“ആാാ!”
ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു.
ശരീരം മുഴുവൻ വിയർപ്പിൽ കുതിർന്നിരുന്നു. ശ്വാസം നിയന്ത്രിക്കാനാകാതെ ഞാൻ ബെഡിൽ എഴുന്നേറ്റ് ഇരുന്നു.
ഹൃദയം ഇപ്പോഴും ഭ്രാന്തുപിടിച്ച പോലെ ഇടിക്കുകയാണ്.
കുറച്ച് നിമിഷങ്ങൾ എനിക്ക് ഞാൻ എവിടെയാണെന്ന് പോലും മനസ്സിലായില്ല.
ശ്വാസം നിയന്ത്രിക്കാനാകാതെ ഞാൻ അങ്ങനെ തന്നെ ബെഡിൽ ഇരുന്നു. നെഞ്ച് ശക്തമായി ഉയർന്നുതാഴുന്നു. ശരീരം മുഴുവൻ വിയർപ്പിൽ കുതിർന്നിരുന്നു.
പിന്നെ പതുക്കെ എന്റെ കണ്ണുകൾ ചുറ്റും ഓടി.
എന്റെ മുറി.
മുകളിലെ ഫാൻ ഒരേ താളത്തിൽ കറങ്ങുന്നു. അതിന്റെ ശബ്ദം ഇപ്പോൾ വിചിത്രമായി ആശ്വാസം തരുന്നതായി തോന്നി.
ജാലകത്തിലൂടെ സന്ധ്യയുടെ മങ്ങിയ വെളിച്ചം അകത്തേക്ക് വീഴുന്നുണ്ടായിരുന്നു. ഓറഞ്ചും ചുവപ്പും കലർന്ന ആ പ്രകാശം മുറിയുടെ ഒരു ഭാഗം മാത്രം തെളിയിച്ച് ബാക്കി ഭാഗങ്ങളെ നിഴലിൽ മുക്കിയിരുന്നു.
പുറത്ത് എവിടെയോ പക്ഷികളുടെ ശബ്ദം കേൾക്കാം.
ആ സാധാരണ ശബ്ദങ്ങൾ പോലും ആ നിമിഷം എനിക്ക് ജീവനുള്ള ലോകത്തിലേക്ക് തിരികെ വന്നതിന്റെ തെളിവുപോലെ തോന്നി.
ഞാൻ ഒരു ദീർഘശ്വാസം വലിച്ചെടുത്തു. പക്ഷേ ഹൃദയമിടിപ്പ് ഇപ്പോഴും ശാന്തമായിരുന്നില്ല.
ആ ചുവന്ന കണ്ണുകൾ…
ആ അലർച്ചകൾ…
ആ യുദ്ധം…
എല്ലാം ഇപ്പോഴും കണ്ണിന് മുന്നിൽ തെളിഞ്ഞുനിന്നു.
ഞാൻ പതുക്കെ ബെഡിൽ നിന്ന് എഴുന്നേറ്റു. തല ഇപ്പോഴും ചെറുതായി ഭാരമുള്ളതുപോലെ തോന്നുന്നുണ്ടായിരുന്നു.
ഒന്നും ആലോചിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് നേരെ ബാത്ത്റൂമിലേക്ക് നടന്നു.
ടാപ്പ് തുറന്നതും തണുത്ത വെള്ളം കൈയിലേക്ക് പതിച്ചു. ഞാൻ രണ്ടു കൈകളിലും വെള്ളം കോരി മുഖത്തേക്ക് ഒഴിച്ചു.
തണുപ്പ് മുഖത്ത് തട്ടിയപ്പോൾ ഒരു നിമിഷം ശരീരം ഒന്ന് വിറച്ചു.
കണ്ണാടിയുടെ മുന്നിൽ തല ഉയർത്തി നോക്കിയതും… കുറച്ച് സെക്കൻഡ് ഞാൻ അങ്ങനെ തന്നെ നിന്നുപോയി.
മുഖം മുഴുവൻ ക്ഷീണം. കണ്ണുകൾ ചുവന്ന് കിടക്കുന്നു. ഉറക്കം കഴിഞ്ഞിട്ടും ശരീരത്തിൽ നിന്നും ആ സ്വപ്നത്തിന്റെ ഭയം ഇപ്പോഴും പോയിട്ടില്ലെന്ന് വ്യക്തമായിരുന്നു.
ഞാൻ പതുക്കെ മുടിയിലൂടെ കൈ ഓടിച്ചു.
“ഇത് വെറും സ്വപ്നം… വെറും സ്വപ്നം മാത്രം…” ഞാൻ സ്വയം പറഞ്ഞ് മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു.
പക്ഷേ ഉള്ളിൽ എവിടെയോ ആ വാക്കുകൾക്ക് ശക്തി കുറഞ്ഞുപോയിരുന്നു.
ഒരു ദീർഘശ്വാസം വിട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. അലമാര തുറന്ന് ഒരു ഗ്രേ ഷോർട്സ് വലിച്ചുകയറ്റി. പിന്നെ കറുത്ത ടാങ്ക് ടോപ്പ് എടുത്തിട്ട് തല വഴി കയറ്റി.
ഫാനിന്റെ തണുത്ത കാറ്റ് ശരീരത്തിലേക്ക് തട്ടിയപ്പോൾ ചെറുതായി ആശ്വാസം തോന്നി.
അപ്പോഴാണ് ഹാളിൽ നിന്ന് ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടത്. ഇടയ്ക്കിടെ ചിരിയും കേൾക്കാം.
ഞാൻ ഒരു നിമിഷം നിശ്ചലമായി നിന്നു. ആ സാധാരണ ശബ്ദങ്ങൾ പോലും എന്നെ യാഥാർത്ഥ്യത്തിലേക്ക് തിരികെ പിടിച്ചുകൊണ്ടുവരുന്നതുപോലെ തോന്നി.
പിന്നെ പതുക്കെ ഞാൻ മുറിയിൽ നിന്നും ഇറങ്ങി അങ്ങോട്ടേക്ക് നടന്നു…
ഹാളിലേക്ക് നടന്ന് എത്തിയതും ആദ്യം കണ്ണിൽപ്പെട്ടത് മായയും ദിവ്യയും ലക്ഷ്മി അമ്മയും ആയിരുന്നു. മൂന്ന് പേരും സോഫയുടെ ഒരു വശത്ത് ഇരുന്ന് എന്തൊക്കെയോ സംസാരിക്കുകയായിരുന്നു.
ഞാൻ പതുക്കെ മുന്നോട്ട് നടന്നു. പക്ഷേ അടുത്ത നിമിഷം എന്റെ കണ്ണുകൾ അപ്പുറത്തേക്ക് പോയതും ഞാൻ അവിടെ തന്നെ നിന്നുപോയി.
“അമ്മേ…”
അറിയാതെ എന്റെ വായിൽ നിന്ന് പുറത്തുവന്നു.
ദേ ഇരിക്കുന്നു എന്റെ അമ്മയും അച്ഛനും. അവരുടെ കൂടെ അർച്ചന ചേച്ചിയും… അപർണ ചേച്ചിയും. വീട്ടിൽ എല്ലാവരും വിളിക്കുന്ന പോലെ എന്റെ അപ്പു.
അപ്പുവിന്റെ മടിയിലായി മീനുവും ഇരിപ്പുണ്ട്. അവൾ എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയാണ്. പക്ഷേ എന്നെ കണ്ട നിമിഷം തന്നെ അവളുടെ മുഖത്തെ ചിരി മങ്ങി.
ഒരു നിമിഷം എന്റെ തല പൂർണമായി ബ്ലാങ്കായി.
“ഇവരെന്താ ഇവിടെ…?”
ഉള്ളിലൂടെ ഒരു ചെറിയ ഭയം പാഞ്ഞുപോയി.
“ശെടാ… ഞാൻ കുഴഞ്ഞുവീണ കാര്യം ഇവർ അറിഞ്ഞോ…”
ഞാൻ അങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴേക്കും മീനു ആദ്യം എന്നെ കണ്ടു.
