ഞാൻ കെട്ടിപ്പൊക്കിയ നുണകൾ അപ്പാടെ തകർന്നടിയും.
രേവതിയെ എനിയ്ക് എന്നന്നേയ്കുമായി നഷ്ടപ്പെടും.
മറ്റെന്ത് നഷ്ടപ്പെട്ടാലും രേവതിയെ നഷ്ടപ്പെടുത്തുവാൻ ഞാൻ തയ്യാറല്ലാത്തതിനാൽ തന്നെ ഒരു പെരേടെ കാശ് അനിയൻ എന്ന പന്നക്കഴുവേറി കൊണ്ടെ തിന്നോട്ടെ എന്ന് ഞാൻ ആ നാറിയെ പ്രാകിക്കൊണ്ട് വിഷമത്തോടെ ആണെങ്കിലും തീരുമാനിച്ചു.
അല്ലാതെ തന്നെ അവൾ എന്തെന്ത് ന്യായീകരണങ്ങൾ നിരത്തിയാലും നമ്മളീ ചെയ്യുന്നത് വലിയ തെറ്റ് തന്നാണ് എന്നാണ് നാഴികയ്ക് നാൽപ്പത് വട്ടവും വിഷമത്തോടെ പറയാറ്.
അച്ചൂ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു:
“ഇനി നിന്റാഗ്രഹത്തിന് ഞാനെതിരായെന്ന് വേണ്ട. രായേഷിനാ പെര ഒന്ന് പൊളിച്ച് പണീച്ച് കൊടുത്തേയ്കാം”
അച്ചുവിൽ നിന്നും ഒരു ആശ്ചര്യശബ്ദം ഉയർന്നു. സന്തോഷം നിറഞ്ഞ ശബ്ദത്തോടെ അവൾ പറഞ്ഞു:
“എനിക്ക് സന്തോഷായണ്ണാ നമ്മടെ വീട്ടുകാർക്കൂടെ വേണ്ടിയല്ലേ നമ്മള് കഷ്ടപ്പെടുന്നേ അതിൻറെ സ്നേഹോം അനുഗ്രഹോം നമ്മടെ പിള്ളാർക്കല്ലേ കിട്ടുന്നേ.
നല്ല ഒരു വീട് തന്നെ വേണേ പ്ളാനും ഒക്കെ റെഡിയാക്കി കോൺട്രാക്ടറേം കണ്ടിട്ട് മതി അമ്മയോട് പോലും പറയാൻ. എല്ലാരുമൊന്ന് അതിശയിക്കട്ടെ.”
അശ്വതിയുടെ നിറഞ്ഞ സന്തോഷസ്വരം എന്നെ അമ്പരപ്പിച്ചു.
എന്റനിയന് പെരയൊണ്ടാക്കുന്നേന് ഇവക്കെന്താ ഇത്ര സന്തോഷം.
വെറുതേ കളയുന്ന ഈ കാശ് അവള് കഷ്ടപ്പെട്ടത് തന്നല്ലേ.
പിറ്റേന്ന് രേവതിയോട് ഇത് പറഞ്ഞപ്പോൾ അവൾക്കും അച്ചുവിലേറെ സന്തോഷം.
കാശ് ചുമ്മാ കളയുന്നത് ഈ പെൺവർഗ്ഗത്തിന് ഇത്ര സന്തോഷമുള്ള കാര്യമാണോ. ഞാൻ അതിശയിച്ച് പോയി.
പിന്നീട് കാര്യങ്ങൾ വളരെ വേഗതയിൽ ആയിരുന്നു.
രേവതിയും ഞാനും കൂടി ഇഷ്ടപ്പെട്ട ഒരു പ്ളാൻ അച്ചുവിന് അയച്ച് കൊടുത്ത് അവൾക്കും ഇഷ്ടമായപ്പോൾ നാൽപ്പത്തഞ്ച് ലക്ഷത്തിന് കരാർ ഉറപ്പിച്ചു.
എൻറെ വീടിൻറെ പണി അച്ചു അറിയാതെ രേവതിയും ഞാനും മാത്രമറിഞ്ഞ് തുടങ്ങി.
