സാധാരണ നിലയിൽ മാത്യു ആസ്വദിക്കുമായിരുന്ന ഒരു കാലാവസ്ഥ.
പക്ഷേ, അമലയുടെ ഓർമ്മകൾ അയാളുടെ മനസ്സിൽ ഒരു കറുത്ത മേഘം പോലെ തളംകെട്ടി നിന്നു.
കടയുടെ മുന്നിലെ ആ പഴയ ബെഞ്ചിൽ അയാൾ പതുക്കെ ഇരുന്നു.
കടക്കാരൻ: “എന്താ എടുക്കണ്ടേ സാറേ? ചായ വേണോ?”
മാത്യുവിനെ ആ പഴയ ജൂനിയർ ഡോക്ടറായി അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
പണ്ടുള്ള ആൾ അല്ല അവിടെ ഉള്ളത് എന്ന് മാത്യുവിനും മനസ്സിലായി.
മാത്യുവിന്റെ വേഷവും ആ പ്രൗഢിയും ഒരു വലിയ നഗരത്തിൽ നിന്നുള്ള അതിഥിയുടേതാണെന്ന് അയാൾ കരുതിക്കാണും.
മാത്യു: “ഒരു കടുപ്പമുള്ള ചായ.. പഞ്ചസാര കുറച്ച്.”
ചായയ്ക്കായി കാത്തിരിക്കുമ്പോൾ മാത്യുവിന്റെ കണ്ണുകൾ ആശുപത്രിയുടെ കാഷ്വാലിറ്റി ഭാഗത്തേക്ക് നീണ്ടു.
പന്ത്രണ്ട് വർഷം മുൻപ്, രക്തത്തിൽ കുളിച്ച അമലയെ സ്ട്രെച്ചറിൽ കിടത്തി ആദ്യമായി അങ്ങോട്ടേക്ക് ഓടിച്ചു കയറ്റിയ ആ ദൃശ്യം മാത്യുവിന്റെ കണ്ണുകളിൽ മിന്നിമറഞ്ഞു.
അതൊരു ആക്‌സിഡന്റ് കേസായിരുന്നു.
റോഡരികിൽ ചോര വാർന്നു കിടന്ന ആ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അവൾക്ക് ജീവനുണ്ടായിരുന്നു.
അന്ന് ആ സർജറി കൃത്യമായി ചെയ്തിരുന്നെങ്കിൽ അവൾ ഇന്നും ജീവനോടെ ഇരുന്നേനെ.
തന്റെ ദേഷ്യവും അശ്രദ്ധയും കൊണ്ട് അവളുടെ ശ്വാസം നിലച്ച ആ നിമിഷം…
ചൂടുള്ള ചായ ഗ്ലാസ് കയ്യിൽ ഇരിക്കുമ്പോഴും മാത്യുവിന്റെ വിരലുകൾ തണുത്തു മരവിച്ചിരുന്നു.
അയാൾ ആലോചിക്കുകയായിരുന്നു.. ഷാജിയേട്ടൻ ഇപ്പോൾ എവിടെയുണ്ടാകും? അയാൾ ചായ കുടിക്കാൻ ഇങ്ങോട്ടേക്ക് വരുമായിരിക്കും. പണ്ട് അവർ ഒരുമിച്ചിരുന്നാണ് ഇവിടെ നിന്ന് ചായ കുടിക്കാറുള്ളത്. ആ പഴയ അറ്റൻഡർക്ക് തന്നെ കാണുമ്പോൾ എന്ത് തോന്നും?
മാത്യു ഗ്ലാസിലെ ചായയുടെ ചൂടിലേക്ക് നോക്കി നിൽക്കുമ്പോഴാണ് ചായക്കടക്കാരൻ തന്റെ കൗതുകം പുറത്തെടുത്തത്.
”എവിടുന്നാ സാറേ… ഇത്ര രാവിലെ തന്നെ?”
ചായ അടിക്കുന്നതിനിടയിൽ അയാൾ മാത്യുവിനെ ഒന്ന് പാളി നോക്കി ചോദിച്ചു.
മാത്യു ഒന്ന് പതറി.
“ഞാൻ… ഞാൻ കുറച്ച് ദൂരെയുന്നാ…”
”ഓഹ്… എന്താ സാറേ കാര്യം? ഇവിടെ അടുത്തായി പുതിയൊരു ഹോസ്പിറ്റൽ വന്നതിൽ പിന്നെ ഇത്ര രാവിലെ ഇവിടെങ്ങും ആൾക്കാർ ഉണ്ടാവാറില്ല.
അടുത്തുള്ള ആളുകൾ മാത്രം വരും. സാറിനെ കണ്ടപ്പോ ഒന്ന് ചോദിച്ചെന്നേയുള്ളൂ.”
അയാൾ ചായ ഗ്ലാസുകൾക്കിടയിൽ പതപ്പിക്കുമ്പോൾ മാത്യുവിനെ കൂടുതൽ അറിയാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
മാത്യു ചായ പതുക്കെ ഊതിക്കുടിച്ചു കൊണ്ട് ചോദിച്ചു,
“ഞാൻ… ഞാൻ ഇവിടെത്തെ ഷാജിയേട്ടൻ… ഷാജിയേട്ടനെ കാണാൻ വന്നതായിരുന്നു. അങ്ങേര് ഇവിടെയില്ലേ? അറ്റൻഡർ ഷാജി…”
ചായക്കടക്കാരൻ ചായ ഗ്ലാസ് ബെഞ്ചിലേക്ക് വെച്ചു.
“ഓഹ്… ഷാജിയേട്ടനോ? ആ മൂപ്പർ ഇവിടെത്തന്നെയുണ്ട്. പക്ഷേ… ഇന്ന് അയാളുടെ കുടുംബത്തിലെ ഏതോ കല്യാണം ഉണ്ട്. കുറച്ച് ദൂരെയാ. അങ്ങേര് അതിന് പോയിരിക്കുകയാ… നാളെയേ വരുള്ളൂ എന്ന് പറഞ്ഞിരുന്നു.”
ഷാജിയേട്ടൻ അവിടെയില്ല എന്ന വാർത്ത കേട്ടപ്പോൾ മാത്യുവിന്റെ ഉള്ളിലൊരു മരവിപ്പ് പടർന്നു.
ഓർമ്മകളുടെ ഈ തീവ്രതയിൽ ഒരു പകൽ മുഴുവൻ തനിച്ച് ഇവിടെ കഴിയേണ്ടി വരുമെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി.
”എന്താ സാറേ… ഞാൻ വിളിക്കണോ? ”
കടക്കാരൻ ചോദിച്ചു.
”വേണ്ട… വിളിക്കണ്ട. ഞാൻ നേരിട്ട് കാണാൻ വന്നതാ. എന്തായാലും നാളെ കാണാം.”
മാത്യു പറഞ്ഞു.
”സാറേ… കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ?”
”ഏയ്… ഒന്നും വേണ്ട.”
മാത്യു ഒഴിഞ്ഞുമാറി.
“ഇവിടെ അടുത്ത് ഏതെങ്കിലും മുറി കിട്ടുമോ? താമസിക്കാൻ…”
കടക്കാരൻ ആശുപത്രിക്ക് അപ്പുറത്തെ വളവിലേക്ക് വിരൽ ചൂണ്ടി.
