“അതെ!” മായ ഉടനെ കൂട്ടിച്ചേർത്തു. “അതും പോരാതെ നമ്പറും വാങ്ങി!”
ഞാൻ ഒന്ന് ചുമച്ചു.
“അത്… ഇനി മൂക്കിൽ നിന്ന് വീണ്ടും ചോര വന്നാൽ വിളിക്കാനല്ലേ…”
എന്റെ ആ മുടന്തൻ ന്യായം കേട്ടതും രണ്ടുപേരും ഒരുമിച്ച് എന്നെ നോക്കി. ആ നോട്ടത്തിൽ തന്നെ എല്ലാം ഉണ്ടായിരുന്നു.
‘ഇനി ഒരക്ഷരം കൂടി മിണ്ടിയാൽ നിന്നെ ഞങ്ങൾ കൊല്ലും’ എന്ന ലെവൽ നോട്ടം.
ഞാൻ പതുക്കെ തൊണ്ടയിൽ വെള്ളമിറക്കി.
“അല്ല… ഡോക്ടർ തന്നെയല്ലേ പറഞ്ഞത് എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ…” ഞാൻ വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ചു.
“ഹും…” ദിവ്യ പുച്ഛത്തോടെ ഒന്ന് മൂളി.
“അഞ്ചു ഡോക്ടർ ആണോ പേര് സേവ് ചെയ്യേണ്ടത്?” മായ കണ്ണ് ചുരുട്ടി ചോദിച്ചു.
അത് കേട്ടതും എനിക്ക് ചെറുതായി ചിരി വന്നു. പക്ഷേ ആ ചിരി പുറത്തുവന്നാൽ സ്ഥിതി കൂടുതൽ മോശമാകും എന്ന് മനസ്സിലായതുകൊണ്ട് ഞാൻ വേഗം മുഖം തിരിച്ചു.
“ഞാൻ ക്ഷീണിച്ചിരിക്കുന്നു…” എന്ന് പറഞ്ഞ് നൈസായി സീറ്റിലേക്ക് ചാരിക്കിടന്നു. ശേഷം വിൻഡോയുടെ ഭാഗത്തേക്ക് മുഖം തിരിച്ച് കണ്ണുകൾ അടച്ചു. റസ്റ്റ് എടുക്കുന്ന പോലെ അഭിനയിച്ചു.
പക്ഷേ കണ്ണുകൾ അടച്ചിട്ടും എനിക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു — രണ്ടുപേരുടെയും നോട്ടം ഇപ്പോഴും എന്റെ മേലാണ്.
“നാടകം…” ദിവ്യ പതുക്കെ പിറുപിറുത്തു.
“ഫുൾ നാടകം,” മായയും ചേർത്തു.
ഞാൻ ഒന്നും കേൾക്കാത്തപോലെ അനങ്ങാതെ കിടന്നു.
അതിന് ശേഷം വീട്ടിൽ എത്തുന്നതുവരെ കാറിനുള്ളിൽ ആരും ഒന്നും മിണ്ടിയില്ല. കേട്ടത് എഞ്ചിന്റെ ശബ്ദവും ഇടയ്ക്ക് ദിവ്യ ദേഷ്യത്തിൽ ഗിയർ മാറ്റുന്ന ശബ്ദവും മാത്രം.
വീട്ടിൽ എത്തിയ ഉടനെ തന്നെ ലക്ഷ്മി അമ്മ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. കൂടെ മീനുകുട്ടിയും ഉണ്ടായിരുന്നു.
രണ്ടുപേരുടെയും മുഖത്ത് നല്ല വേവലാതി ഉണ്ട്. ഞങ്ങൾ കാർ നിർത്തും മുൻപേ തന്നെ അവർ ഗേറ്റിനരികിൽ കാത്തുനിന്നതുപോലെ തോന്നി.
“എങ്ങനെയുണ്ട് മോനെ ഇപ്പൊ…?”
