പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടും ആ കെട്ടിടത്തിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.
അതേ പഴയ മോസൈക് ഫ്ലോർ, നടക്കുമ്പോൾ ശബ്ദം കേൾക്കുന്ന ആ കോണിപ്പടിയിലെ ഇരുമ്പ് കൈവരികൾ…
എല്ലാം പഴയതുപോലെ.
അമലയുടെ അവസാന നിലവിളി ഇപ്പോഴും ആ ഭിത്തികളിൽ തങ്ങിനിൽക്കുന്നത് പോലെ മാത്യുവിന് തോന്നി.
അതേസമയം സർജറി റൂമിന് പുറത്ത് വെപ്രാളത്തോടെ ചുറ്റിത്തിരിയുന്ന ആഡംബര വേഷധാരിയായ മാത്യുവിനെ അവിടെയുണ്ടായിരുന്ന ഒരു നേഴ്സ് ശ്രദ്ധിച്ചു.
അയാളുടെ നിൽപ്പ് കണ്ടാൽ എന്തോ അപരാധം ചെയ്ത ഒരാളെപ്പോലെയുണ്ട്.
”ആരാ… എന്ത് വേണം?”
അവളുടെ ചോദ്യം ഒരു വെടിയുണ്ട പോലെ മാത്യുവിന്റെ ഏകാഗ്രത തകർത്തു.
മാത്യു ഒന്ന് പതറി. തൊണ്ടയിടറി.
“ഞാൻ… ഡോക്ടർ മാത്യു. ഇവിടെ പണ്ട് വർക്ക് ചെയ്തിരുന്നു.”
അയാൾ പഴയ തിരിച്ചറിയൽ കാർഡില്ലാത്ത ഡോക്ടറായി സ്വയം പരിചയപ്പെടുത്തി.
അയാൾ ഒരു വലിയ ഡോക്ടറാണെന്ന് അയാളുടെ വേഷവും പ്രൗഢിയും കണ്ടപ്പോൾ ആ നേഴ്സിന് മനസ്സിലായി.
അവൾ ഒന്ന് താഴ്ന്നു വണങ്ങിയെങ്കിലും ഗൗരവം വിട്ടില്ല.
“ഡോക്ടർ… കണ്ടതിൽ സന്തോഷം. പക്ഷേ ഇവിടെ സർജറികൾ നടക്കുന്ന സ്ഥലമല്ലേ. ഇവിടെ ഇങ്ങനെ നിൽക്കാൻ പാടില്ല. പ്ലീസ്, ഒന്ന് മാറണം.”
ആ നേഴ്സിന്റെ വാക്കുകൾ കേട്ട് ഒരു കുറ്റവാളിയെപ്പോലെ മാത്യു പതുക്കെ ആ ഇടനാഴിയിൽ നിന്നും പുറത്തേക്ക് നടന്നു.
പണ്ട് തന്റെ അധികാര പരിധിയിലായിരുന്ന അതേ ഇടനാഴികൾ ഇന്ന് തനിക്ക് അന്യമായിരിക്കുന്നത് അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഹോസ്പിറ്റൽ മുറ്റത്തെ ആ പഴയ മരത്തണലിൽ അയാൾ കുറച്ചുനേരം നിന്നു.
സൂര്യൻ മലനിരകൾക്ക് പിന്നിലേക്ക് മറയാൻ തുടങ്ങിയിരിക്കുന്നു.
ആകാശത്ത് ചുവപ്പും കറുപ്പും കലർന്ന ചായം പടരുന്നത് കണ്ടപ്പോൾ അമലയുടെ രക്തം പുരണ്ട ആ സർജറി ടേബിളാണ് അയാൾക്ക് ഓർമ്മ വന്നത്.
ഹൈറേഞ്ചിലെ തണുത്ത കാറ്റ് വീശിയപ്പോൾ അയാൾ തന്റെ കോട്ടിന്റെ ബട്ടണുകൾ മുറുക്കി ഇട്ടു. പക്ഷേ, ഉള്ളിലെ വിറയൽ മാറ്റാൻ ആ കോട്ടിന് കഴിയുമായിരുന്നില്ല.
അയാൾ പതുക്കെ തന്റെ കാറിനടുത്തേക്ക് നടന്നു. കാറിൽ കയറി ഇരുന്നിട്ടും അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തില്ല.
സ്റ്റിയറിംഗിൽ തല ചായ്ച്ച് അയാൾ കുറച്ചുനേരം അങ്ങനെ ഇരുന്നു.
ഷാജിയേട്ടൻ നാളെ വരുമ്പോൾ താൻ എന്ത് പറഞ്ഞ് തുടങ്ങണം?!
അയാൾ ആലോചിക്കുകയായിരുന്നു..
തിരികെ ലോഡ്ജിലേക്കുള്ള യാത്രയിൽ അയാൾ കണ്ട കാഴ്ചകളെല്ലാം ഒരു സിനിമയിലെന്നപോലെ പിന്നിലേക്ക് മറഞ്ഞു.
തന്റെ ആഡംബര ജീവിതവും പ്രശസ്തിയും എല്ലാം ഈ മലമുകളിലെ ഒരു പഴയ കെട്ടിടത്തിന് മുന്നിൽ അർത്ഥശൂന്യമാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
അതേസമയം ലില്ലി ആ വലിയ ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു.
പുറത്ത് നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.
മാത്യുവിന്റെ ഫോൺ സംഭാഷണത്തിലെ ആ തളർച്ച അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
അവൾ ടിവി ഓൺ ചെയ്തെങ്കിലും അതിലൊന്നും അവളുടെ ശ്രദ്ധ പതിഞ്ഞില്ല.
ആ വലിയ വീടിന്റെ നിശബ്ദതയിൽ ഓരോ ചെറിയ ശബ്ദവും അവളെ ഞെട്ടിച്ചു.
ജനാലയ്ക്ക് പുറത്തെ മരങ്ങൾ കാറ്റിൽ ആടുന്നത് കണ്ടപ്പോൾ ആരോ തന്നെ നോക്കി നിൽക്കുന്നത് പോലെ അവൾക്ക് തോന്നി.
അവൾ വേഗം എഴുന്നേറ്റ് കിച്ചണിലേക്ക് പോയി ഒരു ഗ്ലാസ് വെള്ളം കുടിച്ചു. മാത്യുവും നതാഷയും ഇല്ലാത്ത ആ വീട് ഒരു വലിയ കൊട്ടാരത്തേക്കാൾ ഒരു വലിയ സുതാര്യമായ തടവറ പോലെയാണ് അവൾക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്.
അതേസമയം സാമിന്റെ വീട്ടിൽ നതാഷ ബെഡിൽ ലാപ്ടോപ്പും തുറന്നിരുന്ന് ഗൂഗിൾ മാപ്പിൽ ഏതോ സ്ഥലങ്ങൾ തിരയുകയായിരുന്നു.
സാം അരികിൽ ഇരുന്ന് അവളുടെ ആവേശത്തോടെയുള്ള നീക്കങ്ങൾ ശ്രദ്ധിച്ചു.അവളുടെ കൈ സാമിന്റെ മുടിയിഴകളിലൂടെ ഓടിക്കൊണ്ടിരിക്കുന്നുണ്ട്..ഇന്ന് കണ്ട കടമുറികളൊന്നും അവളുടെ മനസ്സിനെ തൃപ്തിപ്പെടുത്തിയിരുന്നില്ല.
