ജീന അത് കേട്ടു പുഞ്ചിരിച്ചു. അവൾ അടുക്കള മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട് അടുക്കള. പിന്നെ അടുക്കള സഹായത്തിനായി നിർത്തിയിരിക്കുന്ന വേലക്കാരി എന്തോ ചെയ്യുന്നുണ്ട്.
“മോള് പോയി വിദ്യയെ വിളിച്ചുണർത്ത്.. 9 മണിക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് കയറേണ്ട പെണ്ണാണ്.. എന്നിട്ടും പോത്തുപോലെ കിടന്നുറങ്ങായാണ്. ചെന്ന് കയറുന്ന വീട്ടിൽ ഇനി എന്തൊക്കെ കാണിക്കുമോ എന്തോ?”
അപ്പോഴാണ് അവരുടെ സംസാരവും കേട്ടുകൊണ്ട് വിദ്യ അവിടേക്ക് വന്നത്. ഉറക്കച്ചടവിൽ അവളുടെ മുടിയൊക്കെ വാരി പിരുന്നു കിടക്കുകയായിരുന്നു.
“എന്നെ ഇങ്ങനെ കുറ്റമൊന്നും പറയണ്ട.. ഞാൻ എഴുന്നേറ്റു.”
‘അമ്മ ചിരിച്ച് അവളെ കളിയാക്കികൊണ്ടു പറഞ്ഞു.
“എങ്ങനെ കുറ്റം പറയാതിരിക്കും. അവിടെ ചെന്നിട്ട് അവനൊരു ചായ ഇട്ടു കൊടുക്കാൻ നിനക്കറിയാമോ?”
അവൾ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
”അമ്മ നോക്കിക്കോ.. ഞാൻ പാചകം പഠിച്ചിട്ടേ അവിടെ ചെന്ന് കയറുള്ളു. ജീന എനിക്ക് പഠിപ്പിച്ച് തരും.”
“ഓഹ്.. കണ്ടാൽ മതി.”
‘അമ്മ ഒരു ഗ്ലാസിൽ കോഫി ഒഴിച്ച് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
“മോളിത് ഹരിക്ക് കൊണ്ട് പോയി കൊടുക്ക്.”
“അയ്യോ.. ഇച്ചായൻ ഇപ്പോൾ കോഫി കുടിക്കാറില്ല. കട്ടൻ ചായയാണ് രാവിലെ കുടിക്കുന്നെ.”
‘അമ്മ ചെറിയൊരു അതിശയത്തോടെ പറഞ്ഞു.
“അവന്റെ ശീലങ്ങളൊക്കെ മാറിയോ?”
“അത്.. ഇടയ്ക്ക് ഇച്ചായന് പനി ആയപ്പോൾ ഞാൻ കുറച്ച് ദിവസം കട്ടൻ ഇട്ടു കൊടുത്തതാണ്.. പിന്നെ ഇച്ചായൻ അതങ്ങ് പതിവാക്കി.”
‘അമ്മ നിരാശയോടെ പറഞ്ഞു.
“ഞാൻ അറിഞ്ഞോ അവന്റെ ശീലങ്ങൾ മാറിയെന്ന്.”
“കുഴപ്പമില്ല.. ‘അമ്മ മാറിക്കോ.. ഞാൻ ഇട്ടുകൊള്ളാം”
അംബികാമ്മ ജീനക്കായി അവിടന്ന് മാറി നിന്ന് കൊടുത്തു.
വിദ്യ പെട്ടെന്ന് പറഞ്ഞു.
“അപ്പോൾ എനിക്കും കട്ടൻ.. ജീനയുടെ കട്ടൻചായ എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ.”
ജീന ചിരിച്ച് കൊണ്ട് അവൾക്കും കൂടി ഉള്ള വെള്ളം പാത്രത്തിലാക്കി അടുപ്പിലേക്ക് വച്ചു.
“അമ്മാ.. ഏലക്ക ഇരിപ്പുണ്ടോ?”
പച്ചക്കറി അറിഞ്ഞു കൊണ്ടിരുന്ന ‘അമ്മ പറഞ്ഞു.
“അവിടെ കുപ്പിയിലിരുപ്പുണ്ട് മോളെ.. വിദ്യയെ അതങ്ങു എടുത്തു കൊടുക്ക്.”
വിദ്യ എടുത്തു കൊടുത്ത കുപ്പിയിൽ നിന്നും രണ്ടു ഏലക്ക എടുത്തു തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടുകൊണ്ട് ജീന അവളോട് പറഞ്ഞു.
“ഏലക്ക ഇട്ടാൽ നല്ല മണവും ചെറിയൊരു ടേസ്റ്റ് വ്യത്യാസവും ഉണ്ടാകും.”
കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർത്തുമ്പോഴാണ് ‘അമ്മ വേലക്കാരിയോട് പറയുന്നത് ജീന കേട്ടത്.
“ഉള്ളി തൊലിക്കണം.. ഇന്ന് ചിക്കൻ കറി വയ്ക്കുന്നുണ്ട്.”
അത് കേട്ട ജീന പറഞ്ഞു.
“ചിക്കൻ ചെറുതായി ഫ്രൈ ചെയ്തിട്ട് കറി വയ്ക്കാൻ അമ്മെ.. അതാ ഇച്ചായന് ഇഷ്ട്ടം..”
എന്തോ ഒന്ന് ആലോചിച്ച ശേഷം അവൾ പറഞ്ഞു.
“അല്ലെങ്കിൽ ചിക്കൻ കറി ഞാൻ തന്നെ വയ്ക്കാം.”
വിദ്യയും അമ്മയും പരസ്പരം മുഖത്തേക്ക് നോക്കി.
വിദ്യ ചെറിയൊരു ചിരിയോടെ പറഞ്ഞു.
“എന്ത് പറഞ്ഞാലും അവളുടെ ഒരു ഇച്ചായന്റെ ഇഷ്ട്ടം.. ഇക്കണക്കിന് ഇവൾ അമ്മയെ ഇവിടത്തെ അടുക്കളയിൽ നിന്നും പുറത്താക്കുന്ന ലക്ഷണം കാണുന്നുണ്ട്.”
അത് കേട്ടു ചെറുതായൊന്നു പരുങ്ങികൊണ്ടു ജീന പറഞ്ഞു.
“അത്… അമ്മെ.. ഞാൻ…”
അവളുടെ പരുങ്ങൽ കണ്ട് ‘അമ്മ പറഞ്ഞു.
“അവൾക്ക് വട്ടാണ് മോളെ.. അവന്റെ ഇഷ്ട്ടങ്ങൾ അറിയാവുന്നത് കൊണ്ടല്ലേ മോളങ്ങനെ പറയുന്നേ.. ഇവിടന്നു പോകുന്നവരെ അവന്റെ ഇഷ്ടത്തിന് മോള് തന്നെ എല്ലാം വച്ചോ.”
അത് കേട്ടപ്പോഴാണ് ജീനക്ക് ആശ്വാസം ആയത്.
ഗ്ലാസിൽ ഒഴിച്ച കട്ടൻ വിദ്യയുടെ കൈയിൽ കൊടുത്ത് മറ്റൊരു ഗ്ലാസിൽ ചായയുമായി ജീന അടുക്കളയിൽ നിന്നും ശ്രീഹരിയുടെ റൂമിലേക്ക് നടന്നപ്പോൾ ‘അമ്മ അവളെ തന്നെ നോക്കുകയായിരുന്നു.
ശ്രീഹരിയുടെ ഇഷ്ടനുഷ്ടങ്ങൾ ഇതുപോലെ മനസിലാക്കി പ്രവർത്തിക്കുന്ന മറ്റൊരു പെണ്ണിനെ അവനായി ഇനി കണ്ടെത്താൻ പറ്റുമോ എന്നായിരുന്നു അമ്മയുടെ മനസ്സിൽ കൂടി അപ്പോൾ കടന്നു പോയ ചിന്ത.
