”ഹലോ… ഡോക്ടർ മാത്യു ആണ്. നമ്മുടെ അൽവിഷ് ഡോക്ടറുടെ വീട് എവിടെയാ വരുന്നത്? ലൊക്കേഷൻ ഒന്ന് പറഞ്ഞു തരാമോ?”
മറുപുറത്ത് നിന്ന് ആ സുഹൃത്ത് അൽവിഷിന്റെ പുതിയ വീടിനെക്കുറിച്ചും ലൊക്കേഷനെക്കുറിച്ചും വിശദമായി പറഞ്ഞു കൊടുത്തു.
“ആ ഹൈവേ സൈഡിൽ തന്നെയാണോ? ഓക്കേ… ഓക്കേ… താങ്ക്സ് കേട്ടോ.”
ഫോൺ കട്ട് ചെയ്തതും മാത്യു വണ്ടി സ്റ്റാർട്ട് ചെയ്തു.
നഗരത്തിലേക്കുള്ള മടക്കയാത്രയിൽ അയാൾക്ക് ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ…
അൽവിഷിനെ കാണുക.
അൽവിഷ് അമലയുടെ അമ്മാവനിൽ നിന്ന് കേട്ട ആ സത്യം എന്താണ്?
ഷാജിയേട്ടനോട് പറയാതെ അൽവിഷ് എന്തിനാണ് അവിടെ നിന്നും ഓടിപ്പോന്നത്?!!
അയാൾ ഓർത്തെടുക്കുകയായിരുന്നു..
വണ്ടി ഹൈവേയിലൂടെ പാഞ്ഞു.
മാത്യുവിന്റെ കണ്ണുകളിൽ പ്രതികാരവും ഭയവും മാറിമാറി തെളിഞ്ഞു.
സാമിന്റെ ഓരോ ചലനവും തന്റെ ജീവിതത്തെ തകർക്കുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പക്ഷേ അൽവിഷ് ഇതിൽ എവിടെ നിൽക്കുന്നു? അൽവിഷിനെ സാം എന്ത് ചെയ്തു കാണും?!!
മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷം മാത്യു ആ ലൊക്കേഷനിൽ എത്തിച്ചേർന്നു.
ഹൈവേയ്ക്ക് അരികിൽ തന്നെയുള്ള പ്രൗഢമായ ഒരു വീട്.
മാത്യു വണ്ടി നിർത്തി പതുക്കെ ആ വീടിന്റെ ഗേറ്റിലേക്ക് നടന്നു.
പക്ഷേ ആ വീടിന്റെ പരിസരം കണ്ടപ്പോൾ മാത്യുവിന് എന്തോ ഒരു പന്തികേട് തോന്നി.
ഗേറ്റ് പകുതി തുറന്നു കിടക്കുന്നു, ഉമ്മറത്തെ ലൈറ്റുകൾ തെളിച്ചിട്ടില്ല.
ആ ആഡംബര വീട് കണ്ടാൽ മാസങ്ങളായി അവിടെ ആരും താമസിച്ചിട്ടില്ലെന്ന് തോന്നും.
മുറ്റത്തെ മാവിൽ നിന്നും വീണ ഇലകൾ ചീഞ്ഞളിഞ്ഞ് ഒരു കുന്നുകൂടി കിടക്കുന്നു.
കാറ്റിൽ അവ പറന്നു നടക്കുന്നുണ്ടായിരുന്നു.
മാത്യുവിന്റെ കണ്ണുകൾ പോർച്ചിലേക്ക് നീങ്ങി.
അവിടെ ഒരു ആഡംബര കാർ കിടപ്പുണ്ട്. പക്ഷേ, അതിന്റെ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു.
മാസങ്ങളായുള്ള പൊടിപടലങ്ങൾ ആ കാറിനെ മൂടിയിരിക്കുന്നു.
അതിനപ്പുറത്തായി ഇരുന്ന ഒരു ബൈക്കിന്റെ സീറ്റിലും ടാങ്കിലും പക്ഷികൾ കാഷ്ഠിച്ച് വൃത്തികേടാക്കിയിരിക്കുന്നു.
ഒരു ഡോക്ടറുടെ വീട് ഇത്രയും അശ്രദ്ധമായി കിടക്കണമെങ്കിൽ എന്തോ വലിയ അപകടം സംഭവിച്ചിട്ടുണ്ടെന്ന് മാത്യുവിന് ഉറപ്പായി.
മാത്യു വാതിലിൽ ശക്തിയായി മുട്ടിക്കൊണ്ടിരുന്നു. ഉള്ളിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടാവാത്തതിനാൽ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ്,
ഭാരമേറിയ ആ മരവാതിൽ പതുക്കെ തുറന്നത്.
വാതിൽ തുറന്നതും പുറത്തേക്ക് തള്ളിവന്നത് മദ്യത്തിന്റെ രൂക്ഷമായ ഗന്ധമായിരുന്നു.
മാത്യു ഒന്ന് മൂക്കുപൊത്തി.
വാതിലിന്റെ മറവിൽ നിന്നും പുറത്തേക്ക് വന്ന രൂപത്തെ കണ്ട് മാത്യുവിന്റെ കണ്ണുകൾ തള്ളിപ്പോയി.
അത് അൽവിഷ് തന്നെയായിരുന്നു. പക്ഷേ, താൻ അറിഞ്ഞിരുന്ന ആ സുമുഖനായ, പ്രസന്നനായ അൽവിഷ് ഡോക്ടറല്ലായിരുന്നു അത്.
മദ്യപിച്ച് ചുവന്ന കണ്ണുകൾ…
മുഖം മുഴുവൻ നരച്ചുതുടങ്ങിയ കുറ്റിത്താടി…
വസ്ത്രങ്ങൾ ആകെ അലങ്കോലമായിരിക്കുന്നു.
അയാൾക്ക് നേരെ നിൽക്കാൻ പോലും പ്രയാസമുണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷം തന്റെ പഴയ സുഹൃത്തിനെ ഈ അവസ്ഥയിൽ കാണേണ്ടി വരുമെന്ന് മാത്യു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
“ആൽവിഷ്!!!”
”മാത്യു… നീയാണോ?”
അൽവിഷിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
മാത്യു അയാളെ അടിമുടി നോക്കി നിന്നു.
“അൽവിഷ്… നിനക്കിതെന്താ പറ്റിയത്? നിന്റെ വീടും കാറും… എല്ലാം ഇങ്ങനെ…”
അതൊന്നും അയാൾ കേട്ടമട്ടില്ല..
മാത്യു.. താൻ എന്താ.. വന്നത്..? വാ.. അകത്തേക്ക് വാ..”
