സുതാര്യമായ തടവറ – 8 33അടിപൊളി 

 

 

പിറ്റേന്ന് രാവിലെ മരുന്നുകളുടെ മയക്കത്തിൽ നിന്നും മാത്യു ഉണർന്നത് പുതിയൊരു പ്രതീക്ഷയോടെയാണ്.

 

ഹൈറേഞ്ചിലെ പുലരിക്ക് ഒരു പ്രത്യേക ഗന്ധമായിരുന്നു..മഞ്ഞിന്റെയും മരങ്ങളുടെയും നനവുള്ള ഗന്ധം.

 

കോടമഞ്ഞ് ഒരു പുതപ്പുപോലെ മലകളെ മൂടിനിൽക്കുന്നു. മാത്യു വേഗം കുളിച്ചു റെഡിയായി. മനസ്സ് ഒന്ന് ശാന്തമാക്കാൻ അയാൾ പതുക്കെ പുറത്തേക്ക് നടന്നു.

 

 

ആ ഹോസ്പിറ്റലിനു പുറത്തെ ​പഴയ അതേ ചായക്കടയിലേക്ക്…

 

അവിടെ രാവിലെ തന്നെ ആളുകൾ കൂടി തുടങ്ങിയിരുന്നു.

 

ജോലിക്ക് പോകാൻ നിൽക്കുന്ന തൊഴിലാളികളും, ഹോസ്പിറ്റലിലെ ചില ജീവനക്കാരും അവിടെയുണ്ട്.

 

മാത്യു കടയ്ക്കടുത്തേക്ക് നടന്നു ചെന്നപ്പോൾ തന്നെ കടക്കാരൻ ചിരിച്ചുകൊണ്ട് അയാളെ എതിരേറ്റു.

 

​”സർ… ഗുഡ് മോർണിംഗ്! ചായ എടുക്കട്ടെ?”

 

​”ആ… മധുരം വേണ്ട,” മാത്യു പതുക്കെ പറഞ്ഞു.

 

​അവിടെ കിടന്ന പത്രം കയ്യിലെടുത്ത് അയാൾ ആ മരബെഞ്ചിൽ ഇരുന്നു.

 

ചായ കിട്ടിയപ്പോഴേക്കും അകലെ നിന്ന് ഒരു ജീപ്പിന്റെ ഇരമ്പൽ കേട്ടു.

 

ആ പൊട്ടിയ താറിട്ട റോഡിലെ വളവുതിരിഞ്ഞ് ഒരു ജീപ്പ് കടയ്ക്കരികിൽ വന്ന് കിതച്ചു നിന്നു.

 

കുറച്ചുപേർ ഇറങ്ങി, വേറെ ചിലർ കയറി. ആ ബഹളങ്ങൾക്കിടയിൽ, ജീപ്പ് ദൂരേക്ക് പോയിക്കഴിഞ്ഞപ്പോഴാണ് മാത്യു ആ മുഖം കണ്ടത്.

 

 

​അവിടെ വന്നിറങ്ങി നിൽക്കുകയാണ് ഷാജിയേട്ടൻ!

 

 

​പഴയ ആ കീറിപ്പറിഞ്ഞ വേഷമൊന്നുമല്ല ഇപ്പോൾ.

 

വെളുത്ത മുണ്ടും ഇസ്തിരിയിട്ട ഷർട്ടും.

 

പ്രായം അയാളുടെ മുഖത്ത് ചില വരകൾ വീഴ്ത്തിയിട്ടുണ്ടെങ്കിലും ആ നരച്ച താടി ഒഴിച്ചുനിർത്തിയാൽ അയാൾക്ക് വലിയ മാറ്റമില്ല.

 

വർഷങ്ങൾക്ക് മുൻപ് അമലയുടെ ജീവൻ പോയ രാത്രിയിൽ തനിക്ക് കാവൽ നിന്ന അതേ ഷാജിയേട്ടൻ.

