“നിന്റെ ചെവി എന്ത് പറ്റി, ചുവന്നിരിക്കുന്നു.”
ജീന ശ്രീഹരിയെ ഒന്ന് നോക്കി. അവൻ അത് കേൾക്കാത്ത മട്ടിൽ ഇരിക്കുകയായിരുന്നു.
ജീനയുടെ നോട്ടം കണ്ട് വിദ്യ പറഞ്ഞു.
“വന്നപ്പോൾ തൊട്ട് ചേട്ടനെയും ഞാൻ ശ്രദ്ധിക്കുന്നു. ചെറിയൊരു മൗനത്തിൽ ആണല്ലോ.”
തനിക്കും കൂടി ഇടിയപ്പം എടുത്ത് ഇരുന്നു കൊണ്ട് ജീന പറഞ്ഞു.
“തന്റെ മുൻ കാമുകിയെ കണ്ട് അവളുടെ കൊച്ചിന്റെയും ഭർത്താവിന്റെയും സുഖാന്വേഷണങ്ങൾ നടത്തേണ്ടി വന്ന ഒരാളുടെ മൗനം ആണ് നീ കാണുന്നത്.”
ശ്രീഹരി പെട്ടെന്ന് ചോദിച്ചു.
“നിന്റെ മറ്റേ ചെവിയും ചുവക്കണോ?”
“അപ്പോൾ ക്ലാര ചേച്ചിയെ കണ്ടല്ലേ നിങ്ങൾ?”
രണ്ടുപേരും ഒന്നും മിണ്ടിയില്ല. ജീനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ശ്രീഹരിയുടെ മുഖത്തു ഗൗരവവും.
“ഒരു ചിരിയോടെ വിദ്യ പറഞ്ഞു.
“ഇപ്പോൾ മനസിലായി നിന്റെ ചെവി എങ്ങനെ ചുവന്നെന്ന്.”
അപ്പോഴേക്കും വാസുകി അവിടേക്ക് കടന്നു വന്നു.
ശ്രീഹരി അവരോടു ചോദിച്ചു.
“അപ്പച്ചി കഴിച്ചായിരുന്നോ?”
“അഹ്, നിങ്ങൾ കഴിച്ചോ..”
അവർ കുറച്ച് അപ്പുറത്ത് മാറിയായി ഒരു കസേരയിൽ ഇരുന്നു.
“ഏട്ടാ നമുക്ക് കല്യാണ ലെറ്റർ അടിക്കണ്ടേ?’
“അത് ഞാൻ പറയാൻ മറന്നു. ജിത്തു നിനക്കിന്ന് കുറച്ച് ലെറ്റെറിന്റെ മോഡൽ അയച്ചു തരും, നിനക്ക് ഏതാ ഇഷ്ട്ടപ്പെട്ടതെന്ന് അവനോടു പറഞ്ഞാൽ മതി.”
“അപ്പോൾ ആൽബവും വിഡിയോസും ജിത്തുവേട്ടൻ തന്നെയാണോ?”
“അവന് തന്നെ കൊടുക്കാനുള്ള ആലോചന ആണ്. അവന്റെ വർക്ക് നീ കണ്ടിട്ടുണ്ടോ?”
“കണ്ടിട്ടുണ്ട്. നല്ല വർക്ക് ആണ്.. ജിത്തുവേട്ടന് കൊടുത്താൽ മതി.”
ജീന ചോദിച്ചു.
“ഫുഡിന്റെ കാര്യം ആരെയെങ്കിലും ഏൽപ്പിച്ചോ?”
“ഫുഡും പന്തലും എല്ലാം മൊത്തത്തിൽ അച്ചുവിന് കൊടുത്തു.”
ജിത്തുവും, അച്ചുവും ശ്രീഹരിയുടെ കൂട്ടുകാർ തന്നെ ആയിരുന്നു.
ജീന പെട്ടെന്ന് പറഞ്ഞു.
“ഐസ് ക്രീം നമുക്ക് ഒരു 5 ടൈപ്പ് ഫ്ലേവർ എങ്കിലും വേണം.”
“ഈ ജന്തുവിന് ആരോ ഐസ് ക്രീമിന് കൈ വിഷം കൊടുത്തിട്ടുണ്ട്. കൊണ്ട് പോകുന്ന വഴിയിൽ ഇവിടെ ഐസ് ക്രീം കണ്ടാലും അവിടെ ചാടി ഇറങ്ങിക്കോളും.”
ജീന ചുണ്ടു കൊണ്ട് ശ്രീഹരിയെ ഗോഷ്ഠി കാണിച്ചു. വിദ്യ അത് കണ്ട് ചിരിച്ചു.
ശ്രീഹരിയുടെ പ്ലേറ്റിൽ ഇടിയപ്പം തീർന്നത് കണ്ട് ജീന ഒരു ഇടിയപ്പം കൂടി എടുത്തു അവന്റെ പാത്രത്തിലേക്ക് വച്ചു.
“ഡി.. എനിക്ക് വേണ്ട..”
ജീന അധികാര ഭാവത്തിൽ പറഞ്ഞു.
“അങ്ങോട്ട് ഇരുന്നു കഴിക്കു, കുറച്ച് ദിവസമായി എന്തെങ്കിലും കഴിച്ചെന്ന് കാണിക്കും എന്നിട്ട് കൂട്ടുകാരോടൊപ്പം ഇറങ്ങി പോകും എന്നിട്ട് ഉച്ചക്ക് കഴിക്കാൻ പോലും ഇങ്ങോട്ടു വരില്ല.”
വാസുകി അവരുടെ സംസാരമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ജീനയെ സപ്പോർട് ചെയ്തുകൊണ്ട് വിദ്യ പറഞ്ഞു.
“അത് ശരിയാ.. ഇനി കറങ്ങി നടത്തം പറ്റില്ല. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.”
“എന്ത് ഒരുപാട് കാര്യങ്ങൾ?”
“കല്യാണ ഡ്രസ്സ് ഡിസൈൻ ചെയ്യാൻ കൊടുക്കണം, ഗോൾഡ് എടുക്കണം.. എല്ലാർക്കും ഡ്രസ്സ് എടുക്കണം, കല്യാണം പറയാൻ തന്നെ ഒരുപാട് ഇടത്ത് പോകാനുണ്ട്, പിന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നുണ്ട്.”
അതെന്താ എന്ന ഭാവത്തിൽ ജീനയും ശ്രീഹരിയും അവളെ നോക്കി.
“ജീന എന്നെ പാചകം പഠിപ്പിക്കണം.. അവിടെ ചെന്ന് കയറുമ്പോൾ ഞാൻ നല്ലൊരു പാചകക്കാരി ആയിരിക്കുമെന്ന് അമ്മയോട് വെല്ലുവിളിച്ചേക്കയാണ്.”
ഒരു ചിരിയോടെ ജീന പറഞ്ഞു.
“അത് ഞാൻ ഏറ്റു.”
അപ്പോഴേക്കും അവിടേക്ക് എഴുന്നേറ്റ് വന്ന വാസുകി പറഞ്ഞു.
“ഡ്രസ്സ് എടുക്കുമ്പോൾ കുടുംബത്തിൽ എല്ലാർക്കും എടുക്കണം, അല്ലെങ്കിൽ അതൊരു പരാതി ആകും.”
അവിടെ വന്നനാൾ തൊട്ട് സ്വാതന്ത്രത്തോടെ ആ കുടുംബത്തിലെ ഒരാളെന്ന പോലെ പെരുമാറിയിരുന്നതിനാൽ ജീന വാസുകിയുടെ കാര്യം ഓർക്കാതെ പെട്ടെന്ന് പറഞ്ഞു.
“എനിക്ക് തലേ ദിവസം പാവാടയും ടോപ്പും മതി, കല്യാണത്തിന്റെ അന്ന് സാരിയും.. കളർ ഏത് വേണമെന്ന് ഇച്ചായൻ സെലക്ട് ചെയ്തോ.”
ജീന അത് പറഞ്ഞതും അത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ വാസുകി അവളെ രൂക്ഷമായി നോക്കി. അത് കണ്ട് ജീന പെട്ടെന്ന് മുഖം താഴ്ത്തി ഇരുന്നു. വിദ്യയും ശ്രീഹരിയും അത് ശ്രദ്ധിക്കുകയും ചെയ്തു.