ലക്ഷ്മി അമ്മ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു. ഞാൻ കാറിൽ നിന്ന് ഇറങ്ങാൻ നോക്കിയതും അവർ നേരെ എന്റെ കൈ പിടിച്ചു. ചിലപ്പോ ഞാൻ ഇനിയും കുഴഞ്ഞു വീഴും എന്ന പേടിയായിരിക്കാം.
“അയ്യോ… എനിക്കൊന്നും ഇല്ല ലക്ഷ്മി അമ്മേ…” ഞാൻ ചിരിക്കാനായി ശ്രമിച്ചു. “ഞാൻ ഒക്കെ ആണ്.”
പക്ഷേ അവർ അത് കേട്ട ഭാവം പോലും കാണിച്ചില്ല.
“പതുക്കെ ഇറങ്ങ്… ശ്രദ്ധിക്കണം…”
എന്നെ ചെറിയ കുട്ടിയെ പോലെ പിടിച്ചു കൊണ്ടാണ് അവർ വീട്ടിലേക്കു നടത്തിയത്.
ആ നിമിഷം അവരുടെ മുഖത്തെ സ്നേഹവും കരുതലും കണ്ടപ്പോൾ എനിക്ക് തന്നെ എന്നോട് അസൂയ തോന്നി.
‘ഞാൻ എത്ര ഭാഗ്യവാനാണ്…’
സ്വന്തം രക്തബന്ധമില്ലെങ്കിലും, എന്നെ ഇങ്ങനെ സ്നേഹിക്കുന്ന ആളുകൾ ചുറ്റുമുണ്ടെന്ന ബോധം ഉള്ളിൽ എന്തോ ചൂട് പകരുന്ന പോലെ തോന്നി.
അപ്പോഴാണ് പിറകിൽ നിന്ന് ദിവ്യയുടെ ശബ്ദം പൊങ്ങിയത്.
“നല്ല രണ്ടു അടിയുടെ പ്രശ്നം മാത്രമേ ഉള്ളു… അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല.”
ആ ശബ്ദത്തിൽ ഇപ്പോഴും നല്ല ദേഷ്യം ഉണ്ടായിരുന്നു.
ഞാനും ലക്ഷ്മി അമ്മയും ഒരേ സമയം അവളെ നോക്കി.
അവളുടെ മുഖത്ത് ഇപ്പോഴും ആ കടിച്ചു പിടിച്ച എക്സ്പ്രഷൻ തന്നെ. കൈകൾ നെഞ്ചിൽ കൂട്ടിക്കെട്ടി നിൽക്കുന്നു. മായയും അവളുടെ അടുത്ത് അതേ ഭാവത്തിൽ.
ലക്ഷ്മി അമ്മ കണ്ണുകൊണ്ട് എന്നോട് ‘എന്താ സംഭവം?’ എന്ന പോലെ ചോദിച്ചു.
ഞാൻ ഉടനെ ‘ഒന്നുമില്ല’ എന്ന രീതിയിൽ തലകുലുക്കി കാണിച്ചു.
അത് കണ്ടിട്ടും ദിവ്യ എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി.
“അവളെന്തിനാ ഇങ്ങനെ ചൂടായി നിൽക്കുന്നെ?” ലക്ഷ്മി അമ്മ പതുക്കെ ചോദിച്ചു.
“അതൊ… ചെറിയ misunderstanding…” ഞാൻ നൈസായി ഒഴിഞ്ഞു മാറി.
“ചെറിയതോ?” ദിവ്യ പിന്നിൽ നിന്ന് പിറുപിറുത്തു.
ഞാൻ അത് കേൾക്കാത്തപോലെ നേരെ നടന്നു.
അവർ എന്നെ കൊണ്ടു വീട്ടിനകത്ത് കയറ്റി ഡൈനിംഗ് ടേബിളിൽ ഇരുത്തി.
“ഇവിടെ ഇരിക്ക്. ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം,” എന്ന് പറഞ്ഞ് ലക്ഷ്മി അമ്മ അടുക്കളയിലേക്ക് പോയി.