രേവതിയുടെ നിർദ്ദേശപ്രകാരം അച്ചുവാണ് വീടുപണിത് നൽകുന്ന കാര്യം അച്ചനോടും അമ്മയോടും ഒക്കെ പറയുന്നത് ഞാൻ അതിൽ ബന്ധപ്പെട്ടതേയില്ല.
ഞാൻ സമ്മതിയ്കാഞ്ഞാണ് ഇത് ഇത്ര നീണ്ടുപോയത് എന്നത് എല്ലാവർക്കും അറിയുകയും ചെയ്യാം.
നാട്ടിൽ വാടകയ്ക് കൊടുത്തിരുന്ന വീടൊരെണ്ണം വാടകക്കാരെ ഒഴിപ്പിച്ചിട്ട് അവിടെ അവർ താമസിച്ചാണ് ഞങ്ങളുടെ പുര പൊളിയ്കുന്നത്.
വാടകയ്ക് കൊടുത്തിരിക്കുന്ന എൻറെ വീട്ടിൽ തന്നെ വേണം എൻറെ വീട്ടുകാർ താമസിയ്കേണ്ടത് വീടുപണി ഞാൻ ആളെ കണ്ടെത്തി ഏൽപ്പിച്ച് പണിയുടെ മേൽനോട്ടവും ഇടയ്കിടെ ഞാൻ തന്നെ നിർവ്വഹിയ്കണം എന്നൊക്കെയുള്ള രേവതിയുടെ ഉത്തരവുകൾ അതേപടി പാലിയ്കപ്പെട്ടു.
എന്തായാലും അച്ചന്റേയും അനിയന്റേയുമൊക്കെ എന്നോടുള്ള സമീപനത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങി.
അശ്വതി അവധിയ്ക് എത്തിയപ്പോൾ നേരേ അങ്ങ് വീട്ടിലേയ്ക് വരുത്തിച്ചു.
രേവതിയ്ക് അശ്വതിയെ കാണാനും പരിചയപ്പെടാനുമുള്ള അവസരം ഞാൻ ഒഴിവാക്കി.
ഞങ്ങൾക്ക് താമസത്തിനായി പണിയുന്ന രേവതിയുടെ വീടിനോട് ചേർന്നുള്ള വീട് പണി തീരാറായിട്ടും അശ്വതി ആ കാര്യം അറിഞ്ഞില്ല.
വീട് പണി പൂർത്തിയായതും ഞാൻ അച്ചുവിനോട് വിളിച്ചപ്പോൾ കാര്യം പറഞ്ഞു:
“മോളേ ഒരു നല്ല രണ്ട് നിലവീടും 30 സെന്റ് സ്ഥലോം. വീട് പണി തീർന്നപ്പ അയക്ക് കടം കാരണം നിക്കക്കള്ളി ഇല്ലാണ്ടായി.
നല്ല ലാഭത്തിന് വന്നു. ഞാനതങ്ങ് അഡ്വാൻസ് കൊടുത്തു. പെട്ടന്നല്ലേൽ മറ്റാരേലും അത് കൊണ്ടുപോകും അതാ നിന്നോട് പറയാതെ അഡ്വാൻസ് കൊടുത്തത്”
“അണ്ണാ സത്യത്തി അണ്ണനിതെന്നാ പറ്റിയതാ.അണ്ണൻറെ സൊഭാവേ മൊത്തവങ്ങ് മാറിപ്പോയല്ലോ?
ഞാൻ വന്നപ്പഴും അത് ശ്രദ്ധിച്ചാരുന്നു.
എല്ലാർക്കും അണ്ണനോട് നല്ല താൽപ്പര്യം. പഴേപോലയേ അല്ല.
ഇത് നാലും
കഴിഞ്ഞ് അഞ്ചാമത്തെ വീടല്ലേ നമ്മള് വാങ്ങുന്നേ അതൊന്നും ഞാനറിഞ്ഞ് പോലുമില്ലാരുന്നു പിന്നെ ഇതിന് മാത്രവിതെന്നാ പറ്റി.”
“ആഹാ…. ന്നാ ഞാൻ പഴേപോലെ തന്നെ ആയേക്കാം നിനക്കതാ ഇഷ്ടോങ്കി.”
