എന്റെ ചെവികൾ വരെ ആ ശബ്ദത്തിൽ മരവിച്ചു.
ദൂരെയായി ചുവന്ന വെളിച്ചം വീണ ഭാഗത്തേക്ക് ഞാൻ വിറച്ച് നോക്കി നിന്നു. അവിടെ പൊടിയും പുകയും നിറഞ്ഞിരുന്നു. അതിനിടയിൽ എന്തൊക്കെയോ അതിവേഗത്തിൽ ചലിക്കുന്ന നിഴലുകൾ മാത്രം കാണാം.
പിന്നെ—
ഒരു മനുഷ്യന്റെ ശബ്ദം ഉയർന്നു.
അത് സാധാരണ ഒരു അലർച്ചയല്ലായിരുന്നു.
യുദ്ധഭൂമിയിൽ ശത്രുക്കളുടെ നടുവിലേക്ക് ഒറ്റയ്ക്ക് ചാടി കയറുന്ന ഒരു പോരാളിയുടെ ഗർജ്ജനം. ആ ശബ്ദത്തിൽ ഒരു വല്ലാത്ത ശക്തിയും കോപവും ഉണ്ടായിരുന്നു.
ഒരു നിമിഷം എന്റെ ശരീരം മുഴുവൻ കോരിത്തരിച്ചു. എന്തുകൊണ്ടോ… ആ ശബ്ദം എനിക്ക് പരിചിതമാണെന്ന് തോന്നി.
അടുത്ത നിമിഷം വീണ്ടും ആ ജന്തുക്കളുടെ കരച്ചിൽ ഉയർന്നു.
പിന്നെ അവിടെ നടന്നത്… ഒരു യുദ്ധമായിരുന്നു.
ഇരുട്ടിനിടയിൽ തെളിഞ്ഞുനിന്ന ആ വെള്ള നിറത്തിലുള്ള കണ്ണുകൾ ഒന്നൊന്നായി അണയാൻ തുടങ്ങി.
ആദ്യം ഒന്ന്.
പിന്നെ മൂന്ന്.
പിന്നെ പത്ത്.
ഓരോ തവണയും ഒരു വെളിച്ചം അണയുമ്പോൾ, അതിനൊപ്പം ഒരു ഭീകര അലർച്ചയും കേൾക്കും.
അവിടെ ശരിക്കും കൂട്ടക്കൊല നടക്കുകയായിരുന്നു.
ഇടയ്ക്കിടെ ചുവന്ന പ്രകാശം ഇരുട്ടിനെ കീറി മിന്നും. ചിലപ്പോൾ ചുവന്ന നിറത്തിലുള്ള മിന്നൽ പോലെയുള്ള എന്തോ ഒന്ന് വായുവിലൂടെ പാഞ്ഞുപോകും. അതിന് പിന്നാലെ വീണ്ടും ചില വെളിച്ചങ്ങൾ അണയും.
ഞാൻ ശ്വാസം പോലും എടുക്കാതെ അത് നോക്കി നിന്നു.
ആയിരക്കണക്കിന് ജന്തുക്കളുടെ നടുവിൽ… ആരോ ഒരാൾ ഒറ്റയ്ക്ക് പൊരുതുകയായിരുന്നു.
പക്ഷേ അവൻ ആരാണെന്ന് മാത്രം എനിക്ക് കാണാൻ പറ്റുന്നില്ല.
പെട്ടെന്ന്—
“ധൂൂം!”
ഒരു ബോംബ് പൊട്ടിയതുപോലൊരു ഭീകര ശബ്ദം മുഴങ്ങി.
നിലം മുഴുവൻ കുലുങ്ങി. വായുവിന്റെ ആഘാതം വരെ എന്റെ മുഖത്ത് തട്ടി.
ആ ശബ്ദത്തോടൊപ്പം ഒരു നിമിഷം മുഴുവൻ ഇരുട്ടും ചുവപ്പും വെളുപ്പും കലർന്ന വെളിച്ചത്തിൽ മുങ്ങി.
ഞാൻ കണ്ണുകൾ പൊത്തി.
വീണ്ടും തുറന്നപ്പോൾ…
എല്ലാം കഴിഞ്ഞിരുന്നു.
ആ വെള്ള നിറത്തിലുള്ള കണ്ണുകൾ ഒന്നും ഇനി കാണുന്നില്ല.
