർത്തി മുന്നോട്ടനങ്ങിയത്.

അത്രനേരം മനസ്സിൽ കൂട്ടിയിരുന്ന ധൈര്യവും ആശ്വാസവുമെല്ലാം ഒറ്റ നിമിഷം കൊണ്ട് ആമിയിൽ നിന്നും ചോർന്നുപോയി!

അറിയാതെ തന്നെ ആമിയുടെ ശരീരം ഒന്ന് വെട്ടി, ഭയത്തോടെ അവൾ ചുവടുമാറ്റി കണ്ണുകൾ ഇറുക്കിയടച്ചു.

ആമിയുടെ ആ ഞെട്ടൽ കണ്ടതും രുദ്ര അവിടെ നിന്നു. അവളുടെ മനോഹരമായ മുഖത്ത് പെട്ടെന്നൊരു വിഷമം പടർന്നത് പോലെ….

തന്റെ സഹോദരന്റെ ജീവന്റെ പാതിയായ പെൺകുട്ടി തന്നെ ഒരു കാലനെപ്പോലെ ഭയക്കുന്നത് അവളെ വല്ലാതെ വേദനിപ്പിച്ചതുപോലെ തോന്നി.

“എന്താ ആമി…”

രുദ്രയുടെ സ്വരത്തിൽ നേരിയൊരു നിരാശ കലർന്നു.

“ഇത്രയൊക്കെയായിട്ടും നിനക്ക് എന്നോടുള്ള പേടി മാറിയില്ലേ?”

മറുപടിയായി ആമി ഒന്നും മിണ്ടിയില്ല. രുദ്ര മുന്നോട്ട് വന്ന് ആമിയുടെ വിറയ്ക്കുന്ന കൈ വളരെ ബലമായിത്തന്നെ പിടിച്ചു. ആ പിടിയിൽ ഉപദ്രവത്തിന്റെ കാഠിന്യമല്ലായിരുന്നു, മറിച്ച് വല്ലാത്തൊരു അധികാരവും കരുതലുമായിരുന്നു. അവൾ ആമിയെ നടത്തി മുറിയിലെ കട്ടിലിലേക്കിരുത്തി, തൊട്ടടുത്തായി അവളും ഇരുന്നു. ആമിയുടെ കൈ അപ്പോഴും അവളുടെ തണുത്ത വിരലുകൾക്കുള്ളിൽ ഭദ്രമായിരുന്നു.

അപ്പോഴാണ് പുറത്തു പെയ്യുന്ന ആ സംഹാരമഴയുടെ ഇരമ്പലിനും അപ്പുറം, മറ്റു ചില ഭീകരമായ ശബ്ദങ്ങൾ ആ മുറിക്കുള്ളിലേക്ക് അടിച്ചുകയറിയത്. ദൂരെ എവിടെയോ എന്തോ തകർന്നുവീഴുന്നതും, അന്തരീക്ഷം കുലുങ്ങുന്നതുമായ ആരവങ്ങൾ. എന്നാൽ ആ ശബ്ദങ്ങൾക്കെല്ലാം ഇടയിൽ ഏറ്റവും കൂടുതൽ ശക്തിയോടെ, ആമിയുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് ഉയർന്നു കേട്ടത് മനുഷ്യരുടെ

Leave a Reply

Your email address will not be published. Required fields are marked *