രുദ്രപ്രതാപം – 10 13

ഇത് മറ്റൊരു സ്ഥലം.

ചുറ്റും കനത്ത ഇരുട്ട് മാത്രം. ആകാശമോ നിലമോ പോലും ശരിയായി തിരിച്ചറിയാൻ പറ്റുന്നില്ല. എല്ലാം ഒരൊറ്റ കറുത്ത ശൂന്യതയിൽ മുങ്ങിയപോലെ.

കാറ്റിന്റെ ശബ്ദം പോലും ഇല്ല. അത്ര ഭയപ്പെടുത്തുന്ന നിശബ്ദത.

“ഹലോ…?”

എന്റെ സ്വന്തം ശബ്ദം പോലും അവിടെ വിചിത്രമായി പ്രതിധ്വനിച്ചു.

എന്റെ ശ്വാസം വീണ്ടും വേഗത്തിൽ ആയി. ഹൃദയം നെഞ്ചിനുള്ളിൽ ശക്തമായി ഇടിക്കുന്നു.

അപ്പോഴാണ്…

ദൂരെയൊക്കെയായി ചെറിയൊരു വെളിച്ചം തെളിഞ്ഞത് ഞാൻ കണ്ടത്.

അത് കണ്ടപ്പോ ചെറിയ ഒരു സമാധാനം തോന്നി

ആദ്യം അത് ഒരു ചെറിയ പൊട്ടുപോലെ മാത്രം ആയിരുന്നു. പക്ഷേ പതിയെ… പതിയെ അത് വലുതായി എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.

ആ വെളിച്ചം നീങ്ങുന്ന രീതിയിൽ തന്നെ എന്തോ അസ്വാഭാവികത ഉണ്ടായിരുന്നു. നടക്കുന്നതുപോലെയല്ല… ഒഴുകി വരുന്നതുപോലെ.

എന്റെ കാലുകൾ അറിയാതെ പിന്നിലേക്ക് നീങ്ങി.

“ഇനി ഇതെന്താ…” ഞാൻ വിറച്ച ശബ്ദത്തിൽ പിറുപിറുത്തു.

വെളിച്ചം അടുത്തേക്ക് വരുംതോറും അതിന്റെ രൂപം പതുക്കെ വ്യക്തമായി തുടങ്ങി.

അടുത്ത നിമിഷം അത് കണ്ടതും എന്റെ ശരീരം മുഴുവൻ തണുത്തുപോയി.

“ദൈവമേ…”

അത് മനുഷ്യൻ അല്ല.

ഒരു അന്യഗ്രഹ ജീവിയെ പോലെ തോന്നിക്കുന്ന… അതീവ വികൃതമായ ഒരു രൂപം.

ശരീരം മുഴുവൻ ചാരനിറം കലർന്ന കറുപ്പ്. സാധാരണ മനുഷ്യനേക്കാൾ വളരെ ഉയരം. കൈകൾ അസ്വാഭാവികമായി നീളം കൂടിയവ. വിരലുകൾക്ക് പകരം മൂർച്ചയുള്ള നഖങ്ങൾ.

അതിന്റെ തലയുടെ ആകൃതി പോലും മനുഷ്യന്റേതുപോലെ അല്ലായിരുന്നു. കണ്ണുകൾ ഉണ്ടായിരിക്കേണ്ട സ്ഥലത്ത് രണ്ട് തെളിഞ്ഞ പൊള്ളയായ വെളിച്ചങ്ങൾ മാത്രം. വായ്… അതൊരു വായാണോ എന്ന് പോലും സംശയം തോന്നുംവിധം കീറിയുപൊളിഞ്ഞ രൂപം.

അതിന്റെ ശരീരത്തിൽ നിന്ന് വന്നുകൊണ്ടിരുന്ന ആ വിചിത്രമായ ശബ്ദം… പകുതി അലർച്ചയും പകുതി ചിരിയും പോലെ.

അത് പതുക്കെ എന്റെ നേരെ നീങ്ങി.

ഞാൻ അവിടെ നിശ്ചലമായി നിന്നു. തലച്ചോർ മുഴുവൻ ഷട്ട് ഡൗൺ ആയപോലെ.

“ഇനി ഇപ്പൊ ഇതെന്ത് മൈര്…”

പെട്ടെന്ന് ആ വികൃതജീവി നിശ്ചലമായി നിന്നു.

