അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 4 11

 

അങ്ങനെ രണ്ട് വർഷത്തോളം ഞാൻ അവിടെ കഴിഞ്ഞു. ഇപ്പോൾ രാമേട്ടനും എനിക്ക് എന്റെ സ്വന്തം ചേട്ടനെപോലെയോ അമ്മാവനെ പോലെയോ ഒക്കെ ആണ്.. ചിലരൊക്കെ

കളിയാക്കുമ്പോലെ പറയും ഞങ്ങൾ

അമ്മാവനും മരുമകനും ആണെന്ന്..

 

അപ്പോൾ രാമേട്ടൻ പറയും.. “അതേ എന്റെ മരുമകൻ ആണെന്ന്. അതിന് നിങ്ങൾക്കെന്താ.”.’ ഇപ്പോൾ എനിക്ക് ഒരുപാട് ബന്ധുക്കൾ ആയി.. അമ്മയെപോലെയോ ചേച്ചിയെ പോലെയോ ആണ് ആനി ചേച്ചി , മൂത്ത ഏട്ടനെ പോലെ അച്ചായൻ.. അടുത്ത സുഹൃത്തിനെ പോലെ.. അല്ലെങ്കിൽ ഇരട്ട പെറ്റ സഹോദരനെ പോലെ ഹരി ഏട്ടൻ.. അതുപോലെ ബെസ്റ്റ് ഫ്രണ്ട് അല്ലെങ്കിൽ സഹോദരിയായി ശാലു.. മക്കളെ പോലെ അന്നമോളും, നിത്യമോളും കുഞ്ഞൂസും, അമ്മാവനെ പോലെ അല്ലെങ്കിൽ മറ്റൊരു ഏട്ടനെപ്പോലെ രാമേട്ടൻ , ചേട്ടത്തിയമ്മയായി സുശീലേച്ചി.. സ്വന്തം അനിയനെ പോലെ അപ്പു.. അങ്ങനെ വലിയൊരു കുടുംബം.

 

അങ്ങനെ ഒരു ശനിയാഴ്ച രാത്രിയിൽ എന്തോ സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു.. ശരിക്കും ഞാൻ പേടിച്ചു പോയി. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. വെറുതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പുലർച്ചെ രാവിലെ വരെ..

 

എന്റെ നാടിനെ കുറിച്ചുള്ള എന്തോ സ്വപ്നം ആണോ?? അതോ മറ്റെന്തെങ്കിലുമൊ? അറിയില്ല

ഒരുപാട് വർഷം ആയി നാട്ടിലേക്ക് പോയിട്ട്.. ഇന്നലെ രാത്രിയിൽ രാമേട്ടൻ നാടിനെ കുറച്ചു കുറേ സമയം സംസാരിച്ചു.. അതായിരിക്കാം അങ്ങനെ ഒരു സ്വപ്നം കാണാൻ കാരണം. രാവിലെ നേരത്തെ എഴുനേറ്റ് ഫ്രഷ് ആയി ഇറങ്ങി നടന്നു.. ലക്ഷ്യം ഇല്ലാതെ നടന്നു. കുറെ നടന്നപ്പോൾ ബീച്ചുവഴി പോകുന്ന ബസ്സ് കണ്ട് അതിൽ കയറി ഇരുന്നു. ബീച്ചിൽ ഇറങ്ങി ബീച്ചിന്റെ കരയിൽ ഉള്ള റെസ്റ്റോറന്റ് കണ്ട് അവിടെ കയറി ചായ കുടിച്ചു. പിന്നെ ബീച്ചിൽ കൂടെ നടന്നു.. പിന്നെ അവിടെ തണൽ ഉള്ള സ്ഥലത്ത് ഇരുന്നു.. കുറെ കുട്ടികൾ അവിടെ നിന്നും ബോളിബോൾ കളിക്കുന്നുണ്ട്. മറ്റൊരു സ്ഥലത്തു ഒരു ചെറിയ ഫാമിലിയും ഉണ്ട് . ഭാര്യയും ഭർത്താവും രണ്ടു ചെറിയ കുട്ടികളും.. ആ കുട്ടികൾ കളിക്കുന്നത് നോക്കിയിരുന്നു..

 

“”എന്താണ് മോനെ രാവിലെ തന്നെ ഇവിടെ വായ നോക്കാൻ വന്നതാണോ?.” ചോദ്യം കേട്ട് ഞാൻ നോക്കി .. അത് ഹരിയേട്ടൻ ആയിരുന്നു..

 

“ഞാൻ വായ മാത്രമേ നോക്കുന്നുള്ളൂ . വേറെ ചില കോഴികൾ അത് മാത്രം അല്ലല്ലോ നോക്കുക. ” ഞാൻ പറഞ്ഞു..

 

ഹരിയേട്ടൻ ചിരിച്ചു.. എന്നിട്ട് ചോദിച്ചു.

 

“നീ എന്താ രാവിലെ ഇവിടെ? ”

 

“ഏയ്‌! ഒന്നും ഇല്ല.. ഞാൻ നാടുവരെ ഒന്ന് പോയി വന്നാലോ എന്നാലോചിക്കുകയാ?. ”

 

“അതിനെന്താ പോയി വാ.. സമയം ഉണ്ടെങ്കിൽ എന്റെ വീട്ടിലും ഒന്ന് പോയിക്കോ. ഞാൻ വിളിച്ചു പറയാം… ”

 

“ഞാൻ പോയി ചേച്ചിയേയും അച്ചായനേയും കാണട്ടെ.. എന്നിട്ട് പറ്റുമെങ്കിൽ ഇന്ന് തന്നെ പോകണം.. ”

 

“നീ ബൈക്ക് എടുത്തില്ലേ?

എന്റെ ബൈക്ക് അവിടെ ഉണ്ട് അത് എടുത്തിട്ട് പോയിക്കോ.”

 

“വേണ്ട ഹരിയേട്ടാ.. ഞാൻ അച്ചായനേയും ചേച്ചിയേയും മോളേയും കണ്ടു നേരെ പോകും. ”

 

“എന്നാൽ വാ നിന്നെ ഞാൻ സാറിന്റെ വീട്ടിൽ കൊണ്ടുവിടാം..അല്ല!!! നിനക്കെന്താ പെട്ടന്ന് നാട്ടിൽ പോകാൻ ഒരു ആഗ്രഹം?.”

 

“ഒന്നുമില്ല.. കുറേ ആയില്ലേ പോയിട്ട് അതാ… ”

 

“എത്ര ദിവസം ആണ് പരിപാടി… ഇനി അവിടെ തന്നെ കൂടുമോ? ”

 

“അങ്ങനെ കൂടാൻ കഴിയുമോ?.. എന്റെ കുടുംബം മുഴുവനും ഇവിടെ അല്ലേ ? ”

 

“എന്നിട്ടാണ് നീ ഒന്ന് വീട്ടിലേക്ക് പോലും വരാത്തത്… മക്കൾ എപ്പോഴും ചോദിക്കും.. അങ്കിൾ വരുമോ എന്ന്?.. എന്നിട്ട് ഇപ്പോൾ ഒരു കുടുംബം.”

 

“ഹരിയേട്ടൻ എന്നാൽ ബൈക്ക് അതുവഴിയെടുക്ക് … ശരിയാ മക്കളെ കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ? ”

 

“അങ്ങനെ ഇപ്പോൾ ഞാൻ പറഞ്ഞിട്ട് വേണ്ട. നീ അങ്ങോട്ട് വരാൻ… നിനക്ക് വരണം എന്നുണ്ടെങ്കിൽ വന്നാൽ മതി… ഇനി നിനക്ക് ഞങ്ങൾ ആരും അല്ല എന്ന് തോന്നുന്നുണ്ടോ ? ”

 

“അങ്ങനെ ഞാൻ പറഞ്ഞോ ഹരിയേട്ടാ? … അവിടെ വന്നാൽ എന്നെ പിടിച്ചു പെണ്ണ് കാണാൻ കൊണ്ട് പോകില്ല എന്നാരു കണ്ടു. അതാ ഞാൻ അങ്ങോട്ട്‌ വരാൻ മടിക്കുന്നത്.” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *