രുദ്രപ്രതാപം – 10 13

ഞാൻ പെട്ടെന്ന് ശ്വാസം വലിച്ചെടുത്ത് ചുറ്റും നോക്കി.

പക്ഷേ അടുത്ത നിമിഷം തന്നെ എന്റെ ശരീരം മുഴുവൻ മരവിച്ചു.

ഇത് എന്റെ മുറിയല്ല.

ഞാൻ ഇപ്പോൾ നിൽക്കുന്നത് മറ്റെവിടെയോ ആണ്.

ചുറ്റും പരന്നു കിടക്കുന്ന വിശാലമായ വയലുകൾ… ദൂരെയോളം നീളുന്ന പുല്ലുകൾ… തണുത്ത കാറ്റ്… എല്ലാം എനിക്ക് പരിചിതമായിരുന്നു.

ഒരു നിമിഷം കൊണ്ട് തന്നെ ഞാൻ അത് തിരിച്ചറിഞ്ഞു.

മൂന്ന് വർഷങ്ങൾക്ക് മുമ്പ്… ബോധരഹിത അവസ്ഥയിൽ ഞാൻ കണ്ട അതേ സ്ഥലം. അതേ വയൽ.

പക്ഷേ… ഇന്ന് എന്തോ വ്യത്യാസമുണ്ട്.

അന്ന് ഞാൻ കണ്ടപ്പോൾ ഈ വയലുകൾ മുഴുവൻ കത്തി നശിച്ച നിലയിലായിരുന്നു. കരിഞ്ഞ മണ്ണ്, പുക, മരിച്ച നിശബ്ദത… അതായിരുന്നു അന്ന്.

പക്ഷേ ഇപ്പോൾ—

വയലുകൾ ജീവനുള്ളതുപോലെ തോന്നി. പച്ചയും സ്വർണനിറവും കലർന്ന പുല്ലുകൾ കാറ്റിൽ പതുക്കെ ആടുന്നു. ആകാശത്തു നിന്നുള്ള വിചിത്രമായ വെള്ളി നിറമുള്ള വെളിച്ചം മുഴുവൻ വയലുകളിലും വീണ് അവയെ അസ്വാഭാവികമായി തിളക്കമാർന്നതാക്കി മാറ്റിയിരുന്നു.

ആ വെളിച്ചത്തിന് സൂര്യ പ്രകാശത്തിന്റെ ഭംഗിയില്ലായിരുന്നു… മറിച്ച് എന്തോ അന്യമായ, മനസ്സിനെ അസ്വസ്ഥമാക്കുന്ന ഒരു തണുപ്പ് അതിലുണ്ടായിരുന്നു.

എന്റെ ശ്വാസം വേഗത്തിൽ ആയി.

ഹൃദയം നെഞ്ചിനുള്ളിൽ ഭ്രാന്തുപിടിച്ച പോലെ ഇടിക്കുന്നു. കൈകൾ ചെറുതായി വിറക്കാൻ തുടങ്ങി.

കാറ്റ് ശക്തമായി വീശി. വയലിലെ പുല്ലുകൾ ഒരുമിച്ച് ഇളകി ശബ്ദമുണ്ടാക്കി. ആ ശബ്ദം പോലും ഇപ്പോൾ ഭയപ്പെടുത്തുന്നതായി തോന്നി.

ഞാൻ പതുക്കെ പിന്നിലേക്ക് നീങ്ങി. പക്ഷേ കാലുകൾക്ക് ഭാരം കൂടിയപോലെ. ഓടണം എന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും ശരീരം അനങ്ങാൻ വിസമ്മതിക്കുന്നതുപോലെ.

അപ്പോഴാണ്…

“രുദ്ര…”

പുറകിൽ നിന്ന് ആ ശബ്ദം വീണ്ടും കേട്ട നിമിഷം എന്റെ ശരീരം മുഴുവൻ ഒരൊറ്റ വിറയൽ പടർന്നു.

ആ ശബ്ദം…

മുമ്പ് ഇവിടെ വന്നപ്പോൾ ഞാൻ കേട്ട അതേ ശബ്ദം. അതേ കനം. അതേ തണുപ്പ്. മനുഷ്യന്റെ ശബ്ദമാണെങ്കിലും അതിനുള്ളിൽ എന്തോ അസ്വാഭാവികമായ ഒന്നിന്റെ പ്രതിധ്വനി ഉണ്ടായിരുന്നു.

എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു.

കഴുത്ത് വരണ്ടുപോയി. ഹൃദയമിടിപ്പ് അത്ര ശക്തമായി ഉയർന്നു, അത് പുറത്തേക്കു കേൾക്കുമോ എന്ന് വരെ എനിക്ക് തോന്നി.

കാറ്റ് പെട്ടെന്ന് നിശ്ചലമായി. വയലിലൂടെ ഒഴുകിക്കൊണ്ടിരുന്ന ആ പുല്ലുകളുടെ ശബ്ദം പോലും ഒരു നിമിഷം കൊണ്ട് ഇല്ലാതായി.

ചുറ്റും ഭയപ്പെടുത്തുന്ന നിശബ്ദത മാത്രം.

“രുദ്ര…”

ഈ തവണ ആ ശബ്ദം കുറച്ചുകൂടി അടുത്ത് നിന്ന് വന്നു.

എന്റെ വിരലുകൾ ചെറുതായി വിറക്കാൻ തുടങ്ങി. തിരിഞ്ഞു നോക്കണം എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു… പക്ഷേ അതിനൊപ്പം തന്നെ നോക്കരുത് എന്ന് ഉള്ളിലെ മറ്റൊരശബ്ദം മുന്നറിയിപ്പും നൽകുന്നുണ്ടായിരുന്നു.

ഞാൻ പതുക്കെ തൊണ്ടയിൽ വെള്ളമിറക്കി.

ശേഷം ധൈര്യം സംഭരിച്ച് വളരെ പതിയെ പുറകിലേക്ക് തിരിഞ്ഞു.

ആകാശത്തു നിന്നുള്ള ആ വെള്ളിനിറ വെളിച്ചം നേരെ അവിടേക്ക് വീഴുന്നുണ്ടായിരുന്നു.

ആ വെളിച്ചത്തിനിടയിൽ… ഒരാൾ നിൽക്കുന്നു.

ഒരു മനുഷ്യ രൂപം. പക്ഷേ സാധാരണ മനുഷ്യനല്ല.

ശരീരത്തിൽ പഴയകാല പോരാളികൾ ധരിക്കുന്നതുപോലൊരു പടച്ചട്ട. ഇരുമ്പുകൊണ്ട് തീർത്തതുപോലെ തോന്നുന്ന ആ കവചത്തിന്റെ പല ഭാഗങ്ങളും പൊട്ടിയും ചീർന്നും കിടക്കുന്നു. അതിന് മുകളിലൊക്കെയും ഉണങ്ങിത്തുടങ്ങിയ രക്തത്തിന്റെ കറകൾ. ചില ഭാഗങ്ങളിൽ ഇപ്പോഴും പുതുതായി ഒഴുകുന്ന ചുവപ്പ്.

അവന്റെ ദേഹം മുഴുവൻ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. കൈകളിൽ നിന്നും കവചത്തിന്റെ വക്കുകളിൽ നിന്നും രക്തത്തുള്ളികൾ താഴേക്ക് വീണ് മണ്ണിലേക്ക് ഇറ്റു വീഴുന്നുണ്ടായിരുന്നു.

ആ കാഴ്ച മാത്രം മതി ആരുടേയും നെഞ്ച് മരവിപ്പിക്കാൻ.

പക്ഷേ… അതിലുമധികം ഭയപ്പെടുത്തിയത് മറ്റൊന്നായിരുന്നു.

അവന്റെ മുഖം.

എത്ര നോക്കിയിട്ടും അത് എനിക്ക് വ്യക്തമായി കാണാൻ പറ്റുന്നില്ല. കണ്ണിന് മുന്നിൽ പുകപടലം കിടക്കുന്നതുപോലെ… അല്ലെങ്കിൽ എന്തോ അദൃശ്യമായ ഒരു ശക്തി അവന്റെ മുഖം എന്നിൽ നിന്ന് മറച്ചു പിടിക്കുന്നതുപോലെ.

Leave a Reply

Your email address will not be published. Required fields are marked *