അതിന്റെ പൊള്ളയായ പോലെ തിളങ്ങുന്ന കണ്ണുകൾ നേരെ എന്നിലേക്കു പതിഞ്ഞു. ആ നോട്ടം മാത്രം മതി ശരീരം മുഴുവൻ മരവിക്കാൻ.

ഞാൻ അനങ്ങാതെ നിന്നു. ശ്വാസം പോലും എടുക്കാൻ മറന്നപോലെ.

അടുത്ത നിമിഷം അത് പതുക്കെ തല ഉയർത്തി ആകാശത്തേക്ക് നോക്കി.

പിന്നെ—

“ഗ്ര്ര്ര്ര്രാആആആആ!!!”

ഒരു ഭീകര അലർച്ച.

ആ ശബ്ദം ചെവിയിലൂടെ അല്ല… നേരെ തലച്ചോറിലേക്ക് കുത്തിക്കയറിയതുപോലെ തോന്നി. ചുറ്റുമുള്ള ഇരുട്ട് പോലും ആ ശബ്ദത്തിൽ വിറച്ചുപോയി.

ഞാൻ വേദന കൊണ്ട് ചെവി പൊത്തി പിന്നിലേക്ക് നീങ്ങി.

അപ്പോഴാണ്…

അതുവരെ പൂർണ ഇരുട്ടിൽ മുങ്ങിക്കിടന്ന ആ സ്ഥലത്ത് ഒന്നൊന്നായി ചെറിയ വെളിച്ചങ്ങൾ തെളിയാൻ തുടങ്ങിയത്.

ആദ്യം പത്ത്… പിന്നെ നൂറ്… പിന്നെ ആയിരങ്ങൾ.

ചുറ്റും എവിടെയൊക്കെയോ നിന്നും ആ വെളിച്ചങ്ങൾ പ്രത്യക്ഷപ്പെടുകയായിരുന്നു.

എന്റെ ഹൃദയം ഒരു നിമിഷം നിലച്ചുപോയതുപോലെ തോന്നി.

കാരണം… അത് വെളിച്ചമല്ലായിരുന്നു.

അവയുടെ കണ്ണുകൾ ആയിരുന്നു.

ഓരോ വെളിച്ചത്തിന്റെയും പിന്നിൽ… ഇതുപോലെ തന്നെ വികൃതമായ ജീവികൾ.

നീണ്ട കൈകൾ… വളഞ്ഞ ശരീരം… മനുഷ്യനല്ലാത്ത രൂപങ്ങൾ. ചിലത് നാല് കാലിൽ നിൽക്കുന്നു, ചിലത് ചുവരിലൂടെ ഇഴയുന്നതുപോലെ നീങ്ങുന്നു.

ആയിരക്കണക്കിന്.

എന്നെ മാത്രം നോക്കി നിൽക്കുന്ന ആയിരക്കണക്കിന് കണ്ണുകൾ.

“സഭാഷ്…” ഞാൻ വിറച്ച ശബ്ദത്തിൽ പിറുപിറുത്തു.

“വട്ടത്തിൽ മൂഞ്ചി…”

അടുത്ത സെക്കന്റിൽ എന്റെ തലച്ചോർ ഒരു കാര്യം മാത്രം പറഞ്ഞു.

ഓട്.

ഞാൻ തിരിഞ്ഞ് ചീറിക്കൊണ്ട് ഒറ്റ ഓട്ടം.

കാലുകൾ നിലത്ത് തൊടുന്നുണ്ടോ എന്നറിയില്ല. ജീവൻ രക്ഷിക്കാനുള്ള ഭയം മാത്രം. നെഞ്ച് പൊട്ടുന്ന പോലെ ശ്വാസം ഉയരുന്നു.

പിന്നിൽ നിന്ന് വീണ്ടും ആ അലർച്ചകൾ മുഴങ്ങാൻ തുടങ്ങി.

അവറ്റകളും എന്റെ പിന്നാലെ പാഞ്ഞു.

നിലം മുഴുവൻ അവരുടെ ഓട്ടത്തിന്റെ ശബ്ദം നിറഞ്ഞു. നഖങ്ങൾ കല്ലിൽ ഉരസുന്ന ശബ്ദം… ഭീകരമായ കരച്ചിൽ… എന്തൊക്കെയോ പൊട്ടുന്ന ശബ്ദങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *