സുതാര്യമായ തടവറ – 8 33അടിപൊളി 

 

അൽവിഷ് ഒരു വിധത്തിൽ വാക്കുകൾ ഒപ്പിച്ചു പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.

 

ആ നടത്തത്തിൽ ഒരു ഡോക്ടറുടെ നിശ്ചയദാർഢ്യമല്ല, മദ്യത്തിന്റെ ലഹരിയിൽ ആടിയുലയുന്ന ഒരു മനുഷ്യന്റെ തളർച്ചയായിരുന്നു ഉണ്ടായിരുന്നത്.

 

 

​മാത്യു അമ്പരപ്പോടെ അകത്തേക്ക് കയറി.

 

“അൽവിഷ്.. എന്താ.. ഇത്.. എന്താ ഇങ്ങനെ.. ഇതെന്ത് കോലം..?” മാത്യുവിന്റെ ശബ്ദത്തിൽ വേദനയും അതിലേറെ അവിശ്വാസവും നിറഞ്ഞു നിന്നു.

 

 

​അൽവിഷ് ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരുതരം നിസ്സംഗതയായിരുന്നു.

 

“താൻ ഇരിക്ക്.. എന്താ വന്നത്..? ഒന്ന് ഒഴിക്കട്ടെ തനിക്ക്..?”

 

അയാൾ കൈകൊണ്ട് അരികിലെ സോഫയിലേക്ക് ചൂണ്ടി.

 

 

​മാത്യുവിന്റെ കണ്ണുകൾ ആ ലിവിങ് റൂമിലെ ഷെൽഫിലേക്ക് നീങ്ങി.

 

അവിടെ പുസ്തകങ്ങൾക്ക് പകരം നിരനിരയായി ഇരിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മദ്യക്കുപ്പികളാണ്.

 

വിദേശ ബ്രാൻഡുകളുടെ ഒരു വലിയ ശേഖരം തന്നെ അവിടെയുണ്ട്.

 

പകുതി കാലിയായ കുപ്പികളും ഗ്ലാസുകളും ടീപ്പോയിയിൽ ചിതറിക്കിടക്കുന്നു.

 

ആ ആഡംബര വീട് ഇപ്പോൾ ഒരു വലിയ ബാർ ആയി മാറിയിരിക്കുന്നു. മാത്യു അത് കണ്ട് അന്തം വിട്ടു നിന്നു.

 

 

​”എന്താ അൽവിഷ്.. താൻ ഇത് എന്തിനാ ഇങ്ങനെ കുടിക്കുന്നത്..?”

 

മാത്യു അയാളുടെ അരികിലേക്ക് നീങ്ങി ചോദിച്ചു.

 

“നമ്മളൊക്കെ പണ്ട് വല്ലപ്പോഴും ഒരു സന്തോഷത്തിന് കുടിച്ചിരുന്നവരല്ലേ.. ഇതിപ്പോ നിന്റെ ജീവിതം തന്നെ ഇതിലായോ..?”

 

 

​അൽവിഷ് ഒരു വലിയ ഗ്ലാസിലേക്ക് മദ്യം പകർന്നു കൊണ്ട് തലയുയർത്തി.

 

“സന്തോഷത്തിനോ..? അല്ല മാത്യു.. ഇത് സന്തോഷത്തിനല്ല.. മറക്കാൻ വേണ്ടിയാ.. ഉറങ്ങാൻ വേണ്ടിയാ..”

 

അയാൾ ഒരു വലിയ കവിൾ കുടിച്ചു കൊണ്ട് സോഫയിലേക്ക് ചാരി ഇരുന്നു.

 

 

​”എന്ത് മറക്കാൻ..?”

 

മാത്യു വിടാതെ ചോദിച്ചു.

​അൽവിഷ് മാത്യുവിനെ ഒന്ന് സൂക്ഷിച്ചു നോക്കി.