അലർച്ചകൾ ഇല്ല.
ഓട്ടത്തിന്റെ ശബ്ദം ഇല്ല.
ഒന്നുമില്ല.
ചുറ്റും വീണ്ടും കനത്ത ഇരുട്ട് മാത്രം.
മരിച്ചപോലൊരു നിശബ്ദത.
എന്റെ ഹൃദയമിടിപ്പും ശ്വാസത്തിന്റെ ശബ്ദവും മാത്രം ഇപ്പോൾ എനിക്ക് കേൾക്കാം.
പെട്ടെന്നാണ് ദൂരെയായി വീണ്ടും ആ ചുവന്ന വെളിച്ചം തെളിഞ്ഞത്.
ആദ്യം അത് നിലത്തോട് ചേർന്നൊരു തീപ്പൊരി പോലെ മാത്രം തോന്നി. പക്ഷേ അടുത്ത നിമിഷം തന്നെ അത് അതിവേഗത്തിൽ വായുവിലേക്ക് ഉയർന്നു.
ആ ഇരുണ്ട ലോകത്തിന്റെ നടുവിൽ… രക്തം പോലെ ചുവന്ന ഒരു പ്രകാശം.
ഞാൻ ശ്വാസം പോലും എടുക്കാതെ അത് നോക്കി നിന്നു.
അത് കുറച്ച് നിമിഷങ്ങൾ വായുവിൽ നിശ്ചലമായി നിന്നു. പിന്നെ—
ഒറ്റ നിമിഷത്തിൽ എന്റെ ഭാഗത്തേക്ക് പാഞ്ഞുവന്നു.
“ഇത് എന്ത് മൈര്—”
പറഞ്ഞു തീരുന്നതിന് മുൻപേ തന്നെ ആ വെളിച്ചം എന്റെ മുന്നിൽ കുറച്ച് അകലെയായി നിലത്തേക്ക് പതിച്ചു.
“ധം!”
നിലം ചെറുതായി വിറച്ചു. പൊടിയും ചുവന്ന പുകയും ചുറ്റും പടർന്നു.
എന്റെ ഹൃദയം ഇപ്പോൾ നെഞ്ച് പൊട്ടിപ്പുറത്തേക്ക് വരുമെന്ന അവസ്ഥയിലായിരുന്നു.
പതിയെ… വളരെ പതിയെ ഞാൻ അങ്ങോട്ടേക്ക് നോക്കി.
ആ ചുവന്ന പുകക്കിടയിൽ…
രണ്ട് കണ്ണുകൾ.
ആ ഇരുട്ടിന്റെ നടുവിൽ കത്തുന്ന പോലെ തോന്നിക്കുന്ന രണ്ട് കണ്ണുകൾ.
രക്തചുവപ്പ് നിറം.
പക്ഷേ സാധാരണ ചുവപ്പല്ല… ജീവനുള്ള തീ കത്തുന്ന പോലെ.
ആ കണ്ണുകൾ നേരെ എന്നെ തന്നെ നോക്കുകയായിരുന്നു.
എന്റെ ശരീരം മുഴുവൻ തണുത്തുപോയി. കാലുകൾ അനങ്ങുന്നില്ല. ശ്വാസം പോലും മുറിഞ്ഞുപോയ പോലെ.
ആ കണ്ണുകളുടെ തിളക്കം മാത്രം മതി ഒരാളെ ഭ്രാന്തനാക്കാൻ. അതിൽ കോപമുണ്ടായിരുന്നു… വിശപ്പുണ്ടായിരുന്നു… എന്തോ ഭീകരമായൊരു ശക്തിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ഞാൻ അറിയാതെ ഒരു പടി പിന്നിലേക്ക് നീങ്ങി.
അടുത്ത സെക്കന്റ്—
ആ കണ്ണുകൾ ഒറ്റ നിമിഷത്തിൽ എന്റെ നേരെ പാഞ്ഞുവന്നു.
അതിന്റെ വേഗം അത്ര ഭയാനകമായിരുന്നു, എനിക്ക് ശരിയായി കാണാൻ പോലും കഴിഞ്ഞില്ല. ചുവന്നൊരു മിന്നൽ പോലെ അത് എന്റെ മുഖത്തേക്ക് അടുക്കി വന്നു.
