ആ പഴയ ഗേറ്റിന് അല്പം മാറി അയാൾ വണ്ടി നിർത്തി. ഷാജിയേട്ടൻ അപ്പോഴും മാത്യുവിന്റെ മുഖത്തെ ആ നിഗൂഢ ഭാവം കണ്ട് ഭയന്നു നിൽക്കുകയായിരുന്നു.
മാത്യു തന്റെ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ പത്ത് നോട്ടുകൾ എടുത്ത് ഷാജിയേട്ടന് നേരെ നീട്ടി.
“ഇത് വച്ചോളൂ ഷാജിയേട്ടാ…”
ഷാജിയേട്ടൻ കൈകൾ പിന്നിലേക്ക് വലിച്ചു.
“അയ്യോ… വേണ്ട സാറേ.. എന്തിനാ ഇതൊക്കെ? ഞാൻ സർ വന്നപ്പോ ഒന്ന് സഹായിച്ചു എന്നല്ലേ ഉള്ളൂ. ഇതിന്റെ ആവശ്യമില്ല.”
”ഇരിക്കട്ടെ ഷാജിയേട്ടാ… ഇത് വാങ്ങി വച്ചോളൂ.”
മാത്യുവിന്റെ ശബ്ദത്തിലെ ഗാംഭീര്യം കണ്ട് ഷാജിയേട്ടന് മറുത്തു പറയാൻ കഴിഞ്ഞില്ല.
അയാൾ വിറയ്ക്കുന്ന കൈകളോടെ ആ പണം വാങ്ങി പോക്കറ്റിലിട്ടു.
”ഷാജിയേട്ടാ.. കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല. ഇവിടെ ഒരു കാര്യം അറിയാൻ വന്നതായിരുന്നു. അത് നടന്നു. എനിക്കിപ്പോൾ പോകണം. വീണ്ടും കാണാം…”
മാത്യുവിന്റെ വാക്കുകളിൽ ഒരു വിടവാങ്ങലിന്റെ ഭാരമുണ്ടായിരുന്നു.
ഷാജിയേട്ടന് ഒന്നും മനസ്സിലായില്ല. പന്ത്രണ്ട് വർഷം മുൻപ് ആ കൈവിട്ട സർജറി കഴിഞ്ഞു കണ്ട അതേ വെപ്രാളവും ഭയവും അന്ന് ആ മുഖത്ത് അയാൾ വീണ്ടും കണ്ടു.
ഷാജിയേട്ടൻ കാറിൽ നിന്നിറങ്ങി ആ റോഡരികിൽ നിന്നു. മാത്യു വണ്ടി വേഗത്തിൽ തിരിച്ച് മെയിൻ റോഡിലേക്ക് കുതിക്കുന്നത് അയാൾ നോക്കി നിന്നു.
”എന്താ ഈ മനുഷ്യന് പറ്റിയത്? എന്തിനാ ഇത്ര പരിഭ്രമിച്ചത്?”
ഷാജിയേട്ടൻ ആത്മഗതം ചെയ്തു.
അയാൾക്ക് അറിയില്ലായിരുന്നു, മാത്യു ഇപ്പോൾ പാഞ്ഞുപോകുന്നത് തന്റെ ജീവിതം തകർക്കാൻ കാത്തിരിക്കുന്ന സാമിന്റെ അടുത്തേക്കാണെന്ന്.
മാത്യു ഹൈറേഞ്ചിലെ ഓരോ വളവുകളും അതിവേഗത്തിൽ പിന്നിട്ടു.
അയാളുടെ ചെവിയിൽ അമലയുടെ അമ്മാവൻ പറഞ്ഞ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു.
“അമലയുടെ ഭർത്താവ്… പ്രണയവിവാഹം… സാം…”
”സാം… നീ എന്നോട് പ്രതികാരം ചെയ്യുകയായിരുന്നു അല്ലേ? എന്റെ ഭാര്യ നതാഷയെ നീ എനിക്കെതിരെ ആയുധമാക്കി മാറ്റി.
അമലയോടുള്ള നിന്റെ പ്രണയത്തിന് പകരം എന്റെ ജീവിതമാണ് നീ എടുത്തത്.”
മാത്യുവിന്റെ കണ്ണുകളിൽ നിന്നും ദേഷ്യം കൊണ്ട് നീരുറവകൾ പൊടിഞ്ഞു.
അയാൾ ഫോൺ എടുത്ത് നതാഷയെ വിളിക്കാൻ ഒരുങ്ങി, പക്ഷേ വേണ്ടെന്ന് വെച്ചു. നേരിട്ട് കാണണം. സാമിനെയും നതാഷയെയും ഒന്നിച്ച് നേരിടണം. വണ്ടി നഗരം ലക്ഷ്യമാക്കി പാഞ്ഞു.
പക്ഷെ അയാൾ എന്തോ ആലോചിച്ചത് പോലെ ഹൈറേഞ്ചിലെ കൊടുംവളവുകൾക്കിടയിൽ ഒരിടത്ത് വണ്ടി നിർത്തി ..പിന്നിൽ നിന്നും വന്ന ഒരു വണ്ടി ശക്തമായ ഹോൺ അടിച്ചു അയാളെ കടന്നുപോയി..
അപ്പോൾ മാത്യുവിന്റെ മനസ്സിൽ ഇപ്പോൾ അമലയേക്കാൾ വലിയൊരു ചോദ്യചിഹ്നമായി ഡോക്ടർ അൽവിഷ് നിറഞ്ഞുനിന്നു.
ഷാജിയേട്ടൻ പറഞ്ഞ കാര്യങ്ങൾ വെച്ചുനോക്കിയാൽ, താൻ അറിയുന്നതിനും മുൻപേ അൽവിഷ് ഈ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അൽവിഷിന്റെ ജീവിതത്തിലും സാം നിഴൽ വീഴ്ത്തിയിട്ടുണ്ടാകുമോ?!!
. അയാളുടെ വിരലുകൾ വിറയലോടെ ഫോണിൽ അൽവിഷിന്റെ നമ്പർ തിരഞ്ഞു.
പന്ത്രണ്ട് വർഷമായി കാര്യമായ ബന്ധമൊന്നുമില്ലെങ്കിലും ആ പഴയ നമ്പർ അപ്പോഴും കോൺടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്നു. അയാൾ വിളിച്ചു നോക്കി.
”ഈ നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്…”
മറുപുറത്തെ റെക്കോർഡ് ചെയ്ത ശബ്ദം മാത്യുവിനെ കൂടുതൽ അസ്വസ്ഥനാക്കി.
വേറെ നമ്പറുകൾ ഒന്നും അയാളുടെ കയ്യിലില്ലായിരുന്നു. താൻ തനിച്ചല്ല, തന്റെ കൂടെ അന്ന് ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന അൽവിഷും ഈ ചക്രവ്യൂഹത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന് അയാൾക്ക് ഉറപ്പായി.
അയാൾ ഉടനെ തന്റെ മെഡിക്കൽ കോളേജ് കാലത്തെ മറ്റൊരു സുഹൃത്തിനെ വിളിച്ചു.