 

“താൻ എന്തിനാ ഇപ്പോ എന്നെ തിരഞ്ഞു വന്നത് മാത്യു..? ”

 

അയാൾ വീണ്ടും ഒരു വലിയ കവിൾ കുടിച്ചു കൊണ്ട് സോഫയിലേക്ക് ചാരി.

 

​”എന്താടോ.. താൻ ഒന്ന് തെളിച്ചു പറയ്.. എന്താ സംഭവിച്ചത്…?”

 

 

​മാത്യു അൽവിഷിനോട് ചോദിച്ചുകൊണ്ടേ ഇരുന്നു.

 

അയാളുടെ ഉള്ളിലെ വെപ്രാളം വാക്കുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു.

 

പക്ഷെ അൽവിഷിനു ഉത്തരം ഇല്ലായിരുന്നു.

 

അയാൾ ആ വലിയ മദ്യഗ്ലാസിലെ ദ്രാവകത്തിലേക്ക് നോക്കി ശൂന്യമായ കണ്ണുകളോടെ ഇരുന്നു.

 

 

​”അൽവിഷ്.. താൻ എന്തിനാ ആ ഹൈ റേഞ്ച് ഹോസ്പിറ്റലിൽ പോയത്..? താൻ അമലയുടെ കേസ് നോക്കിയില്ലേ..? അവളുടെ വീട്ടിൽ പോയില്ലേ…?”

 

 

മാത്യുവിന്റെ ​ആ ചോദ്യം കേട്ടതും അൽവിഷ് ഒന്ന് ഞെട്ടി.

 

അയാളുടെ ഉള്ളിലെ ഏതോ രഹസ്യത്തിൽ മാത്യു തൊട്ടതുപോലെ.

 

പക്ഷെ ഉടനെ തന്നെ ആ ഞെട്ടൽ മറച്ചുപിടിച്ചുകൊണ്ട് അയാൾ കൈയിലിരുന്ന ഗ്ലാസ് ഒറ്റയടിക്ക് വായിലേക്ക് മോന്തി.

 

എന്നിട്ട് പതർച്ചയോടെ പറഞ്ഞു:

 

“എന്ത്.. ഏത് അമല…? എനിക്കറിയില്ല…”

 

 

​”അൽവിഷ്.. പ്ലീസ്.. എനിക്കറിയാം.. നീ കള്ളം പറയരുത്…ഒന്ന് തെളിച്ചുപറയ്.. എന്താ സംഭവിച്ചത്..?”

 

മാത്യു അയാളുടെ തോളിൽ പിടിച്ചുലച്ചു.

 

 

​”ഓഹ്.. അതോ.. പണ്ട് നമ്മൾക്ക് കൈപ്പിഴ കൊണ്ട് ജീവൻ പോയ ആ പെണ്ണ്.. അവളുടെ വീട്ടിൽ ഒന്ന് പോകണോന്ന് തോന്നി.. ഒരു പാപമോചനം പോലെ..”

 

അൽവിഷ് ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചു.

 

 

​പക്ഷെ മാത്യുവിന് അയാളുടെ ഉത്തരം ഒട്ടും ബോധിച്ചില്ല.

 

അൽവിഷിന്റെ കണ്ണുകളിലെ ഭയം മറ്റൊരു സത്യമാണ് വിളിച്ചുപറയുന്നത്.

 

മാത്യു തന്റെ ഫോൺ പുറത്തെടുത്തു. എന്നിട്ട് സാമിന്റെ ഫോട്ടോ സ്ക്രീനിൽ തെളിച്ചു അൽവിഷിനു നേരെ നീട്ടി.

 

 

​ഫോട്ടോ കണ്ടതും അൽവിഷ് ആകെ തകർന്നുപോയി. അയാളുടെ കയ്യിലിരുന്ന ഗ്ലാസ് താഴെ വീഴാൻ പോയി.

Leave a Reply

Your email address will not be published. Required fields are marked *