 

 

​ഷാജിയേട്ടൻ മാത്യുവിനെ കണ്ടില്ല. അയാൾ നേരെ ചായക്കടക്കാരനോട് ഒരു ചായ പറഞ്ഞു.

 

 

​”ആ… ഷാജിയേട്ടാ എത്തിയോ?

 

കല്യാണമൊക്കെ എങ്ങനെ ഉണ്ടായിരുന്നു?”

 

ചായക്കടക്കാരൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

 

പക്ഷേ ഷാജിയേട്ടൻ മറുപടി പറയുന്നതിന് മുൻപ് തന്നെ അയാൾ മാത്യുവിനെ ചൂണ്ടി തുടർന്നു..

 

“ഷാജിയേട്ടാ… നിങ്ങൾക്ക് ഒരു അതിഥിയുണ്ട്. ഇന്നലെ വന്ന് നിങ്ങളെ കാത്തിരിക്കുകയാ… ദേ അവിടെ!”

 

 

​”അതിഥിയോ? എവിടെ?”

ഷാജിയേട്ടൻ പതുക്കെ തല തിരിച്ചു.

 

​ആ ബെഞ്ചിൽ ഇരിക്കുന്ന ഡോക്ടർ മാത്യുവിനെ കണ്ടതും ഷാജിയേട്ടന്റെ മുഖത്തെ ഭാവം പെട്ടെന്ന് മാറി.

 

ആദ്യമൊരു അമ്പരപ്പ്, പിന്നെ തിരിച്ചറിഞ്ഞപ്പോഴുള്ള നടുക്കം. അയാളുടെ കണ്ണുകൾ വിടർന്നു.

 

 

​”മാത്യു സർ…. നിങ്ങളോ…!”

 

ഷാജിയേട്ടന്റെ ശബ്ദം വല്ലാതെ താഴ്ന്നു പോയിരുന്നു. ആ വിളിയിൽ പന്ത്രണ്ട് വർഷത്തെ രഹസ്യങ്ങളുടെ ഭാരമുണ്ടായിരുന്നു.

 

 

​മാത്യു പതുക്കെ ബെഞ്ചിൽ നിന്നും എഴുന്നേറ്റു.

 

രണ്ടുപേരും പരസ്പരം നോക്കി നിൽക്കുകയാണ്.

 

ചുറ്റുമുള്ള ലോകം നിശ്ചലമായതുപോലെ.

 

ചായക്കടയിലെ സംസാരങ്ങളും പാത്രങ്ങളുടെ ശബ്ദവും മാത്യു കേട്ടില്ല.

 

അയാളുടെ മുന്നിൽ ഇപ്പോൾ ഷാജിയേട്ടൻ എന്ന പഴയ അറ്റൻഡറല്ല, മറിച്ച് തന്റെ ജീവിതത്തിന്റെ താക്കോൽ കൈവശം വെച്ചിരിക്കുന്ന ഒരേയൊരു സാക്ഷിയാണ്.

 

 

​ഷാജിയേട്ടൻ മാത്യുവിന്റെ അടുത്തേക്ക് നീങ്ങി.

 

 

 

​”എന്താ സർ… ഇത്രയും കാലം കഴിഞ്ഞ്… ഈ വഴിക്ക് ഒക്കെ?”

 

ഷാജിയേട്ടൻ പതുക്കെ ചോദിച്ചു. അയാളുടെ നോട്ടം മാത്യുവിന്റെ കണ്ണുകളിൽ തറഞ്ഞു നിന്നു..

 

ചായക്കടയിലെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് സംസാരിക്കാൻ മാത്യുവിന് കഴിഞ്ഞില്ല.

 

ഓരോ വാക്കും ഒരു രഹസ്യമായി സൂക്ഷിക്കേണ്ടി വന്നവരാണ് അവർ രണ്ടുപേരും.

 

 

​”ഷാജിയേട്ടാ.. വളരെ കാലത്തിനു ശേഷം അല്ലെ.. ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച..”

Leave a Reply

Your email address will not be published. Required fields are marked *