സുതാര്യമായ തടവറ – 8 33അടിപൊളി 

 

ടൗണിലെ തിരക്കുകളിലേക്ക് വണ്ടി ഓടിക്കുമ്പോഴും സാമിന്റെ മനസ്സ് ശാന്തമായിരുന്നില്ല.

 

നതാഷയുടെ ചിരിയും വർത്തമാനങ്ങളും അയാൾ ആസ്വദിക്കുന്നുണ്ടെങ്കിലും, അവളുടെ ഓരോ വാക്കിലും തന്റെ പഴയ ജീവിതത്തിന്റെ ഓർമ്മകൾ വന്നു തറയ്ക്കുന്നുണ്ടായിരുന്നു.

 

 

​”സാം… നീ എന്തിനാ ഇത്ര ഗൗരവത്തിൽ ഇരിക്കുന്നത്? നമ്മൾ ഒരു നല്ല കാര്യത്തിനല്ലേ പോകുന്നത്?”

 

അവൾ അവന്റെ കയ്യിൽ പതുക്കെ തഴുകി.

 

 

​സാം ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. “ഒന്നുമില്ല നതാഷാ… ഞാൻ ആ കടമുറിയുടെ കാര്യം ആലോചിക്കുകയായിരുന്നു.”

 

 

​അവർ ടൗണിലെത്തി.

 

കെട്ടിടങ്ങൾക്കിടയിലുള്ള ഒരു ചെറിയ കടമുറി അവർ നോക്കി.

 

തന്റെ കൗൺസിലിംഗ് സെന്റർ അവിടെ തുടങ്ങുന്നതിനെക്കുറിച്ച് നതാഷ ആവേശത്തോടെ സംസാരിച്ചു കൊണ്ടിരുന്നു.

 

പക്ഷേ, പെട്ടെന്ന് ഒരു നിമിഷം അവൾ നിശബ്ദയായി. ഒരു കടയുടെ ബോർഡിൽ കണ്ട ഡോക്ടറുടെ പേര് അവളെ മാത്യുവിലേക്ക് എത്തിച്ചു.

 

 

​”സാം… മാത്യു ഇപ്പോൾ എവിടെയായിരിക്കും?

അയാൾ എന്നെ തിരയുന്നുണ്ടാകുമോ?”

 

അവളുടെ ശബ്ദത്തിൽ ഒരു ചെറിയ ഭയം കലർന്നിരുന്നു.

 

 

​സാം അവളുടെ കണ്ണുകളിലേക്ക് നോക്കി.

 

“അവൻ എവിടെയാണെങ്കിലും… ഇനി നിന്നെ തൊടാൻ ഞാൻ അനുവദിക്കില്ല.”

 

സാമിന്റെ ആ വാക്കുകളിൽ പ്രതികാരത്തിന്റെ ഒരു കനൽ തിളങ്ങുന്നുണ്ടായിരുന്നു.

 

ടൗണിലെ തിരക്കിലൂടെ സാമിനൊപ്പം നടക്കുമ്പോൾ നതാഷയുടെ ചിന്തകൾ മാത്യുവിലായിരുന്നു.

 

“സാം… എനിക്ക് എന്തോ ഒരു പേടി തോന്നുന്നു. മാത്യുവിനെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു നെഞ്ചിടിപ്പ്…”

 

 

​സാം നതാഷയുടെ തോളിൽ കൈവെച്ചു.

 

“പേടിക്കണ്ട നതാഷാ… മാത്യു ഇനി നിന്റെ നിഴൽ പോലും കാണില്ല. അയാൾ തന്റെ പാപങ്ങളുടെ കണക്ക് പറഞ്ഞു തീർക്കുന്ന തിരക്കിലായിരിക്കും ഇപ്പോൾ.”

 

സാമിന്റെ കണ്ണുകളിൽ ഒരു നിഗൂഢമായ വിജയം മിന്നിമറഞ്ഞു.

 

 

​നതാഷ സാം പറഞ്ഞത് പൂർണ്ണമായി മനസ്സിലാക്കിയില്ലെങ്കിലും അയാളുടെ കൈകളിൽ മുറുകെ പിടിച്ചു.

 

 

അതേസമയം മാത്യുവിന്റെ ആ ആഡംബരം നിറഞ്ഞ കൂറ്റൻ വീട്ടിൽ ലില്ലി ഇപ്പോൾ പൂർണ്ണമായും തനിച്ചാണ്.

 

മാത്യുവും നതാഷയും ഇല്ലാത്ത ആ വീട് അവൾക്ക് ഒരു വലിയ കളിസ്ഥലം പോലെ തോന്നി.

 

ഗ്രാമത്തിലെ തന്റെ കൊച്ചു വീടിന്റെ പരിമിതികളിൽ നിന്നും ഈ ആഡംബരത്തിന്റെ നടുവിലേക്ക് എത്തിയപ്പോൾ അവൾക്ക് എല്ലാം ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെട്ടത്.

 

 

​അവൾ പതുക്കെ ആ വീടിന്റെ ഓരോ മൂലയും കണ്ടു നടന്നു.

 

ഇറ്റാലിയൻ മാർബിൾ വിരിച്ച തറയിൽ കാലുകൾ അമരുമ്പോൾ ലഭിക്കുന്ന ആ തണുപ്പ് അവൾ ആസ്വദിച്ചുകൊണ്ടേയിരുന്നു.

 

വിദേശ നിർമ്മിതമായ ആധുനിക ഉപകരണങ്ങൾ നിറഞ്ഞ ആ വീട്ടിലെ കിച്ചൺ അവൾക്ക് അത്ഭുതമായിരുന്നു.

 

താൻ ഇതുവരെ കാണാത്ത തരം ഓവനുകളും, ഇലക്ട്രിക് ചിമ്മിനികളും അവൾ തൊട്ടു നോക്കി.

 

ആഡംബരം നിറഞ്ഞ ആ കിച്ചണിൽ നിന്ന് ഒരു ഗ്ലാസ് ഫ്രഷ് ജ്യൂസ് എടുക്കുമ്പോൾ താൻ ഈ വീടിന്റെ രാജ്ഞിയാണെന്ന് അവൾക്ക് തോന്നി.

 

​അതുപോലെ രാത്രി അവൾ കിടന്ന നതാഷയുടെയും മാത്യുവിന്റെയും മാസ്റ്റർ ബെഡ്‌റൂം മിലെ ആ വലിയ കട്ടിലും അതിലെ മൃദുവായ മെത്തയും അവൾക്ക് പുതുമയായിരുന്നു.

 

ആ മെത്തയിൽ ഒന്ന് വീണുകിടന്നപ്പോൾ കിട്ടിയ ആ സുഖം അവൾ കണ്ണടച്ച് ആസ്വദിച്ചിരുന്നു…

 

അവിടെയുള്ള വാർഡ്രോബ് തുറന്നപ്പോൾ അവിടെ തൂക്കിയിട്ടിരുന്ന നതാഷയുടെ വിലപിടിപ്പുള്ള സാരികളും വസ്ത്രങ്ങളും അവൾ തൊട്ടു തലോടി.

 

 

​അതിനേക്കാളേറെ അവളെ അത്ഭുതപ്പെടുത്തിയത് അവിടുത്തെ ബാത്റൂം ആയിരുന്നു.

 

ഒരു ചെറിയ വീടിന്റെ അത്രയും വലുപ്പമുള്ള ബാത്റൂം!

 

അവിടെയുള്ള ബാത്ത്ടബ്ബും അതിലെ വെള്ളം ചീറ്റുന്ന ഷവറുകളും കണ്ട് അവൾ വിസ്മയിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *