“ഹരി നേരിട്ട് അവരുടെ വീട്ടിൽ ചെന്ന് കല്യാണം വിളിക്കാതെ അവർ വിവാഹത്തിൽ പങ്കെടുക്കില്ല എന്നാണ് പറയുന്നെ.”
ശ്രീഹരി എടുത്തടിച്ചപോലെ പറഞ്ഞു.
“എങ്കിൽ അവർ കല്യാണത്തിന് വരണമെന്നില്ല.”
എടുത്തടിച്ചപോലെ വാസുകിയും പറഞ്ഞു.
“എങ്കിൽ എന്റെ സഹോദരങ്ങൾ ഇല്ലാതെ ഞാനും ഈ കല്യാണത്തിന് കാണില്ല.”
ശ്രീഹരി അവരെ ഒന്ന് തുറിച്ച് നോക്കിയ ശേഷം പടികൾ കയറി മുകളിലേക്ക് പോയി.
അംബികാമ്മ വിഷമത്തോടെ പറഞ്ഞു.
“നിങ്ങൾ എല്ലാപേരും ഇങ്ങനെ തുടങ്ങുവാണേൽ ഞാൻ എന്ത് ചെയ്യും.”
ജീനയും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു.
എന്നാൽ ഒരു പുഞ്ചിരിയോടെ വിദ്യ പറഞ്ഞു.
“ഏട്ടൻ അവരെ പോയി കല്യാണം വിളിക്കാൻ എന്റെ കൈയിൽ ഒരു ഐഡിയ ഉണ്ട്.. ചിലപ്പോൾ സക്‌സസ് ആകും.”
മൂന്നുപേരും വിദ്യയെ തന്നെ നോക്കി.
“ജീന പോയെന്നു സംസാരിച്ചാൽ ചിലപ്പോൾ ഏട്ടൻ സമ്മതിക്കും.”
ജീന കണ്ണ് മിഴിച്ച് ചോദിച്ചു.
“ഞാനോ?”
വിദ്യ പറഞ്ഞതിൽ ചെറിയൊരു കാര്യം ഉണ്ടെന്ന് അംബികാമ്മക്കും തോന്നി. പക്ഷെ അപ്പോഴും വിദ്യ എന്താ ഇങ്ങനെ പറഞ്ഞതെന്ന് അറിയാതെ നിൽക്കുകയായിരുന്നു വാസുകി.
ജീനയുടെ കൈയിൽ പിടിച്ച് കൊണ്ട് വിദ്യ പറഞ്ഞു.
“നീ ഏട്ടനോട് അങ്ങനെ ഒന്നും ആവിശ്യപെടാറില്ല. പക്ഷെ നീ എന്തെങ്കിലും പറയുവാണെങ്കിൽ അത് ഏട്ടൻ കേൾക്കുകയും ചെയ്യും. അതുകൊണ്ട് നീ ഒന്ന് സംസാരിച്ചാൽ ഈ പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരുമെന്ന് എനിക്ക് തോന്നുന്നു.”
ജീന അമ്മയുടെ നേരെ നോക്കി. അംബികാമ്മയും ഒരു പ്രതീക്ഷയോടെ അവളെ തന്നെ നോക്കുവായിരുന്നു.
“ഹമ്.. ഞാൻ സംസാരിച്ച് നോക്കാം.. എനിക്ക് അടി വല്ലോം കിട്ടുമോ കൊല്ലും നിന്നെ ഞാൻ.”
വിദ്യ ഒരു ചിരിയോടെ പറഞ്ഞു.
“നിനക്ക് ഏട്ടന്റെന്നു അടി കിട്ടാനോ? നടന്നപോലെ തന്നെ.. നീ പോയി സംസാരിക്കാൻ നോക്കിയേ.”
ജീന അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്ന് തണുത്ത കുപ്പിയും വെള്ളവും എടുത്ത് ശ്രീഹരിയുടെ അടുത്തേക്ക് നടന്നു.
പടികൾ കയറുമ്പോഴും ഇത് എങ്ങനെ സംസാരിക്കും എന്ന് ചിന്തിക്കുകയായിരുന്നു അവൾ.
ജീന പടികൾ കയറി മുകളിൽ പോയി കഴിഞ്ഞപ്പോൾ വിദ്യ അപ്പച്ചിയോട് പറഞ്ഞു.
“ഞങ്ങൾക്ക് എന്താണ് ജീനയോട് ഇത്രയും സ്നേഹം എന്ന് അപ്പച്ചിക്ക് അറിയണ്ടേ. എന്റെ കൂടെ വാ.”
വിദ്യ വാസുകിയെയും കൂട്ടി പടികൾ കയറി മുകളിലേക്ക് നടന്നു.
ജീന ചെല്ലുമ്പോൾ മുകളിലെ വരാന്തയുടെ തിട്ടയിൽ ഇരിക്കുകയായിരുന്നു ശ്രീഹരി. എല്ലാപേരും തന്നെ ഒറ്റപ്പെടുത്തുന്നു എന്നൊരു തോന്നലിൽ ആയിരുന്നു അവൻ അപ്പോൾ. ആരോടെന്നില്ലാതെ ദേഷ്യം അവന്റെ ഉള്ളിൽ തിളച്ച് പൊങ്ങി.
ജീന അവന്റെ അരികിലേക്ക് പോയി ഇരുന്നു.
അവൻ കടുപ്പിച്ച സ്വരത്തിൽ ചോദിച്ചു.
“എന്താ?”
അവൻ നല്ല ദേഷ്യത്തിൽ ആണെന്ന് ആ ചോദ്യത്തിൽ നിന്നു തന്നെ അവൾക്ക് മനസിലായി.
അവൾ വെള്ളവും കുപ്പിയും അവന്റെ നേരെ നീട്ടി.
“എനിക്ക് വേണ്ട..”
അവൾ എന്നിട്ടും അവന്റെ നേരെ നിന്നും മാറ്റിയില്ല. ജീനയെ ഒന്ന് തുറിച്ച് നോക്കിയ ശേഷം അവൻ വെള്ളം വാങ്ങി ഒരു കവിൾ കുടിച്ചു.
അവൾ അവനോടു അനുവാദം ചോദിക്കാതെ തന്നെ ശ്രീഹരിയുടെ തോളിലേക്ക് തല ചായ്ച്ചു ചേർന്നിരുന്നു.
ഈ സമയം വിദ്യയും വാസുകിയും അവരുടെ ഭിത്തിക്ക് പിന്നിൽ എത്തിയിരുന്നു. അവരെ കാണാൻ കഴിയില്ലെങ്കിലും ഇരുപേരും സംസാരിക്കുന്നത് അവർക്ക് കേൾക്കാം.
അവന്റെ തോളിൽ തലചേർത്ത് വച്ചിരുന്നു എന്ത് പറയാണെമെന്ന് ആലോചിക്കുകയായിരുന്നു ജീന.
സത്യത്തിൽ അവളുടെ സാമീപ്യത്തിൽ അവന്റെ ദേഷ്യം പതിയെ കുറഞ്ഞു തുടങ്ങിയിരുന്നു. ജീനയുടെ സാമിപ്യം തനിക്ക് വല്ലാത്തൊരു ശക്തിയും സമാധാനവും പകരുന്നുണ്ടെന്ന് ഈ ഇടയായി അവൻ മനസിലാക്കി തുടങ്ങിയിരുന്നു. അവളുടെ വെളുത്ത് സുന്ദരമായ പുഞ്ചിരി തൂകി കൊണ്ടിരിക്കുന്ന മുഖം കാണുമ്പോൾ തന്നെ മനസിനുള്ളിൽ ഒരു സന്തോഷമാണ്.
അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവൻ ചോദിച്ചു.
“എന്താ നിനക്ക് എന്നോട് പറയാനുള്ളത്?”
അവൾ അദ്‌ഭുതത്തോടെ തോളിൽ നിന്നും തല ഉയർത്തി അവന്റെ മുഖത്ത് നോക്കി.
